ന്യൂഡൽഹി, 2026 ജൂലൈ 22
അന്താരാഷ്ട്ര ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം ഒളിമ്പ്യാഡുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവച്ചു. 2026-ലെ നാല് മത്സരങ്ങളിൽനിന്നായി ഇന്ത്യ 12 സ്വർണവും ഏഴ് വെള്ളിയും നേടി. ഹോമി ഭാഭ ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ഒളിമ്പ്യാഡ് പദ്ധതിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് നേട്ടം സ്വന്തമാക്കിയത്. ആണവോർജ വകുപ്പിന്റെ ദീർഘകാല പിന്തുണയും അധ്യാപകരുടെയും പരിശീലകരുടെയും കൂട്ടായ പ്രവർത്തനവുമാണ് വിജയത്തിന് പിന്നിൽ.
ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും സ്വർണത്തിളക്കം
അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്ത അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളും സ്വർണം നേടി. ഇതോടെ ഇന്ത്യ സംയുക്തമായി ലോക ഒന്നാം സ്ഥാനത്തെത്തി. കൊളംബിയയിലെ ബുക്കാറമംഗയിലാണ് 56-ാമത് ഭൗതികശാസ്ത്ര ഒളിമ്പ്യാഡ് നടന്നത്.
ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന 58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിലും ഇന്ത്യ സമാനമായ നേട്ടം കൈവരിച്ചു. മത്സരിച്ച നാല് ഇന്ത്യൻ വിദ്യാർത്ഥികളും സ്വർണം നേടി. രസതന്ത്രത്തിലും ഇന്ത്യ സംയുക്ത ലോക ഒന്നാം സ്ഥാനത്തെത്തി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും എല്ലാ മത്സരാർഥികളും സ്വർണം നേടുന്നത് ചരിത്രനേട്ടമാണെന്ന് ആണവോർജ വകുപ്പ് അറിയിച്ചു.
ജീവശാസ്ത്രത്തിലും ഗണിതത്തിലും മികച്ച പ്രകടനം
ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ജീവശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യ ഒരു സ്വർണവും മൂന്ന് വെള്ളിയും നേടി. ചൈനയിലെ ഷാങ്ഹായിൽ നടന്ന 67-ാമത് അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ രണ്ട് സ്വർണവും നാല് വെള്ളിയും ഇന്ത്യ സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും മികവുറ്റ വിദ്യാർത്ഥികളോടാണ് ഇന്ത്യൻ സംഘം മത്സരിച്ചത്. ശാസ്ത്രീയമായ കഴിവും കഠിനാധ്വാനവും പുതുമയുള്ള ചിന്തയും ഇന്ത്യൻ വിദ്യാർത്ഥികൾ പ്രകടിപ്പിച്ചതായി ആണവോർജ വകുപ്പ് വ്യക്തമാക്കി. ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ആഗോള ശക്തിയായി ഇന്ത്യ വളരുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും വകുപ്പ് വിലയിരുത്തി.
മികവുള്ള കുട്ടികളെ കണ്ടെത്താൻ പലഘട്ട പരിശീലനം
ടാറ്റ അടിസ്ഥാന ഗവേഷണ സ്ഥാപനത്തിന്റെ ദേശീയ കേന്ദ്രമായ ഹോമി ഭാഭ ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രമാണ് ഇന്ത്യയിലെ ശാസ്ത്ര-ഗണിത ഒളിമ്പ്യാഡ് പദ്ധതികളുടെ ദേശീയ ഏകോപന കേന്ദ്രം. ആണവോർജ വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം വിദ്യാർത്ഥികളെ കണ്ടെത്തുന്നത് മുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് തയ്യാറാക്കുന്നത് വരെ പലഘട്ടങ്ങളിലായുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
പ്രതിഭകളെ കണ്ടെത്തൽ, പ്രാഥമിക പരിശീലനം, ഉന്നതതല പഠനം, തുടർച്ചയായ മാർഗനിർദേശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർവകലാശാലാ പഠനത്തിന് മുമ്പുള്ള രാജ്യത്തെ ഏറ്റവും മികവുള്ള വിദ്യാർത്ഥികളെയാണ് ലോകനിലവാരത്തിലുള്ള മത്സരങ്ങൾക്കായി തയ്യാറാക്കുന്നത്. ആണവോർജ വകുപ്പിന്റെ തുടർച്ചയായ പിന്തുണയിലൂടെ പദ്ധതി ലോകത്തിലെ ഏറ്റവും അംഗീകാരം നേടിയ ഒളിമ്പ്യാഡ് പരിശീലന സംവിധാനങ്ങളിലൊന്നായി മാറിയെന്നും കേന്ദ്രം അറിയിച്ചു.
നാലുപതിറ്റാണ്ടായി ആണവോർജ വകുപ്പിന്റെ പിന്തുണ
ഏകദേശം നാലുപതിറ്റാണ്ടായി രാജ്യത്തെ ശാസ്ത്രപ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ആണവോർജ വകുപ്പ് സ്ഥാപനപരമായ പിന്തുണ നൽകുന്നുണ്ട്. ധനസഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല വകുപ്പിന്റെ പങ്കാളിത്തം. ശാസ്ത്രജ്ഞർ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ വിഷയങ്ങളിലെ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന ദേശീയ സംവിധാനമാണ് ഇതിലൂടെ രൂപപ്പെട്ടത്.
ഈ സംവിധാനത്തിലൂടെ പരിശീലനം നേടിയ നിരവധി ഒളിമ്പ്യാഡ് ജേതാക്കൾ ഇന്ത്യയിലും വിദേശത്തും ഉന്നതവിദ്യാഭ്യാസം, ഗവേഷണം, നവീകരണം, ശാസ്ത്രനേതൃത്വം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വകുപ്പ്, ബഹിരാകാശ വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ തുടർച്ചയായ സഹകരണവും ദേശീയ ഒളിമ്പ്യാഡ് പദ്ധതിയെ ശക്തിപ്പെടുത്തിയതായി ആണവോർജ വകുപ്പ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ വിജയം
വിദ്യാർത്ഥികളുടെ സമർപ്പണം, പരിശീലകരുടെയും അധ്യാപകരുടെയും വിലമതിക്കാനാകാത്ത മാർഗനിർദേശം, പതിറ്റാണ്ടുകളായി പടുത്തുയർത്തിയ സ്ഥാപനസംവിധാനം എന്നിവയാണ് നേട്ടത്തിന് കാരണമെന്ന് ആണവോർജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാർ മൊഹന്തി പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രകടനം രാജ്യത്തിന് അഭിമാനവും ഇന്ത്യയുടെ ശാസ്ത്രീയ മനോഭാവത്തിന്റെ ആഘോഷവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒളിമ്പ്യാഡ് പദ്ധതിക്ക് ദീർഘകാലമായി നൽകുന്ന പിന്തുണയ്ക്ക് ഹോമി ഭാഭ ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടർ പ്രൊഫ. അർണബ് ഭട്ടാചാര്യ ആണവോർജ വകുപ്പിന് നന്ദി അറിയിച്ചു. അടുത്ത തലമുറയിലെ യുവപ്രതിഭകളെ കണ്ടെത്താനും വളർത്താനും പ്രചോദിപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ലക്ഷ്യത്തിന് ഈ വിജയം കൂടുതൽ കരുത്ത് നൽകുന്നതായും അദ്ദേഹം പറഞ്ഞു.
മെഡൽ ജേതാക്കൾ, സംഘത്തലവന്മാർ, പരിശീലകർ, ശാസ്ത്ര നിരീക്ഷകർ, ഒളിമ്പ്യാഡ് വിഭാഗങ്ങൾ, അധ്യാപക സംഘടനകൾ, രാജ്യവ്യാപകമായി പ്രവർത്തിച്ച വിദഗ്ധർ എന്നിവരെ ആണവോർജ വകുപ്പ് അഭിനന്ദിച്ചു. ശാസ്ത്രവിദ്യാഭ്യാസത്തിലും പ്രതിഭാവളർത്തലിലും നടത്തുന്ന തുടർച്ചയായ നിക്ഷേപം വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് നേട്ടം തെളിയിക്കുന്നതായും ശാസ്ത്രം, നവീകരണം, മനുഷ്യശേഷി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭാവി നിർമ്മിക്കാൻ പിന്തുണ തുടരുമെന്നും വകുപ്പ് അറിയിച്ചു.
.