ന്യൂഡൽഹി, 2026 ഒക്ടോബർ 15 –
ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ പൊലീസ് മതാചാരങ്ങൾ ലംഘിച്ച് പ്രവേശിച്ചെന്ന ആരോപണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായി. ഒക്ടോബർ പത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. പൊലീസ് നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തിയപ്പോൾ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി ആരോപണങ്ങൾ തള്ളി. ബിജെപിയും ശിരോമണി അകാലിദളും വിഷയത്തിൽ ഇടപെട്ടതോടെ വിവാദം കൂടുതൽ രൂക്ഷമായി.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധമാണ് സംഭവങ്ങൾക്ക് തുടക്കമായത്. ജന്തർ മന്തറിലേക്ക് പ്രവേശനം നിഷേധിച്ചതോടെ നൂറുകണക്കിന് പ്രതിഷേധക്കാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപമുള്ള ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ അഭയം തേടി. ഇവരെ പിന്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലും ചെരിപ്പ് ധരിച്ചും തല മറയ്ക്കാതെയും ഗുരുദ്വാരയിൽ പ്രവേശിച്ചെന്നാണ് ആരോപണം. എന്നാൽ ഗുരുദ്വാരയിലെ പ്രധാന പ്രാർത്ഥനാഹാളിലേക്ക് പൊലീസ് പ്രവേശിച്ചിട്ടില്ലെന്നും പൊതുവഴിയിലൂടെ മാത്രമാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
സംഭവം സിഖ് മതാചാരങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു. അതേസമയം, മതപരമായ സ്ഥലത്തെ രാഷ്ട്രീയ പ്രതിഷേധത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചെന്നാണ് ഗുരുദ്വാര ഭരണസമിതിയുടെ ആരോപണം. 2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും തമ്മിൽ സഖ്യസാധ്യതകൾ ചർച്ചയാകുന്നതിനിടെയാണ് ഈ വിവാദം രാഷ്ട്രീയ പ്രാധാന്യം നേടുന്നത്.
അമിത് ഷായെ അകാൽ തഖ്തിലേക്ക് വിളിച്ചുവരുത്തണമെന്ന് ആം ആദ്മി പാർട്ടി
പഞ്ചാബിൽനിന്നുള്ള ആം ആദ്മി പാർട്ടി എംഎൽഎമാരുടെ സംഘം സിഖ് മതവിശ്വാസികളുടെ പരമോന്നത മതാധികാര സ്ഥാപനമായ അകാൽ തഖ്തിനെ സമീപിച്ചു.
അകാൽ തഖ്ത് ജതേദാർ ഗ്യാനി കുൽദീപ് സിങ് ഗർഗജിന് സംഘം പരാതി നൽകി. ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലായതിനാൽ സംഭവത്തിന്റെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നാണ് ആം ആദ്മി പാർട്ടിയുടെ നിലപാട്.
അമിത് ഷായെ അകാൽ തഖ്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് ആവശ്യം.
എംഎൽഎമാരായ ബൽജീന്ദർ കൗർ, കരംബീർ സിങ് ഘുമാൻ, ജസ്വീർ സിങ് രാജ, ഇന്ദർബീർ സിങ് നിജ്ജർ, ഹർമീത് സിങ് സന്ധു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വേദനാജനകമായ ഓർമ്മകൾ സംഭവം വീണ്ടും ഉയർത്തിയെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.
ഗുരുദ്വാരയിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് അകാൽ തഖ്ത്
വിവാദത്തിൽ അകാൽ തഖ്തും നിലപാട് വ്യക്തമാക്കി. ഗുരുദ്വാരകളിൽ മതപരമായ പെരുമാറ്റച്ചട്ടമായ മര്യാദ കർശനമായി പാലിക്കണമെന്ന് അകാൽ തഖ്ത് വക്താവ് ജസ്കരൺ സിങ് അറിയിച്ചു.
സിഖ് മതതത്ത്വങ്ങൾക്ക് അനുസൃതമല്ലാത്ത രാഷ്ട്രീയ പ്രകടനങ്ങൾ ഗുരുദ്വാരകളിൽ അനുവദിക്കാനാവില്ല. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളും ആരാധനാലയത്തിനുള്ളിൽ കൊണ്ടുവരരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് മതാചാരങ്ങൾ ലംഘിച്ച് അകത്ത് പ്രവേശിച്ചിട്ടുണ്ടെങ്കിൽ അത് തടയേണ്ട ഉത്തരവാദിത്തം ഗുരുദ്വാര ഭരണസമിതിക്കാണെന്നും അകാൽ തഖ്ത് ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും അറിയിച്ചു.
ആം ആദ്മി പാർട്ടിക്കെതിരെ പൊലീസിൽ പരാതി
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി സംഭവത്തിൽ പൊലീസിന് പരാതി നൽകി.
ഗുരുദ്വാരയ്ക്കുള്ളിൽ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ആം ആദ്മി പാർട്ടി നേതാക്കൾ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിങ് കൽക്ക ആരോപിച്ചു.
മതവികാരം ഇളക്കിവിടാനും ഗുരുദ്വാരയെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുദ്വാരയിൽ എത്തുന്ന എല്ലാവർക്കും പ്രാർത്ഥിക്കാനും സൗജന്യഭക്ഷണം കഴിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടെന്ന് ബംഗ്ലാ സാഹിബ് ചെയർമാൻ ഭൂപീന്ദർ സിങ് ഭുള്ളർ വ്യക്തമാക്കി.
ആവശ്യമുള്ളവർക്ക് താമസസൗകര്യവും ചികിത്സാസഹായവും നൽകാൻ തയ്യാറാണ്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രതിഷേധം ഗുരുദ്വാരയ്ക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആരോപണങ്ങൾ നിഷേധിച്ചു
ഗുരുദ്വാരയിൽ പൊലീസ് മതാചാരങ്ങൾ ലംഘിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത് വിശ്വാസികൾ ചെരിപ്പ് അഴിച്ചുവയ്ക്കുന്ന സ്ഥലത്തേക്ക് പോകാൻ ഉപയോഗിക്കുന്ന പൊതുവഴിയിലൂടെ ഉദ്യോഗസ്ഥർ നടക്കുന്നതാണെന്നാണ് വിശദീകരണം.
തെറ്റായ ഉദ്ദേശ്യത്തോടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, ഉദ്യോഗസ്ഥർ യൂണിഫോമിൽ ഗുരുദ്വാരയിൽ പ്രവേശിക്കാൻ പാടില്ലായിരുന്നുവെന്ന് ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിങ് കൽക്ക സമ്മതിച്ചു. എന്നാൽ പൊലീസ് പ്രധാന പ്രാർത്ഥനാഹാളിൽ പ്രവേശിച്ചിട്ടില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടിക്കെതിരെ സിജെപിയും
കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ സൗരവ് ദാസും പൊലീസ് നടപടിയെ വിമർശിച്ചു.
ഒക്ടോബർ 11ന് സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ ചെരിപ്പ് ധരിച്ചും തല മറയ്ക്കാതെയും ആയുധങ്ങളുമായും മതപരമായ സ്ഥലത്ത് പ്രവേശിച്ചെന്നാണ് ആരോപണം.
പ്രതിഷേധക്കാരെ പുറത്താക്കാൻ പൊലീസ് ഗുരുദ്വാര ഭരണസമിതിക്കുമേൽ സമ്മർദം ചെലുത്തിയെന്നും സൗരവ് ദാസ് ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് അംഗീകരിച്ചിട്ടില്ല.
ബിജെപിയും ശിരോമണി അകാലിദളും തമ്മിലും തർക്കം
സംഭവം ബിജെപിയും ശിരോമണി അകാലിദളും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിനും കാരണമായി.
ശിരോമണി അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ പൊലീസ് നടപടിയെ ആദ്യം വിമർശിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
എന്നാൽ പിന്നീട് ഈ സമൂഹമാധ്യമ പോസ്റ്റ് നീക്കം ചെയ്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു.
ഗുരുദ്വാരയ്ക്കുള്ളിൽ രാഷ്ട്രീയ പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും നടത്തുന്നത് ശരിയാണോയെന്ന് ബിജെപി എംപി വിക്രംജിത് സിങ് ചോദിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗുരുദ്വാരകളിൽ പ്രവേശിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട മതപരമായ ചട്ടങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് ഡൽഹി ശിരോമണി അകാലിദൾ അധ്യക്ഷൻ പരംജിത് സിങ് സർന ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ ഗുരുദ്വാരയിൽനിന്ന് ബലമായി പുറത്താക്കാൻ പാടില്ലായിരുന്നുവെന്നും പൊലീസ് അവരെ പിന്തുടർന്നതിന്റെ വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രാധാന്യം
2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും തമ്മിൽ സഖ്യചർച്ചകൾ നടക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ ബംഗ്ലാ സാഹിബ് വിവാദത്തിൽ വിവിധ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾക്കും രാഷ്ട്രീയ പ്രാധാന്യമുണ്ട്.
പൊലീസ് മതാചാരങ്ങൾ ലംഘിച്ചോയെന്ന ചോദ്യത്തിനൊപ്പം ആരാധനാലയങ്ങൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് ഉപയോഗിക്കാമോയെന്ന വിഷയവും ചർച്ചയാകുന്നു.
അകാൽ തഖ്തിന് ലഭിച്ച പരാതികളുടെ പരിശോധനയും പൊലീസിന്റെ തുടർനടപടികളുമാണ് ഇനി നിർണായകം.