ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ഓര്‍ഡിനന്‍സുകള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കാന്‍ അഞ്ചംഗ സമിതിയെ സോണിയ ഗാന്ധി നിയമിച്ചു. മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്, ജയ്റാം രമേശ്, അമര്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് സമിതി അംഗങ്ങള്‍.മുന്‍ കേന്ദ്രമന്ത്രി ജയ്റാം രമേശ് ആകും പുതിയ സമിതിയുടെ കണ്‍വീനറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
കോണ്‍ഗ്രസില്‍ സജീവ നേതൃത്വം ആവശ്യപ്പെട്ടു വിവാദ കത്തെഴുതിയ 23 പേരില്‍ ആരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കത്തെഴുതിയവരെ സോണിയയുടെയും രാഹുലിന്റെയും അംഗീകാരത്തോടെ രൂപീകരിച്ച സമിതിയില്‍നിന്ന് ഒഴിവാക്കിയതു വ്യക്തമായ സന്ദേശമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

