ന്യൂഡൽഹ / 2026 / ഒക്ടോബർ 19
കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികളെ ജോലിസമയത്ത് പരിചരിക്കാൻ ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ മൂന്നിൽ ശിശുപരിപാലന കേന്ദ്രം തുറന്നു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇന്ന് കേന്ദ്രത്തിന്റെയും രക്തദാന ക്യാമ്പിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക ശുചിത്വ പ്രചാരണത്തിന്റെ ആറാം ഘട്ടത്തിന്റെ ഭാഗമായി, കാര്യമായി ഉപയോഗിക്കാതിരുന്ന രണ്ടായിരത്തിലധികം ചതുരശ്ര അടി ഓഫീസ് സ്ഥലമാണ് ഇതിനായി മാറ്റിയത്. 30 മുതൽ 35 വരെ കുട്ടികളെ പരിചരിക്കാവുന്ന കേന്ദ്രത്തിൽ ഇതിനകം 27 കുട്ടികളെ ചേർത്തിട്ടുണ്ട്. രക്തദാനത്തിനായി നൂറിലധികം പേർ പേരുനൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ സജീവ പങ്കാളിത്തവും പരിപാടിയിലുണ്ടായി.
ഓഫീസ് സൗകര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ ക്ഷേമവും
സർക്കാർ ഓഫീസ് സ്ഥലങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനൊപ്പം ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കുന്ന വിശാലമായ സമീപനമാണ് പ്രത്യേക ശുചിത്വ പ്രചാരണത്തിന്റെ ആറാം ഘട്ടത്തിൽ സ്വീകരിക്കുന്നതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ജീവനക്കാർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതും ഇതിന്റെ ഭാഗമാണ്. ശാസ്ത്ര സാങ്കേതികവിദ്യ, ഭൗമശാസ്ത്ര വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്സണൽ, പൊതുപരാതി, പെൻഷൻ, ആണവോർജം, ബഹിരാകാശം എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതലയും വഹിക്കുന്നു.

2014 മെയ് 26 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടരുന്ന പരിഷ്കാരങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും മാത്രം ഭരണപരിഷ്കാരങ്ങൾ ഒതുങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ പ്രായോഗിക ആവശ്യങ്ങളും പരിഗണിക്കണം. പ്രത്യേകിച്ച് ജോലിക്കാരായ മാതാപിതാക്കൾക്ക് കൂടുതൽ ശ്രദ്ധയോടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നത് ഭരണത്തിന്റെ കാര്യക്ഷമതയും പൊതുസേവനങ്ങളുടെ നിലവാരവും മെച്ചപ്പെടുത്തും.
കുട്ടികളുടെ പരിചരണം ഉറപ്പാക്കി ജോലിയിൽ കൂടുതൽ ശ്രദ്ധ
പരിഷ്കാരയാത്രയെ ‘റിഫോം എക്സ്പ്രസ്’ എന്നാണ് ജിതേന്ദ്ര സിങ് വിശേഷിപ്പിച്ചത്. ഔദ്യോഗിക ചുമതലകളിൽ പൂർണമായി ശ്രദ്ധിക്കാൻ കഴിയുന്ന വിധത്തിൽ സർക്കാർ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾക്കും പരിഗണന നൽകണം. ജിം, ഭക്ഷണം ഒരുക്കാനുള്ള ഇടങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയ സൗകര്യങ്ങൾ ജീവനക്കാർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ശ്രമത്തിന്റെ ഭാഗമാണ്. ജോലിക്കാരായ മാതാപിതാക്കളുടെ ശിശുപരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ പുതിയ കേന്ദ്രം ഈ സമീപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നു.

തൊഴിൽ ഉത്തരവാദിത്വങ്ങൾക്കൊപ്പം കുട്ടികളുടെ പരിചരണം, പോഷണം, ക്ഷേമം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും കൈകാര്യം ചെയ്യുന്ന അമ്മമാർക്ക് ഇത്തരം വിശ്വസനീയമായ സൗകര്യങ്ങൾ ഏറെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പരിചരണവും ശ്രദ്ധയും ലഭിക്കുന്നതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നുവെന്ന് കേന്ദ്രത്തിൽ കുട്ടികളെ ചേർത്ത ജീവനക്കാർ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ ആവശ്യങ്ങളും പരിഗണിക്കുന്നതാണ് ഈ സംരംഭങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാനും പഠിക്കാനും വിശ്രമിക്കാനും സൗകര്യം
വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് ശിശുപരിപാലന കേന്ദ്രം ഒരുക്കിയത്. രണ്ടായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കേന്ദ്രത്തിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് കുട്ടികളെ ചേർക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കുട്ടികൾക്ക് അനുയോജ്യമായ ശുചിമുറികൾ, കളിപ്പാട്ടങ്ങളും പഠനസാമഗ്രികളുമുള്ള പ്രത്യേക കളിസ്ഥലം, ദൃശ്യശ്രാവ്യ ഉപകരണങ്ങൾ, ശുദ്ധമായ കുടിവെള്ളം എന്നിവ കേന്ദ്രത്തിലുണ്ട്. ഉറങ്ങാനുള്ള സ്ഥലം, പരിചരണത്തിനും ഭക്ഷണം നൽകുന്നതിനുമുള്ള മുറി, അടുക്കള അല്ലെങ്കിൽ ലഘുഭക്ഷണം ഒരുക്കാനുള്ള ഇടം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ, മൃദുവായ കുഷ്യൻ ആവരണമുള്ള തറയും ചുവരുകളും, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവയുമുണ്ട്.
നടത്തിപ്പ് ഗൃഹ കല്യാൺ കേന്ദ്രത്തിന്
പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന് കീഴിലുള്ള ഗൃഹ കല്യാൺ കേന്ദ്രമാണ് ശിശുപരിപാലന കേന്ദ്രം നടത്തുക. കേന്ദ്ര സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി ക്ഷേമപ്രവർത്തനങ്ങൾ നടത്തിയ പരിചയമുള്ള സൊസൈറ്റിയാണിത്. ഡൽഹിയിൽ മറ്റ് ആറോളം ശിശുപരിപാലന കേന്ദ്രങ്ങളും ഇവർ നടത്തുന്നുണ്ട്. അധ്യാപകർക്കും പരിചാരകർക്കും പരിശീലനവും പിന്തുണയും നൽകി ശിശുപരിപാലനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സന്നദ്ധസംഘടനയായ മൊബൈൽ ക്രെഷസുമായും സഹകരിക്കുന്നുണ്ട്.
രക്തദാന ക്യാമ്പും ശിശുപരിപാലന കേന്ദ്രവും പൊതുസേവനത്തിന്റെയും സമൂഹത്തിനായുള്ള സന്നദ്ധ സംഭാവനയുടെയും ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള സ്ഥാപനപരമായ പിന്തുണയുടെയും ഭാഗമാണെന്ന് പരിപാടിയിൽ വിശദീകരിച്ചു. സാമൂഹിക ഉത്തരവാദിത്വവും ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും ഒരുമിപ്പിക്കുന്ന ‘സേവാ സങ്കൽപ്’ ആശയമാണ് ഇവ പ്രതിഫലിപ്പിക്കുന്നത്.
വകുപ്പിന്റെ ഉപയോഗത്തിനും ഇനി വൈദ്യുത വാഹനങ്ങൾ
ആധുനികവും കാര്യക്ഷമവും ജനകേന്ദ്രിതവുമായ ഭരണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് കർത്തവ്യ ഭവൻ പ്രതിനിധീകരിക്കുന്നതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങളോടുള്ള കരുതലും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവും അന്തസ്സും സംവേദനക്ഷമതയും അവിടത്തെ തൊഴിൽ അന്തരീക്ഷത്തിലും പ്രതിഫലിക്കണം. ശിശുപരിപാലന കേന്ദ്രം ഒരുക്കിയ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ്, ഗൃഹ കല്യാൺ കേന്ദ്രം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
ശുചിത്വ പ്രവർത്തനങ്ങളുടെയും പ്രത്യേക പ്രചാരണത്തിന്റെ ആറാം ഘട്ടത്തിന്റെയും ലക്ഷ്യങ്ങളുമായി ചേർന്ന് വകുപ്പിന്റെ ഉപയോഗത്തിന് വൈദ്യുത വാഹനങ്ങളും സ്വീകരിച്ചു. ഉപയോഗയോഗ്യമല്ലെന്ന് വിലയിരുത്തി ഒഴിവാക്കിയ 18 ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരമാണ് വൈദ്യുത വാഹനങ്ങൾ കൊണ്ടുവന്നത്. കൂടുതൽ ശുചിത്വമുള്ളതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സർക്കാർ പ്രവർത്തനങ്ങൾക്ക് ഇത് സഹായിക്കും. പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി രചന ഷായും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

.