ന്യൂഡൽഹി: ഇന്ത്യൻ മുസ്ലിമുകളും ബർമയിലെ റോഹിങ്ക്യ മുസ്ലിമുകളും പീഡനങ്ങൾ നേരിടുമ്പോൾ ശക്തമായി അപലപിക്കുന്നു പാകിസ്ഥാനും തുർക്കിയും അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ എന്തുകൊണ്ട് ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ കൊടിയ പീഡനം നേരിടുന്ന ഉയ്ഗുർ മുസ്ലിംകൾക്ക് വേണ്ടി ശബ്ദമുയർത്തുനില്ല എന്ന ചോദ്യവുമായി ഉയ്ഗുർ വംശജയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്ന അമേരിക്കയിലെ അഭിഭാഷകനുമായ റുസ്ഹാൻ അബ്ബാസ് .
ചൈനീസ് ജനസംഖ്യയുടെ 2.5 ശതമാനം വരുന്ന ഉയ്ഗുർ മുസ്ലീമുകളിൽ മുപ്പതു ലക്ഷത്തിൽപരം ആളുകൾ തടങ്കലിലാണ് എന്നും അന്തർദേശീയ ഇസ്ലാമിക സമൂഹം ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകൾ മോശമാകുമോ എന്ന് ഭയന്ന് ഈ വിഷയത്തിൽ മൗനം ഭജിക്കുകയാണെന്നും റുസ്ഹാൻ അബ്ബാസ് തന്റെ വീഡിയോയിൽ പറയുന്നു.
ഉയ്ഗുർ മുസ്ലീമുകൾക്ക് തങ്ങളുടെ മതാചാരങ്ങൾ നടത്താൻ സാധിക്കുന്നില്ല, അവരുടെ ആന്തരിക അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റപ്പെടുന്നു, ചൈനീസ് പട്ടാളം കുട്ടികളെ ബലമായി വീടുകളിൽ നിന്ന് കൊണ്ടുപോകുന്നു , സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു എന്നും റുസ്ഹാൻ പറയുന്നു.
ഇസ്ലാമിക രാജ്യങ്ങളുടെ അന്തർദേശീയ സംഘടനയായ (ഒ. ഐ. സി ) അടിയന്തരമായ ഈ വിഷയത്തിൽ ഇടപെടണമെന്നും അവർ അഭ്യർത്ഥിക്കുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇസ്ലാമിക രാജ്യങ്ങളെ വെറും പാവകൾ ആക്കുകയാണ് എന്നും ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്ന് ലഭ്യമാകുന്ന ഇടക്കാല സാമ്പത്തിക ലാഭത്തിനായി ഗൾഫ് രാജ്യങ്ങളും ഈ പീഡനങ്ങളോട് പ്രതികരിക്കുന്നില്ല എന്നും വീഡിയോയിൽ പറയുന്നു.