ന്യൂഡൽഹി /2026 / സെപ്റ്റംബർ 03
ജലശക്തി മന്ത്രാലയം സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ വകുപ്പുതല ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ദേശീയ മുൻഗണനകളിൽ കൂട്ടായ ഉത്തരവാദിത്തം വളർത്താനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിഭാവനം ചെയ്ത വകുപ്പുതല ഉച്ചകോടികളുടെ ആദ്യത്തേതാണിത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയുടെ ജലസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.
തീരുമാനങ്ങൾക്ക് തുടർച്ചയായ അവലോകനം വേണം
രണ്ടുദിവസം നീണ്ട ചർച്ചകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉച്ചകോടിയിൽ നിന്ന് ഉയർന്നുവന്ന സമയബന്ധിതവും നടപ്പാക്കാവുന്നതുമായ തീരുമാനങ്ങൾ തുടർച്ചയായി അവലോകനം ചെയ്ത് മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടി ഒറ്റത്തവണത്തെ പരിപാടിയായി അവസാനിക്കരുതെന്നും നിരന്തരമായ അവലോകനവും തുടർനടപടികളും വേണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
നഗരവത്കരണത്തോടൊപ്പം ഉയരുന്ന ജനസംഖ്യയും ഭാവിയിലെ ജലാവശ്യവും സംബന്ധിച്ച് നഗര തദ്ദേശ സ്ഥാപനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി സമാനമായ ചിന്തൻ ശിബിരങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചു. വെള്ളം ലാഭിക്കുന്ന സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കണം. ആഗോളതലത്തിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനങ്ങളും ശിൽപശാലകളും സംഘടിപ്പിച്ച് ഇന്ത്യൻ നിർമാതാക്കളെയും ബന്ധപ്പെട്ട മേഖലകളിലുള്ളവരെയും കാര്യക്ഷമമായ പരിഹാരങ്ങൾ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ജൽ ഉത്സവ്’ വഴി ജനപങ്കാളിത്തം
ജനപങ്കാളിത്തത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കാൻ ‘ജൽ ഉത്സവ്’ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ജലാശയങ്ങളിലെ ചെളിനീക്കം സ്ഥിരം പരിപാടിയാക്കണം. ചെളിനീക്കത്തിന് വ്യക്തമായ മാനദണ്ഡങ്ങളും പ്രവർത്തനരീതികളും തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഓരോ മൺസൂണിന് മുമ്പും ശക്തമായ തയ്യാറെടുപ്പ് വേണം. നിശ്ചയിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി പാലിക്കണം. അണക്കെട്ട് സുരക്ഷയെക്കുറിച്ച് സ്കൂൾ വിദ്യാർഥികളിലും ബോധവത്കരണം നടത്തണം. ഇതിനാവശ്യമായ വിഷയങ്ങൾ വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ അനുയോജ്യമായി ഉൾപ്പെടുത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾ തമ്മിൽ പഠനയാത്രകൾ നടത്തണം
സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജലപരിപാലനത്തെയും ജലഭരണത്തെയും കുറിച്ചുള്ള അറിവും ശേഷിയും ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിജയകരമായ മാതൃകകൾ നേരിട്ട് പഠിക്കാൻ പൊതുപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ തമ്മിൽ ക്രമബദ്ധമായ പഠനയാത്രകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിലൂടെ വിജയകരമായ ഇടപെടലുകൾ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജലവിവര ശേഖരണത്തിന് നിർമിതബുദ്ധി
ജലമേഖലയിലെ വിവരങ്ങൾ ഒരിടത്ത് കൊണ്ടുവന്ന് ക്രമമായി കൈകാര്യം ചെയ്യുകയും വിശകലനം ചെയ്യുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്ന ശക്തമായ വിവരഭരണ സംവിധാനം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരേ മാതൃകയിൽ വിവരശേഖരണത്തിനും വിശകലനത്തിനും നിർമിതബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ജലക്ഷാമം മുൻകൂട്ടി കണ്ട് സംയോജിതമായ ആസൂത്രണം നടത്തണം. ശുദ്ധീകരിച്ച വെള്ളം കൃഷിക്കും വ്യാവസായിക ആവശ്യങ്ങൾക്കും അനുയോജ്യമായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം ക്രമബദ്ധമായ ആസൂത്രണം, പ്രതിബദ്ധത, മതിയായ വിഭവങ്ങൾ, കഴിവുള്ള ഉദ്യോഗസ്ഥർ എന്നിവയിലൂടെ ജലക്ഷാമത്തെ അവസരങ്ങളാക്കി മാറ്റാനാകുമെന്ന് പറഞ്ഞു.
നാല് പ്രധാന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ജലശക്തി മന്ത്രി
കേന്ദ്ര ജലശക്തി മന്ത്രി സി. ആർ. പാട്ടീൽ ഉച്ചകോടിയുടെ നാല് പ്രധാന ഫലങ്ങൾ വിശദീകരിച്ചു. ജല അടിസ്ഥാനസൗകര്യ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുക, ജലസംരക്ഷണത്തെ സ്ഥിരമായ ജനകീയ പ്രസ്ഥാനമാക്കുക, കുടിവെള്ള സ്രോതസുകളുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുക, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും പരിപാലനവും സ്ഥാപനവത്കരിക്കുക എന്നിവയാണ് അവ.
.