കൊച്ചി : നവകേരള സദസ്സിലെ വിവാദ രക്ഷാ പ്രവര്‍ത്തന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം കോടതി 21.12.2024 ന് പരിഗണിക്കും. എന്നാല്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രേരണക്കുറ്റം ചുമത്താന്‍ ആവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ആണ് പൊലീസിന്റെ റിപ്പോര്‍ട്ട്. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കണോ എന്നതില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കും. കേസ് നിലനില്‍ക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി.
നവകേരള ബസ് കടന്നുപോയ കല്യാശേരിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.നവകേരള സദസ്സിലെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തുടര്‍ന്നുള്ള കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതാണെന്നായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായത്തിലെ ആക്ഷേപം