കാസർകോഡ് ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി 17 പരാതികള്‍ പരിഹരിച്ചു

കാസർകോഡ് : സമൂഹത്തിലെ താഴെത്തട്ടിലുള്ളവന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം സര്‍ക്കാര്‍ ജീവനക്കാരെന്ന്  ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.കളക്ടറേറ്റില്‍ നടത്തിയ ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് എട്ടാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്താണ്.അദാലത്തിലേക്ക്  ലഭിച്ച 21 പരാതികള്‍ 17 പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ചു.അവശേഷിക്കുന്ന നാല് പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

കാഞ്ഞിരപ്പൊയിലിലെ  പി ആര്‍ ബാലകൃഷ്ണന്‍ പട്ടയസ്‌കെച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍,ബാലകൃഷ്ണനോട് ഫീല്‍ഡ് മെഷ്വര്‍മെന്റ് ബുക്കോ ,പോസഷന്‍ സ്‌കെച്ചോ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഇത് അനുവദിച്ചുതരുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.

കാഞ്ഞങ്ങാട്  നഗരസഭയില്‍ താമസിക്കുന്ന പി  സാവിത്രിയുടെ  ഫാം മടിക്കൈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതി്‌നാല്‍,ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് നിഷേധിക്കപ്പെട്ടുവെന്ന പരാതിയില്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ത്രിതല പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയില്‍ തെരഞ്ഞടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ താമസക്കാരായിരിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ഉദ്യോഗസ്ഥന്‍  യോഗത്തില്‍ അറിയിച്ചു.ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സെപ്തംബര്‍ ഒന്‍പതിന്  രാവിലെ പത്തിനകം സമര്‍പ്പിക്കാന്‍   കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി.

  എരിക്കുളത്തെ ഇ വി നാരായണന്‍,കെട്ടിടത്തൊഴിലാളി പെന്‍ഷനൊപ്പം വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൂടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നതിന ്  പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ നിര്‍ദേശിച്ചു.അര്‍ഹത പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍  അറിയിച്ചു

2010 ല്‍  പതിച്ചു കിട്ടിയ ഭൂമി നാളിതുവരെ അളന്നു നല്‍കിയിട്ടില്ല എന്ന  ബല്ലയിലെ എം മധുസൂദനന്‍ നായരുടെ പരാതിയില്‍,സെപ്തംബര്‍ 11  ന് വൈകുന്നേരം  അഞ്ചിനകം ഭൂമി അളന്ന് തിരിച്ച് സ്‌കെച്ച് നല്‍കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കളക്ടര്‍ നിര്‍ദേശം നല്‍കി

എട്ട് വര്‍ഷമായി സുനാമി കോളനിയില്‍ താമസിക്കുന്ന ഒഴിഞ്ഞവളപ്പിലെ പി ബാലകൃഷ്ണന് കോളനിയില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയില്‍,കോളനി രേഖാമൂലം ആര്‍ക്കും അനുവദിച്ചിട്ടില്ലെന്ന് കാഞ്ഞങ്ങാട് നഗരസഭാധികൃതര്‍ അദാലത്തില്‍ അറിയിച്ചു.നിയമപരമായി കോളനിയില്‍ ഫ്‌ളാറ്റ് അനുവദിച്ചു കിട്ടിയവര്‍ പരാതി തന്നാല്‍ മാത്രമേ ഈ വിഷയം പരിഗണിക്കാനാവൂയെന്ന് കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എഡിഎം എന്‍ ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ  രവികുമാര്‍,സജി എഫ് മെന്‍ഡിസ്,ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →