തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന് പ്രതിരോധം തീർത്ത് സി.പി.എം. അന്വേഷണ ഏജൻസി ചോദ്യം ചെയ്തു എന്നതുകൊണ്ടു മാത്രം മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നാണ് പാർടിയുടെ കേന്ദ്ര കമ്മറ്റി നേതാക്കൾ നൽകുന്ന സൂചന. കേന്ദ്ര അന്വേഷണ ഏജൻസിക്ക് ആരെയും ചോദ്യം ചെയ്യാമെന്നും ചോദ്യം ചെയ്യൽ നിയമ വ്യവസ്ഥയുടെ ഭാഗമാണെന്നുമാണ് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ പ്രതികരിച്ചത്. ജലീൽ വിഷയം നാളെ ചേരുന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്.
മന്ത്രിയെ ചോദ്യം ചെയ്ത വാർത്ത പുറത്തു വന്നതോടെ സി.പി.എം സംസ്ഥാന ഘടകം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിക്കെതിരായി നടക്കുന്ന ചോദ്യം ചെയ്യലിൽ പ്രതിരോധത്തിലായി നിൽക്കുന്ന സമയത്തു തന്നെയാണ് സ്വർണ കളളക്കടത്തിൽ മന്ത്രി ജലീൽ സംശയത്തിൻ്റെ മുനയിൽ നിർത്തപ്പെടുന്നതും.
യു.ഡി.എഫും ബി.ജെ.പിയും ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് സി പി എം ഏതു രീതിയിൽ പ്രതിരോധിക്കും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
അതേ സമയം ”സത്യം ജയിക്കും ,സത്യമേ ജയിക്കൂ ,ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്നും സംഭവിക്കില്ല” എന്ന് മന്ത്രി ജലീൽ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.