മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ മാതൃകയില്‍ വീട് വച്ചുനല്‍കുന്നത് പ്രശ്‌ന പരിഹാരമല്ലെന്നും ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്, പെമ്പിളൈ ഒരുമൈ സമരനേതാവ് ജി ഗോമതി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്‌താവിച്ചു.
പെട്ടിമുടി ദുരന്തത്തില്‍ പെട്ടവര്‍ക്ക് കണ്ണന്‍ദേവന്‍ ഭൂമിയില്‍ വീട് വച്ചുനല്‍കിയാല്‍ വീടുകളുടെ അവകാശം കമ്പനിക്കായിരിക്കും. പ്ലാന്റേഷന്‍ കമ്പനികളുടെ കൈവശമുളള ഭൂമി ഏറ്റെടുത്ത് തൊഴിലാളികള്‍ക്ക് വീട് വെച്ചുനല്‍കാനുളള നടപടിയാണാവശ്യം. അതുവരെ തൊഴിലാളിലയങ്ങള്‍ വാസയോഗ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും വേണമെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു. അടുത്തയിടെ രൂപീകൃതമായ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനയുടെ നേതൃത്വത്തില്‍ മൂന്നാറിലടക്കമുളള കേരളത്തിലെ മുഴുവന്‍ തോട്ടം തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ ഇപ്പോഴും അടിമജീവിതമാണ് നയിക്കുന്നതെന്ന് ഗോമതിയും ചൂണ്ടിക്കാട്ടി.
പെട്ടിമുടിയില്‍ എത്തിയ മുഖ്യമന്ത്രിയെ ഈ വിഷയം ധരിപ്പിക്കാനാണ് താന്‍ എത്തിയത്. എന്നാല്‍ തന്നെ തടയുകയായിരുന്നു. കേരളം ഭരിക്കുന്നത് രാജാവാണെന്ന് അവിടെയെത്തിയപ്പോഴാണ് തനിക്ക് മനസിലായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോട്ടം തൊഴിലാളികള്‍, ദലിദ് ആദിവാസി സംഘടനകള്‍, ജനാധിപത്യ പൗരാവകാശ സംഘടനകള്‍, സ്‌ത്രീപ്രസ്ഥാനങ്ങള്‍, എന്നിവരുമായി സഹകരിച്ച് പ്രക്ഷോഭം ആരംഭിക്കും ഇതുസംബന്ധമായ ചര്‍ച്ചകള്‍ക്കായി സെപ്‌തംബര്‍ 12-ന് തൊടുപുഴയില്‍ യോഗം ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു വാര്‍ത്താ സമ്മേളനത്തില്‍ ഏകലവ്യന്‍ബോധി, ശശികുമാര്‍ കിഴക്കേടം, എന്നിവര്‍ പങ്കെടുത്തു.

