ന്യൂഡൽഹി / 2026 / സെപ്റ്റംബർ 09
ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നടപ്പാക്കിയ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ സംവിധാനം വഴി 5,000 കോടിയിലേറെ രൂപയുടെ സംശയാസ്പദ സൈബർ തട്ടിപ്പ് ഇടപാടുകൾ തടഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2025 മെയ് 22ന് ആരംഭിച്ച സംവിധാനം 15 മാസത്തിനുള്ളിലാണ് ഈ നേട്ടത്തിലെത്തിയത്. പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട ശേഷം കണ്ടെത്തുകയോ മരവിപ്പിക്കുകയോ തിരികെ പിടിക്കുകയോ ചെയ്യുന്നതിന് പകരം, ഇടപാട് നടക്കുന്നതിന് മുമ്പേ അപകടസാധ്യത തിരിച്ചറിഞ്ഞ് തടയുകയാണ് സംവിധാനം ചെയ്യുന്നത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പണമിടപാട് സേവനങ്ങൾ, ഇൻഷുറൻസ്, ഓഹരി വിപണി സ്ഥാപനങ്ങൾ, പെൻഷൻ മേഖല, ടെലികോം കമ്പനികൾ, നിയമനിർവഹണ ഏജൻസികൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്.
പണം അക്കൗണ്ടിൽ തന്നെ സുരക്ഷിതമായി
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ പ്രവർത്തനം ആരംഭിച്ച ആദ്യ ആറുമാസത്തിൽ 660 കോടി രൂപയുടെ നഷ്ടമാണ് തടഞ്ഞത്. 2025 ഓഗസ്റ്റിൽ തടഞ്ഞതായി കണക്കാക്കിയ തുക 139.16 കോടി രൂപയായിരുന്നു. 2026 ഓഗസ്റ്റോടെ ഇത് 5,043.73 കോടി രൂപയായി ഉയർന്നു. 2026 ഏപ്രിൽ മുതൽ നാലുമാസത്തിനിടെ മാത്രം 2,000 കോടിയിലേറെ രൂപയുടെ സംശയാസ്പദ തട്ടിപ്പ് ഇടപാടുകൾ തടഞ്ഞു.
വ്യാജ കെവൈസി ഫോൺ വിളിയിലൂടെ ജീവിതസമ്പാദ്യം നഷ്ടപ്പെടാനിരുന്ന പെൻഷൻകാരൻ, വ്യാജ വിതരണക്കാരന് പണം അയയ്ക്കാൻ ശ്രമിച്ച ചെറിയ വ്യാപാരി, മുന്നറിയിപ്പ് കണ്ടതോടെ ഇടപാട് നിർത്തിയ ആദ്യകാല ഡിജിറ്റൽ ഉപയോക്താവ് തുടങ്ങി ലക്ഷക്കണക്കിന് ആളുകൾക്ക് ഇത്തരം ഇടപെടൽ സഹായമായിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. തട്ടിപ്പ് നടന്നതിന് ശേഷമുള്ള പരാതിയും അന്വേഷണവും ഒഴിവാക്കി നഷ്ടം സംഭവിക്കുന്നതിന് മുമ്പ് തന്നെ പണം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
മൊബൈൽ നമ്പറിന്റെ അപകടസാധ്യത നിമിഷങ്ങൾക്കകം കണ്ടെത്തും
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിന്റെ കീഴിലാണ് ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ വികസിപ്പിച്ചത്. ഒരു മൊബൈൽ നമ്പർ സാമ്പത്തിക തട്ടിപ്പിലോ സൈബർ കുറ്റകൃത്യത്തിലോ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത തത്സമയം പരിശോധിക്കുകയാണ് ഇതിന്റെ പ്രധാന ജോലി. നമ്പറുകളെ മിതമായ അപകടസാധ്യത, ഉയർന്ന അപകടസാധ്യത, വളരെ ഉയർന്ന അപകടസാധ്യത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാക്കുന്നു.
സഞ്ചാർ സാഥി പ്ലാറ്റ്ഫോമിലെ പൗരന്മാരുടെ പരാതികൾ, ഇന്ത്യൻ സൈബർക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലിലെ വിവരങ്ങൾ, ടെലികോം കമ്പനികൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പങ്കുവയ്ക്കുന്ന വിവരങ്ങൾ, മറ്റ് ടെലികോം ഘടകങ്ങൾ എന്നിവ ചേർത്താണ് അപകടനില നിശ്ചയിക്കുന്നത്. ഈ വിവരങ്ങൾ സുരക്ഷിതമായി ബാങ്കുകൾക്കും പണമിടപാട് സേവനദാതാക്കൾക്കും ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും ഓഹരി വിപണി ഇടനിലക്കാർക്കും പെൻഷൻ സ്ഥാപനങ്ങൾക്കും നൽകുന്നു.
ഉപഭോക്താവിനെ ചേർക്കുന്ന ഘട്ടത്തിലും ഇടപാടുകൾ നിരീക്ഷിക്കുമ്പോഴും തട്ടിപ്പ് കണ്ടെത്തുന്ന സംവിധാനങ്ങളിലും ഈ വിവരങ്ങൾ ഉപയോഗിക്കാം. അതിലൂടെ നഷ്ടം സംഭവിച്ച ശേഷം നടപടി സ്വീകരിക്കുന്ന രീതിയിൽ നിന്ന് മുൻകൂട്ടി തട്ടിപ്പ് തടയുന്ന രീതിയിലേക്ക് ധനകാര്യ സ്ഥാപനങ്ങൾ മാറുന്നുവെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
ഒരു പരിശോധന ഒഴിവാക്കുന്നത് വലിയ അന്വേഷണച്ചെലവ്
സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ അത് പല ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളുടെ ശൃംഖലയിലൂടെ മിനിറ്റുകൾക്കുള്ളിൽ മാറ്റപ്പെടാം. പിന്നീട് പണം കണ്ടെത്തുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യുന്നത് സമയത്തോടുള്ള മത്സരമായി മാറും. പരാതി നൽകൽ, കേസ് രജിസ്റ്റർ ചെയ്യൽ, അന്വേഷണം, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, രേഖകൾ തേടൽ, ടെലികോം വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ നീണ്ട നടപടികളും ആവശ്യമാകും.
എന്നാൽ എഫ്ആർഐ പരിശോധന പണമിടപാട് ആരംഭിക്കുന്ന നിമിഷത്തിൽ തന്നെ ഒരു സെക്കൻഡിന്റെ ചെറിയ ഭാഗത്തിനുള്ളിൽ പൂർത്തിയാകും. പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ തമ്മിലുള്ള ഒരു പരിശോധനയിലൂടെ നിരവധി സ്ഥാപനങ്ങൾ കൈകാര്യം ചെയ്യേണ്ടിരുന്ന നടപടികൾ ഒഴിവാക്കാം. 5,000 കോടി രൂപ എന്ന കണക്കിൽ ജനങ്ങളുടെ കൈവശം നിലനിന്ന പണം മാത്രമാണ് ഉൾപ്പെടുന്നത്. രജിസ്റ്റർ ചെയ്യേണ്ടിവരാതിരുന്ന പരാതികൾ, എഫ്ഐആറുകൾ, അന്വേഷണസമയം, മരവിപ്പിക്കൽ നോട്ടീസുകൾ, ടെലികോം രേഖകൾ ആവശ്യപ്പെടുന്ന നടപടികൾ, ബാങ്ക് ശാഖകളിലേക്കുള്ള യാത്രകൾ, തട്ടിപ്പുമൂലമുള്ള മാനസിക സമ്മർദം എന്നിവ ഇതിൽ കണക്കാക്കിയിട്ടില്ല.
ബാങ്കിംഗ് മേഖലയ്ക്ക് പുറത്തേക്കും സുരക്ഷ വ്യാപിപ്പിക്കുന്നു
സാമ്പത്തിക തട്ടിപ്പ് ഒരൊറ്റ മേഖലയിലൊതുങ്ങുന്നില്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ടെലികോം സേവനത്തിന്റെ ദുരുപയോഗത്തിൽ തുടങ്ങി ഡിജിറ്റൽ പണമിടപാട് വഴി ബാങ്ക്, ഓഹരി, ഇൻഷുറൻസ് അല്ലെങ്കിൽ പെൻഷൻ അക്കൗണ്ടിൽ എത്തുന്ന തട്ടിപ്പുകൾ ഉണ്ടാകാം. അതിനാലാണ് വിവിധ സർക്കാർ ഏജൻസികളെയും സ്വകാര്യ മേഖലയെയും കൂട്ടിച്ചേർത്തുള്ള ഏകോപിത സമീപനം സ്വീകരിക്കുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് സംവിധാനം വ്യാപിപ്പിക്കുന്നത്. ബാങ്കുകളും യുപിഐ സേവനദാതാക്കളും ഉയർന്നതോ വളരെ ഉയർന്നതോ ആയ അപകടസാധ്യതയുള്ള മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ തത്സമയം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്യുന്നു.
ഓഹരി വിപണിയിലെ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകൾ സംബന്ധിച്ച തട്ടിപ്പുകൾ തടയാൻ ഇടനില സ്ഥാപനങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നു. ഇൻഷുറൻസ് പോളിസി നൽകുമ്പോഴും ക്ലെയിം പരിശോധിക്കുമ്പോഴും കൂടുതൽ തട്ടിപ്പ് പരിശോധനകൾ നടത്താനാണ് പദ്ധതി. പെൻഷൻ അക്കൗണ്ടുകളിലേക്കുള്ള അനധികൃത പ്രവേശനവും പണമിടപാടുകളും തടയാനും സംവിധാനം ഉപയോഗിക്കും.
1,600 സ്ഥാപനങ്ങൾ ഒരേ ഡിജിറ്റൽ ശൃംഖലയിൽ
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ 1,500 ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി 25ലധികം പരിശീലന പരിപാടികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നടത്തി. അപകടസൂചനകൾ തിരിച്ചറിയുന്നത്, ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുമായി സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നത്, മുന്നറിയിപ്പ് ലഭിച്ചാൽ വേഗത്തിൽ തീരുമാനമെടുക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകിയത്.
2024ൽ ആരംഭിച്ച ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിൽ 1,600ലധികം സ്ഥാപനങ്ങളുണ്ട്. ടെലികോം സേവനദാതാക്കൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, നിയമനിർവഹണ ഏജൻസികൾ, സർക്കാർ വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൊബൈൽ നമ്പർ റിവോക്കേഷൻ ലിസ്റ്റ്, സംശയാസ്പദ തട്ടിപ്പ് മൊബൈൽ നമ്പറുകൾ, മറ്റ് ഡിജിറ്റൽ തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ഇതിലൂടെ പങ്കുവയ്ക്കുന്നു.
സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം, പുനഃപരിശോധന പരാജയം, ടെലികോം കമ്പനികളുടെ ആഭ്യന്തര പരിശോധന, അനുവദനീയ പരിധിയിൽ കൂടുതലുള്ള കണക്ഷനുകൾ തുടങ്ങിയ കാരണങ്ങളാൽ വിച്ഛേദിച്ച മൊബൈൽ നമ്പറുകൾ മൊബൈൽ നമ്പർ റിവോക്കേഷൻ ലിസ്റ്റിലൂടെ സ്ഥാപനങ്ങളുമായി പങ്കിടുന്നു. ഇതിലൂടെ ബാങ്കുകൾക്ക് തട്ടിപ്പ് നിയന്ത്രണം ശക്തമാക്കാനും ജനങ്ങളുമായി സേവനപരവും ഇടപാട് സംബന്ധവുമായ ആശയവിനിമയത്തിന് ശരിയായ നമ്പറുകൾ ഉപയോഗിക്കാനും വിച്ഛേദിച്ച നമ്പറുകളുടെ ദുരുപയോഗം തടയാനും കഴിയും.
പൗരന്മാരുടെ പങ്കാളിത്തമാണ് സംവിധാനത്തിന്റെ പ്രധാന കരുത്തെന്നും വകുപ്പ് പറയുന്നു. സംശയാസ്പദ ഫോൺ വിളി, സന്ദേശം, വാട്സ്ആപ്പ് സന്ദേശം എന്നിവ സഞ്ചാർ സാഥിയിലെ ചക്ഷു സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യുന്ന ഓരോ വ്യക്തിയും മറ്റുള്ളവരുടെ സുരക്ഷയ്ക്കും സഹായിക്കുന്നു. ഒരാളുടെ മുന്നറിയിപ്പ് ആയിരക്കണക്കിന് ആളുകളെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാമെന്ന് വകുപ്പ് വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ നൽകുന്ന പൗരന്മാർക്കും സൈബർ വാരിയേഴ്സിനും വകുപ്പ് നന്ദി അറിയിച്ചു.
ബാങ്കിങ് അല്ലെങ്കിൽ യുപിഐ ആപ്ലിക്കേഷനിൽ പണമിടപാടിനിടെ മുന്നറിയിപ്പ് ലഭിച്ചാൽ ഇടപാട് നിർത്തി വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദ ഫോൺ വിളി, എസ്എംഎസ്, വാട്സ്ആപ്പ് സന്ദേശം എന്നിവ ചക്ഷു വഴി സഞ്ചാർ സാഥിയിൽ റിപ്പോർട്ട് ചെയ്യാം. സാമ്പത്തിക സൈബർ തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിക്കുകയോ നാഷണൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയോ വേണം. ആദ്യ മണിക്കൂർ നിർണായകമാണെന്നും വകുപ്പ് വ്യക്തമാക്കി.
സ്വന്തം പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ സഞ്ചാർ സാഥിയിൽ പരിശോധിക്കാം. സ്വന്തംതല്ലാത്ത കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാം. നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈൽ ഫോണുകൾ തടയാനും കണ്ടെത്താനും സഞ്ചാർ സാഥി ഉപയോഗിക്കാം. മൊബൈൽ ഫോൺ വാങ്ങുന്നതിന് മുമ്പ് അതിന്റെ യഥാർത്ഥത പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.
സഞ്ചാർ സാഥി, ചക്ഷു, സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫേഷ്യൽ റെക്കഗ്നിഷൻ പവേർഡ് സൊല്യൂഷൻ ഫോർ ടെലികോം സിം സബ്സ്ക്രൈബർ വെരിഫിക്കേഷൻ എന്നീ പദ്ധതികളോടൊപ്പം ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്ററും ടെലികോം അധിഷ്ഠിത സൈബർ തട്ടിപ്പുകൾ തടയാനുള്ള വകുപ്പിന്റെ പൗരസുരക്ഷാ പദ്ധതികളുടെ ഭാഗമാണ്. മുൻകൂട്ടിയുള്ള തട്ടിപ്പ് കണ്ടെത്തൽ, വിവരാധിഷ്ഠിത നയ ഇടപെടൽ, വിവിധ ഏജൻസികളും പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള തുടർച്ചയായ സഹകരണം എന്നിവയിലൂടെ സുരക്ഷിതമായ ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുമെന്ന് വകുപ്പ് അറിയിച്ചു.