ചെന്നൈ: ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2020 മെയ് മാസത്തിൽ പെൺകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയിൽ ചെന്നൈ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവു പ്രകാരമാണ് എന്‍ ഐ എ കേസ് കൈമാറിയത്. ഉപരിപഠനത്തിനായി പെൺകുട്ടി ലണ്ടനിലായിരുന്നു. അവിടെ നിന്നും കുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. നിരീശ്വരവാദിയായ തൻറെ മകൾ മതം മാറ്റുന്നതിനായി നിർബന്ധിതമാവുകയായിരുന്നു എന്ന് അച്ഛന്‍ വാദിക്കുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈന്‍റെ മകൻ നഫീസിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നായിക്കുമായി ബന്ധമുള്ള ബംഗ്ലാദേശി സംഘം ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എൻ ഐ എ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കടത്ത്, ലൈംഗികചൂഷണം, കൊള്ളയടിക്കല്‍ ശ്രമം, വധഭീഷണി എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിരവധി വകുപ്പുകൾ കേസിൽ ചുമത്തിയിട്ടുണ്ട്.

