തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതറിഞ്ഞ് അപ്പോൾ തന്നെ അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു.
സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് അനിൽ ആവശ്യപ്പെട്ടുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി കൊടുത്തു..
അനിൽ നമ്പ്യാരുടെ അപേക്ഷ താൻ കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയും അനിലിന് ദുബായിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുകയും ചെയ്തിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ ദുബായിൽ ജയിലായ സമയത്താണ് ഈ സംഭവം. അപ്പോഴാണ് താൻ അനിൽ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്നും സ്വപ്ന സുരേഷ് പറയുന്നു.
ദുബായിൽ ഒരു വഞ്ചനാക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് കേരളത്തിലേക്ക് വരാൻ സാധിക്കുമായിരുന്നില്ല. അനിൽ നമ്പ്യാർ സരിത്ത് മുഖേന വിവരം തന്നെ അറിയിക്കുകയും വിഷയം താൻ വഴി കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു.
കോൺസുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർക്ക് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ൽ താജ് ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.
ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അനിൽ നമ്പ്യാർ അന്വേഷിച്ചിരുന്നു. ബിജെപിക്ക് വേണ്ടി കോൺസുലേറ്റിന്റെ പിന്തുണ ലഭിക്കാൻ അനിൽ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടൈൽസിന്റെ ഉദ്ഘാടനത്തിനായി കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് താൻ ഉറപ്പുനൽകുകയും ചെയ്തു എന്ന് സ്വപ്ന മൊഴി നൽകി.
തുടർന്ന് അനിൽ നമ്പ്യാരെ കാണുന്നത് നവീൻ ടൈൽസിന്റെ ഉദ്ഘാടന വേളയിലാണ്. കോൺസുലേറ്റ് ജനറലിന് ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്റെ മാക് ബുക്ക് സമ്മാനമായി നൽകി. പിന്നീട് അനിൽ നന്മാരുമായി സൗഹൃദം പുലർത്തി എന്നും സ്വപ്ന പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് ശേഷം ദുബായിൽ നിന്ന് കോൺസുലേറ്റ് ജനറൽ വിളിച്ച് വാർത്തകൾ അധികം പുറത്തുവരാതിരിക്കാൻ വേണ്ടത് ചെയ്യാൻ തന്നോട് നിർദ്ദേശിച്ചു. എന്നാൽ താൻ നിസ്സഹായയായിരുന്നു. ഇതിനിടെ അനിൽ നമ്പ്യാർ വിളിച്ച് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടു.
ടി.വിയിൽ വാർത്തകൾ വരുന്നത് കണ്ടാണ് വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ തന്നോട് പറഞ്ഞത് എന്നും സ്വപ്ന വെളിപ്പെടുത്തി. ഇന്നലെ അഞ്ച് മണിക്കൂറാണ് കസ്റ്റംസ് നമ്പ്യാരെ ചോദ്യം ചെയ്തത്. കൂടുതൽ വ്യക്തത വരുത്താൻ വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നീക്കം.

