ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 11
ഇന്ത്യയുടെ കന്നുകാലി മേഖലയിൽ സ്ഥാപന വായ്പ, ഡിജിറ്റൽ സേവനങ്ങൾ, ഉൽപ്പാദനക്ഷമത എന്നിവയിൽ വലിയ മുന്നേറ്റമുണ്ടായതായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങ് അറിയിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് പരിധിയിൽ 50.42 ലക്ഷം ഗുണഭോക്താക്കളെത്തി. 6.4 ലക്ഷം പേർ ഡിജിറ്റൽ പരിശീലനത്തിലും പങ്കെടുത്തു. രാജ്യത്താകെ ശാസ്ത്രീയ പ്രജനനവും തീറ്റ വികസനവും മൃഗാരോഗ്യ സേവനങ്ങളും ശക്തമാക്കുന്നതിനുള്ള പദ്ധതികളും കേന്ദ്രം വിപുലീകരിക്കുകയാണ്.
കിസാൻ ക്രെഡിറ്റ് കാർഡിൽ വൻ വർധന
മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് വായ്പ ലഭ്യമാക്കുന്നതിൽ വലിയ നേട്ടമാണ് ഉണ്ടായത്. 2021–22 സാമ്പത്തിക വർഷത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് ഗുണഭോക്താക്കൾ 15.08 ലക്ഷമായിരുന്നു. 2025–26ൽ ഇത് 50.42 ലക്ഷമായി ഉയർന്നു. 2024–25ൽ രാജ്യത്തിന്റെ വാർഷിക പാൽ ഉൽപ്പാദനം 247.87 മില്യൺ ടണ്ണിലെത്തി. ആഭ്യന്തര ആവശ്യം 243 മില്യൺ ടണ്ണാണ്. 2025–26 സാമ്പത്തിക വർഷത്തിൽ ക്ഷീരോൽപ്പന്ന കയറ്റുമതിയുടെ മൂല്യം 407.18 മില്യൺ ഡോളറിലെത്തി.
നാടൻ ഇനങ്ങളുടെ സംരക്ഷണത്തിന് രാഷ്ട്രീയ ഗോകുൽ മിഷൻ
ദീർഘകാല ഉൽപ്പാദനക്ഷമതയും ജനിതക ശേഷിയും മെച്ചപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിൽ പ്രധാന പദ്ധതികൾ വിപുലീകരിക്കുകയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ശാസ്ത്രീയ പ്രജനന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് 2014 ഡിസംബർ മുതൽ രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പാക്കുന്നുണ്ട്. നാടൻ ഇനങ്ങളുടെ വികസനവും സംരക്ഷണവും, പശുവർഗത്തിന്റെ ജനിതക നിലവാരം ഉയർത്തൽ, പാൽ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കൽ എന്നിവയാണ് ലക്ഷ്യം. ഇതിലൂടെ ക്ഷീരോൽപ്പാദനം കർഷകർക്ക് കൂടുതൽ ലാഭകരമാക്കാനും ശ്രമിക്കുന്നു.
തൊഴിലും സംരംഭങ്ങളും ലക്ഷ്യമിട്ട് ദേശീയ കന്നുകാലി മിഷൻ
രാജ്യത്ത് ശാസ്ത്രീയ പ്രജനനം പ്രോത്സാഹിപ്പിക്കാനും തീറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും 2014–15 സാമ്പത്തിക വർഷം മുതൽ ദേശീയ കന്നുകാലി മിഷൻ നടപ്പാക്കുന്നു. തൊഴിൽ സൃഷ്ടിക്കൽ, സംരംഭകത്വ വികസനം, ഓരോ മൃഗത്തിന്റെയും ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. വികസന പരിപാടിയുടെ ഭാഗമായി മാംസം, ആട്ടിൻപാൽ, മുട്ട, കമ്പിളി എന്നിവയുടെ ഉൽപ്പാദനം കൂട്ടാനും ലക്ഷ്യമിടുന്നു. അസംഘടിത മേഖലയിലെ ഉൽപ്പന്നങ്ങൾക്ക് മുന്നോട്ടും പിന്നോട്ടുമുള്ള വിപണി ബന്ധങ്ങൾ സൃഷ്ടിച്ച് അവയെ സംഘടിത മേഖലയുമായി ബന്ധിപ്പിക്കാൻ സംരംഭകരെ വളർത്തുകയാണ് പദ്ധതിയുടെ ആശയം.
സംരംഭങ്ങൾക്ക് 50 ശതമാനം മൂലധന സബ്സിഡി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തമിഴ്നാട്ടിൽ കന്നുകാലി വികസനവും മൃഗാരോഗ്യ സേവനങ്ങളും ശക്തിപ്പെടുത്താൻ ദേശീയ കന്നുകാലി മിഷനും കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പരിപാടിയും വഴി കേന്ദ്രം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയിൽ വ്യക്തികൾ, കർഷക ഉൽപ്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, സംയുക്ത ബാധ്യതാ സംഘങ്ങൾ, കർഷക സഹകരണ സംഘടനകൾ, സെക്ഷൻ എട്ട് കമ്പനികൾ എന്നിവയ്ക്ക് 50 ശതമാനം മൂലധന സബ്സിഡി നൽകുന്നു. കന്നുകാലി-കോഴിവർഗ വികസനം, തീറ്റയും കാലിത്തീറ്റയും വികസിപ്പിക്കൽ, ഗവേഷണവും വികസനവും, കന്നുകാലി ഇൻഷുറൻസ്, വിജ്ഞാനവ്യാപനം എന്നിവയ്ക്കാണ് പദ്ധതി പ്രധാനമായും ഊന്നൽ നൽകുന്നത്.
രോഗനിയന്ത്രണത്തിന് പൂർണ സഹായം; വീട്ടുപടിക്കൽ ചികിത്സയ്ക്ക് മൊബൈൽ യൂണിറ്റുകൾ
സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്ന കുളമ്പുരോഗം, ബ്രൂസെല്ലോസിസ്, ചെറുജന്തുക്കളിലെ പെസ്റ്റ് രോഗം, ക്ലാസിക്കൽ പന്നിപ്പനി എന്നിവ വാക്സിനേഷനിലൂടെ തടയാൻ കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 100 ശതമാനം സാമ്പത്തിക സഹായം നൽകുന്നു. മറ്റ് കന്നുകാലി രോഗങ്ങൾക്കെതിരായ വാക്സിനേഷൻ, പുതുതായി ഉയർന്നുവരുന്നവയും വിദേശത്തുനിന്നെത്തുന്നവയുമായ രോഗങ്ങളുടെ നിയന്ത്രണം, ലബോറട്ടറി ശക്തിപ്പെടുത്തൽ, രോഗനിരീക്ഷണം, പരിശീലനം, ബോധവത്കരണം തുടങ്ങിയ സംസ്ഥാന മുൻഗണനാ പ്രവർത്തനങ്ങൾക്കും ചെലവ് പങ്കിടുന്ന രീതിയിൽ സഹായം നൽകുന്നു. കർഷകരുടെ വീട്ടുപടിക്കൽ മൃഗചികിത്സ എത്തിക്കാൻ തമിഴ്നാട്ടിൽ 245 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും കേന്ദ്രം ചെലവ് പങ്കിടുന്ന അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം നൽകുന്നു.
.