ന്യൂഡൽഹി / 2026 / സെപ്റ്റംബർ 03
നിർബന്ധമായ നിയമപരമായ സുരക്ഷാ നടപടികളില്ലാതെ അമോണിയം നൈട്രേറ്റ് ഓൺലൈനിൽ പട്ടികപ്പെടുത്തി വിൽപ്പനയ്ക്ക് സൗകര്യമൊരുക്കിയ ഡയൽ4ട്രേഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. സെപ്റ്റംബർ രണ്ടിനാണ് ഉത്തരവ് പുറത്തുവന്നത്. ചീഫ് കമ്മീഷണർ നിധി ഖരെയും കമ്മീഷണർ അനുപം മിശ്രയും നേതൃത്വം നൽകുന്ന സി.സി.പി.എയാണ് ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ 10, 20, 21 വകുപ്പുകൾ പ്രകാരം അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. നിയന്ത്രിത അപകടകരവും സ്ഫോടക സ്വഭാവമുള്ളതുമായ വസ്തുക്കളുടെ ഓൺലൈൻ വിൽപ്പന സംബന്ധിച്ച് വിവിധ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി.
അമോണിയം നൈട്രേറ്റ് വിൽപ്പന ഉടൻ നിർത്തണം
ഡയൽ4ട്രേഡ് പ്ലാറ്റ്ഫോമിൽ അമോണിയം നൈട്രേറ്റിന്റെയും സ്ഫോടക വസ്തു നിയമം 1884 പ്രകാരം സ്ഫോടക വസ്തുവായി കണക്കാക്കുന്ന മറ്റേതെങ്കിലും വസ്തുവിന്റെയും പട്ടികപ്പെടുത്തൽ, പരസ്യം, വിൽപ്പനയ്ക്ക് സൗകര്യമൊരുക്കൽ എന്നിവ ഉടൻ നിർത്തണമെന്ന് സി.സി.പി.എ നിർദേശിച്ചു.
പ്ലാറ്റ്ഫോം പരിശോധിച്ചപ്പോൾ വിൽപ്പനക്കാരന്റെ സാധുവായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ലൈസൻസ് വിവരങ്ങൾ വ്യക്തമാക്കിയിരുന്നില്ല. വാങ്ങുന്നയാളുടെ തിരിച്ചറിയലും ലൈസൻസുള്ള വ്യക്തിയാണോയെന്നതും പരിശോധിച്ചിരുന്നില്ല. അമോണിയം നൈട്രേറ്റ് ചട്ടങ്ങൾ 2012 പ്രകാരം ഇടപാടുകൾ പിന്തുടർന്ന് പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല. അനുമതിയില്ലാതെ അമോണിയം നൈട്രേറ്റ് കൈവശം വയ്ക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും നിയമപരമായ നിയന്ത്രണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകളും നൽകിയിരുന്നില്ല.
ഉൽപ്പന്നത്തിന്റെ പട്ടികയ്ക്കൊപ്പം സ്ഫോടനങ്ങളും പൊട്ടിത്തെറിയുടെ ദൃശ്യങ്ങളും നൽകിയിരുന്നതായും അതോറിറ്റി കണ്ടെത്തി. വസ്തുവിന്റെ അപകടകരവും നിയന്ത്രിതവുമായ സ്വഭാവം വ്യക്തമാക്കുന്നതിനുപകരം ഉൽപ്പന്നത്തിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കാനാണ് ഇത്തരം ചിത്രങ്ങൾ ഇടയാക്കുന്നതെന്ന് സി.സി.പി.എ വിലയിരുത്തി.
ഓൺലൈൻ ഉൽപ്പന്ന പട്ടികയും പരസ്യമെന്ന് സി.സി.പി.എ
ഡിജിറ്റൽ വിപണിയിൽ പ്രസിദ്ധീകരിച്ച് ഇന്റർനെറ്റിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ഉൽപ്പന്ന പട്ടിക ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ വകുപ്പ് 2(1) പ്രകാരമുള്ള ‘പരസ്യം’ എന്ന നിർവചനത്തിൽ വരുമെന്ന് അതോറിറ്റി വ്യക്തമാക്കി.
നിയന്ത്രിത സ്ഫോടക വസ്തു വാങ്ങാൻ നിർദ്ദിഷ്ട ലൈസൻസ് ആവശ്യമാണെന്ന കാര്യം ഉപയോക്താക്കളെ അറിയിക്കാതെ സാധാരണ ഉപഭോക്തൃ ഉൽപ്പന്നം പോലെ വിൽപ്പനയ്ക്ക് അവതരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതിയുമാണെന്നും സി.സി.പി.എ കണ്ടെത്തി. നിയമത്തിലെ വകുപ്പ് 2(28), 2(47) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
‘ബി-ടു-ബി പ്ലാറ്റ്ഫോം’ എന്ന വാദം തള്ളി
മൂന്നാം കക്ഷി വിൽപ്പനക്കാർ നൽകിയ ഉൽപ്പന്ന പട്ടികകൾ മാത്രമാണ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉള്ളതെന്നും തങ്ങൾ ഒരു ബിസിനസ്-ടു-ബിസിനസ് വിപണി ഇടനിലക്കാരാണെന്നും ഡയൽ4ട്രേഡ് വാദിച്ചു. എന്നാൽ സി.സി.പി.എ ഈ വാദം തള്ളി.
അമോണിയം നൈട്രേറ്റ് ഒരു യൂണിറ്റ് വരെ കുറഞ്ഞ അളവിൽ വാങ്ങാൻ പ്ലാറ്റ്ഫോം അനുവദിച്ചിരുന്നുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. സാധാരണ ബി-ടു-ബി സംവിധാനങ്ങളിൽ കാണുന്ന കുറഞ്ഞ ഓർഡർ അളവ് നിശ്ചയിക്കലോ സ്ഥാപന തലത്തിലുള്ള വാങ്ങുന്നവരെ പരിശോധിക്കുന്ന സംവിധാനമോ ഉണ്ടായിരുന്നില്ല. പ്ലാറ്റ്ഫോം സ്വന്തം വ്യാപാര മാതൃകയെ എങ്ങനെ വിശേഷിപ്പിച്ചാലും ഉപഭോക്തൃ സംരക്ഷണ ഇ-കൊമേഴ്സ് ചട്ടങ്ങൾ 2020 വിപണന ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ബാധകമാണെന്നും സി.സി.പി.എ വ്യക്തമാക്കി.
വിവരസാങ്കേതിക നിയമം 2000ലെ വകുപ്പ് 79 പ്രകാരമുള്ള ഇടനിലക്കാരുടെ നിയമപരമായ സംരക്ഷണവും ഡയൽ4ട്രേഡ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിർദ്ദിഷ്ട ജാഗ്രതാ നടപടികൾ പാലിച്ചാൽ മാത്രമേ ഈ സംരക്ഷണം ലഭിക്കൂവെന്ന് അതോറിറ്റി പറഞ്ഞു. നിയന്ത്രിതവും അപകടകരവുമായ വസ്തുക്കളുടെ കാര്യത്തിൽ ഉൽപ്പന്നം പട്ടികപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ പരിശോധന നടത്താതെ പിന്നീട് കണ്ടെത്തുമ്പോൾ മാത്രം പട്ടിക നീക്കം ചെയ്യുന്നത് മതിയായ നടപടിയല്ലെന്ന് സി.സി.പി.എ വിലയിരുത്തി. വിൽപ്പനക്കാരെ തടയാനും ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാനും ഡയൽ4ട്രേഡിന് കഴിയുന്നുണ്ടെന്നത് പ്ലാറ്റ്ഫോമിലെ ഉള്ളടക്കത്തിൽ കമ്പനിക്ക് നിയന്ത്രണമുണ്ടെന്നതിന് തെളിവാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഏഴ് പ്ലാറ്റ്ഫോമുകളിലും പരിശോധന തുടരുന്നു
അപകടകരമായ രാസവസ്തുക്കൾ, സ്ഫോടക വസ്തുക്കൾ, അവയുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന അനുബന്ധ രാസവസ്തുക്കൾ എന്നിവയുടെ അനധികൃത ഓൺലൈൻ വിൽപ്പനയെക്കുറിച്ച് സി.സി.പി.എ നടത്തുന്ന വ്യാപക പരിശോധനയുടെ ഭാഗമാണ് ഡയൽ4ട്രേഡിനെതിരായ നടപടി. അമോണിയം നൈട്രേറ്റ്, ഗൺ പൗഡർ, പിക്രിക് ആസിഡ്, പെന്റാഎരിത്രിറ്റോൾ ടെട്രാനൈട്രേറ്റ് എന്നിവയാണ് നിലവിൽ പരിശോധനയിലുള്ള വസ്തുക്കൾ.
ഇന്ത്യമാർട്ട്, ജസ്റ്റ്ഡയൽ, സിഗ്മ-ആൽഡ്രിച്ച് ഇന്ത്യ, എക്സ്പോർട്ടേഴ്സ് ഇന്ത്യ, ഐബൈകെമിക്കൽസ്, ആൽഫ കെമിക, ട്രേഡ് ഇന്ത്യ എന്നീ ഏഴ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും സി.സി.പി.എ പരിശോധിച്ചുവരികയാണ്.
ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം
അമോണിയം നൈട്രേറ്റ് നിയന്ത്രിത വസ്തുവാണെന്നും ആവശ്യമായ സുരക്ഷാ നടപടികളില്ലാതെയുള്ള അനധികൃത വിൽപ്പനയും കൈവശം വയ്ക്കലും പൊതുസുരക്ഷയ്ക്ക് അപകടമുണ്ടാക്കാമെന്നും സി.സി.പി.എ വ്യക്തമാക്കി. ഓൺലൈൻ വാങ്ങലുകളിൽ ഉപഭോക്താക്കൾ ഉൽപ്പന്ന പട്ടികകളെയും വിവരണങ്ങളെയും ആശ്രയിക്കുന്നതിനാൽ നിയന്ത്രിത ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ആവശ്യമായ പരിശോധനകളും ജാഗ്രതയും പാലിക്കണം.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, അന്യായമായ വ്യാപാര രീതികൾ തടയുക, പ്രത്യേകിച്ച് നിയന്ത്രിതവും അപകടകരവുമായ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ നിയമാനുസൃത പ്രവർത്തനം ശക്തിപ്പെടുത്തുക എന്നിവയ്ക്കുള്ള നടപടികൾ തുടരുമെന്നും അതോറിറ്റി അറിയിച്ചു. അന്തിമ ഉത്തരവ് സി.സി.പി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
.