പ്രധാന വിവരങ്ങൾ
- പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചു.
- നിലവിലെ രൂപത്തിൽ കരാർ തുടരില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
- അതിർത്തിക്കപ്പുറത്തെ ഭീകരവാദം പരസ്പരവിശ്വാസം തകർത്തതായി ഇന്ത്യ ആരോപിക്കുന്നു.
- പാകിസ്ഥാന്റെ കൃഷിയും ഭക്ഷ്യോൽപാദനവും സിന്ധുനദീജലത്തെ വൻതോതിൽ ആശ്രയിക്കുന്നു.
- ജലസംഭരണ, ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കി കരാർ പുനഃചർച്ച ചെയ്യാനാണ് ഇന്ത്യയുടെ നീക്കം.
21 ജൂലായ് 2026
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സിന്ധു നദീജല കരാർ താൽക്കാലികമായി ഇന്ത്യ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിനുശേഷം മാസങ്ങൾക്കിടെ പലപ്പോഴായി ഇത് സംബന്ധിച്ച നിലപാട് ഇന്ത്യ വിശദീകരിച്ചു. സസ്പെൻഡ് ചെയ്ത നടപടിയിൽ മാറ്റമില്ലെന്നാണ് എല്ലായിപ്പോഴും പറഞ്ഞിട്ടുള്ളത്. ആണവാക്രമണം അടക്കമുള്ള ഭീഷണികൾ മറുപക്ഷത്ത് പാകിസ്ഥാൻ നേതാക്കൾ ഉയർത്തിയിട്ടുണ്ട്. വീണ്ടും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സിന്ധു നദീജല കരാർ ഇന്നത്തെ രൂപത്തിൽ തുടരുകയില്ല. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പുതിയ കരാറിനെപ്പറ്റിയോ പഴയ കരാർ മാറ്റുന്നതിനെപ്പറ്റിയോ ആലോചിക്കാമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. കരാർ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ളതും തുടർന്നുവരുന്നതുമാണ്. ഏകപക്ഷീയമായി ഏതെങ്കിലും ഒരു രാജ്യത്തിന് കരാറിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല എന്ന വ്യവസ്ഥയുമുണ്ട്. അപ്പോൾ പിന്നെ എങ്ങനെ ഇന്ത്യ മാത്രം തീരുമാനിച്ച് കരാർ സസ്പെൻഡ് ചെയ്യുവാനും മാറ്റങ്ങൾ വരുത്തുവാനും കഴിയും? കരാറിലെ വ്യവസ്ഥകളുടെയും അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് എത്രത്തോളം നിലനിൽപ്പും സാധ്യതയും ഉണ്ടെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
കരാർ തന്നെ പുനരെഴുതണം” എന്ന നിലപാടിലേക്ക്
1960-ൽ ഒപ്പുവെച്ച സിന്ധു ജലകരാർ ലോകത്തിലെ ഏറ്റവും വിജയകരമായ അന്തർദേശീയ ജലവിഹിത കരാറുകളിലൊന്നായാണ് പതിറ്റാണ്ടുകളായി വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധങ്ങൾ നടന്നപ്പോഴും അതിർത്തിയിൽ വെടിവയ്പ്പ് നടന്നപ്പോഴും പോലും ഈ കരാർ തകരാതെ നിലനിന്നു. എന്നാൽ ഇപ്പോൾ ഡൽഹി പറയുന്നത് വ്യക്തമാണ്. “ഈ കരാർ നിലവിലുള്ള രൂപത്തിൽ ഇനി തുടരില്ല.” അതിന്റെ പ്രധാന കാരണം, പാകിസ്താനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരവാദമാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
ഇത് വെറും ജലവിഹിത തർക്കമല്ല. ഭീകരവാദവും അന്തർദേശീയ കരാറുകളും തമ്മിലുള്ള ബന്ധം ഇന്ത്യ ആദ്യമായി ഇത്ര ശക്തമായി മുന്നോട്ടുവയ്ക്കുകയാണ്.
വെള്ളത്തിന്റെ പ്രശ്നമല്ല, വിശ്വാസത്തിന്റെ പ്രശ്നം
സിന്ധു ജലകരാറിന്റെ ആമുഖത്തിൽ തന്നെ രണ്ട് രാജ്യങ്ങളും “സൗഹൃദവും സഹകരണവും” എന്ന മനോഭാവത്തിൽ നദികളെ ഉപയോഗിക്കുമെന്ന് പറയുന്നു. ഇന്ത്യ ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ വാദവും ഇതുതന്നെയാണ്.
കരാർ എന്നത് വെറും നിയമരേഖയല്ല. അതിന്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. എന്നാൽ ഒരു രാജ്യം തുടർച്ചയായി അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമ്പോൾ, ആ വിശ്വാസം തന്നെ തകരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. അതിനാൽ കരാറിന്റെ അടിസ്ഥാന സാഹചര്യം ഇല്ലാതായെന്നും ഡൽഹി പറയുന്നു.
ആ രണ്ടു കത്തുകൾ കരാർ സസ്പെൻഡ് ചെയ്യുവാനും പുതിയ കരാർ ആവശ്യപ്പെടുവാനുമുള്ള അടിത്തറയാണ്
2023 ജനുവരി 25: കരാർ ഭേദഗതി ആവശ്യപ്പെട്ട ആദ്യ ഔദ്യോഗിക നോട്ടീസ്
2023 ജനുവരി 25ന് ഇന്ത്യ പാകിസ്താന് ഔദ്യോഗിക നോട്ടീസ് അയച്ചു. സിന്ധു ജലകരാർ പുനഃപരിശോധിക്കണമെന്നും ഭേദഗതി ചെയ്യണമെന്നും അതിൽ ആവശ്യപ്പെട്ടു.
ഇന്ത്യ ഉന്നയിച്ച പ്രധാന കാര്യങ്ങൾ:
കരാർ നടപ്പാക്കുന്നതിൽ പാകിസ്താൻ നിരന്തരം തടസ്സം സൃഷ്ടിക്കുന്നു.
തർക്കപരിഹാര സംവിധാനത്തെ കരാറിന്റെ ആത്മാവിന് വിരുദ്ധമായി ഉപയോഗിക്കുന്നു.
അതിനാൽ കരാർ പുതുക്കി ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്.
ഭീകരവാദം ചൂണ്ടിക്കാട്ടിയ നിർണായക കത്ത്
തീയതി: 2025 ഏപ്രിൽ 24
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജലവിഭവ സെക്രട്ടറിയായ ദേബശ്രീ മുഖർജി പാകിസ്താനിലെ ജലവിഭവ സെക്രട്ടറിയായ സയ്യിദ് അലി മുർതസയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു.
കത്തിലെ പ്രധാന ഭാഗങ്ങൾ:
“പാകിസ്താനിൽ നിന്നുള്ള തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് (sustained cross-border terrorism) ഞങ്ങൾ കണ്ടത്.”
“ഇത്തരം നടപടികൾ ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതരമായ അനിശ്ചിതത്വങ്ങൾ (security uncertainties) സൃഷ്ടിച്ചിട്ടുണ്ട്.”
കത്തിൽ ഇന്ത്യയുടെ വാദം ഇങ്ങനെയായിരുന്നു:
സിന്ധു ജലകരാറിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും സഹകരണവുമാണ്.
എന്നാൽ പാകിസ്താനിൽ നിന്നുള്ള തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദം ആ വിശ്വാസം തകർത്തു.
അതിനാൽ കരാർ പഴയ രീതിയിൽ നടപ്പാക്കാൻ കഴിയില്ല.
അതുകൊണ്ടാണ് കരാർ “abeyance” (താൽക്കാലികമായി നിർത്തിവെക്കൽ) നിലയിലാക്കുന്നതെന്ന് ഇന്ത്യ അറിയിച്ചു
കരാറിന്റെ അടിത്തറയായി ആമുഖത്തിൽ പറയുന്നത് ലംഘിക്കപ്പെട്ടു എന്ന് ഇന്ത്യൻ വാദം
സിന്ധു ജലകരാറിന്റെ ആമുഖത്തിലെ പ്രസക്തമായ ഇംഗ്ലീഷ് ഭാഗം ഇങ്ങനെയാണ്:
“…recognising the need, therefore, of fixing and delimiting, in a spirit of goodwill and friendship, the rights and obligations of each in relation to the other concerning the use of these waters and of making provision for the settlement, in a cooperative spirit, of all such questions as may hereafter arise in regard to the interpretation or application of the provisions agreed upon herein…”
മലയാള പരിഭാഷ:
“…അതിനാൽ, ഈ ജലങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പരസ്പരം ഓരോ കക്ഷിക്കും ഉള്ള അവകാശങ്ങളും ബാധ്യതകളും സദ്ഭാവനയുടെയും സൗഹൃദത്തിന്റെയും മനോഭാവത്തിൽ നിർണയിക്കുകയും അതിരുകൾ വ്യക്തമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ടും, ഇവിടെ അംഗീകരിച്ച വ്യവസ്ഥകളുടെ വ്യാഖ്യാനമോ പ്രയോഗമോ സംബന്ധിച്ച് ഭാവിയിൽ ഉയർന്നുവരാവുന്ന എല്ലാ ചോദ്യങ്ങൾക്കും സഹകരണ മനോഭാവത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള വ്യവസ്ഥകൾ ഒരുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ടും…
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന പ്രയോഗങ്ങൾ:
in a spirit of goodwill and friendship → സദ്ഭാവനയുടെയും സൗഹൃദത്തിന്റെയും മനോഭാവത്തിൽ
in a cooperative spirit → സഹകരണ മനോഭാവത്തിൽ
ഇതാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമീപകാലത്ത് ആവർത്തിച്ച് ഉദ്ധരിച്ചിരിക്കുന്ന ആമുഖഭാഗം. പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണച്ചതിലൂടെ ഈ “goodwill and friendship” (സദ്ഭാവനയും സൗഹൃദവും) എന്ന അടിസ്ഥാനതത്വം തന്നെ ലംഘിച്ചുവെന്നാണ് ഇന്ത്യയുടെ വാദം
ഒരു കരാറിന്റെ അടിസ്ഥാനം തന്നെ തകർക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടാൽ പിന്നെ എന്തിനു മുകളിൽ ആയിരിക്കും ആ കരാർ പടുത്തുയർത്തുക എന്ന ചോദ്യമുണ്ട്.അല്ലെങ്കിൽ അടിത്തറ തകർന്ന അവസ്ഥയിൽ എങ്ങനെ അതിനുമുകളിൽ ഉള്ളത് നിലനിൽക്കും എന്ന് ചോദ്യം ഉണ്ട്.
ഈ ചോദ്യം അന്താരാഷ്ട്ര തലങ്ങളിലേക്ക് കരാറുകളിൽ എല്ലാ കാലത്തും അതിലെ കക്ഷികൾ ഉന്നയിച്ചിട്ടുള്ളതാണ്.
ഉന്നയിക്കുക മാത്രമല്ല അതിൽ ഉറച്ചു നിന്നുകൊണ്ട് കരാർ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.ഏറ്റവും നല്ല ഉദാഹരണം കഴിഞ്ഞദിവസം അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാർ തന്നെ.
അതിൻറെ അടിസ്ഥാന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു മറുപക്ഷം എന്നു പറഞ്ഞു കൊണ്ടാണ് ആ കരാർ മാറ്റിവെച്ചുകൊണ്ട് പരസ്പരം ആക്രമണങ്ങൾ തുടരുന്നത്.
കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചതിന്റെ തെളിവാണ് രണ്ട് കത്തുകളും
ഇന്ത്യ ആശ്രയിക്കുന്ന പ്രധാന വാദങ്ങൾ ഇവയാണ്.
കരാറിന്റെ അടിസ്ഥാനമായ വിശ്വാസവും സഹകരണവും പാകിസ്താന്റെ നടപടികൾ മൂലം തകർന്നു.
ഭീകരവാദം ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്.
അതിനാൽ അസാധാരണ ദേശീയ സുരക്ഷാ സാഹചര്യത്തിൽ കരാറിന്റെ പഴയ രീതിയിലുള്ള നടപ്പാക്കൽ അസാധ്യമാകുന്നു.
2023 മുതൽ തന്നെ കരാർ പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു. പാകിസ്താൻ അതിന് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് ഇന്ത്യ പറയുന്നത്.
അതായത്, “ഞങ്ങൾ ഏകപക്ഷീയമായി കരാർ ലംഘിക്കുന്നില്ല. മാറിയ സാഹചര്യത്തിൽ കരാർ പുനഃക്രമീകരിക്കേണ്ടതുണ്ട്” എന്ന നിലപാടാണ് ഇന്ത്യ അവതരിപ്പിക്കുന്നത്.

രണ്ട് കത്തുകളിലൂടെയും ഈ കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.കരാറിലെ നടപടിക്രമങ്ങളുടെ ഭാഗമായി തന്നെയാണ് ആ കത്തുകൾ നൽകിയിട്ടുള്ളത്.അതിൻറെ അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തം രാജ്യത്തിൻറെ നിലനിൽപ്പും സുരക്ഷയും മുൻനിർത്തി തീരുമാനങ്ങൾ എടുത്തിരിക്കുന്നു.അവിടെ നിന്നുകൊണ്ട് മാറിയ സാഹചര്യങ്ങളെ വിലയിരുത്തി കരാർ പുതുക്കുകയും റദ്ദ് ചെയ്യുകയോ ചെയ്യാം എന്ന് നിലപാടാണ് ഇന്ത്യയുടേത്.അന്താരാഷ്ട്ര വേദികളിൽ സഖ്യങ്ങളുടെ ബലം പരിശോധിക്കുന്ന കാര്യങ്ങളാണ് ഇത്തരം തർക്കങ്ങൾ.അല്ലാതെ അതിനൊന്നും കൃത്യമായ നിയമങ്ങളും കീഴ്വഴക്കങ്ങളും ഇല്ല.ഒരു അന്താരാഷ്ട്ര വേദിയിൽ ഈ തർക്കം വന്നു കഴിഞ്ഞാൽ അതിന്റെ പരിസമാപ്തി ആ അന്താരാഷ്ട്ര പുറത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പിന്തുണ എന്നുള്ളതിലാണ്.അതാകട്ടെ അതിലെ കക്ഷികൾക്കുള്ള പിന്തുണയുമാണ്.ലോക രാഷ്ട്രീയത്തിലെ ശക്തി സന്തുലനത്തിന്റെ ഒരു കണക്കെടുപ്പ് മാത്രമേ അത് ആവുകയുള്ളൂ.
തർക്കം പാക്കിസ്ഥാന്റെ കഴുത്തിന് പിടിക്കുന്നതിനു തുല്യം
പാകിസ്താന് സിന്ധു നദീതടം ഒരു സാധാരണ നദീസംവിധാനമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ താങ്ങിനിർത്തുന്ന ജീവനാഡിയാണ്. ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ ജലസേചന ശൃംഖലയായ ഇൻഡസ് ബേസിൻ ഇറിഗേഷൻ സിസ്റ്റം (IBIS) ഈ നദികളെയാണ് ആശ്രയിക്കുന്നത്. ഇൻഡസ്, ജെലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളിൽ നിന്നുള്ള ജലമാണ് പഞ്ചാബിലെയും സിന്ധിലെയും വിശാലമായ കൃഷിഭൂമികളിലേക്ക് കനാലുകളിലൂടെ എത്തുന്നത്. ഗോതമ്പ്, അരി, പരുത്തി, കരിമ്പ് തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനം ഈ ജലലഭ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ലോകബാങ്കിന്റെ പഠനമനുസരിച്ച് പാകിസ്താനിലെ ഭക്ഷ്യോൽപാദനത്തിന്റെ ഏകദേശം 90 ശതമാനത്തിനും സിന്ധു നദീതടത്തിലെ ജലമാണ് അടിസ്ഥാനമായിരിക്കുന്നത്. രാജ്യത്തെ കൃഷി മേഖലയിൽ ഉപയോഗിക്കുന്ന ജലത്തിന്റെ 90 ശതമാനത്തിലേറെയും ഈ നദീതടത്തിൽ നിന്നാണ് ലഭിക്കുന്നത്. മഴ കുറവും അനിയന്ത്രിതവുമായ രാജ്യമായതിനാൽ, ജലസേചനം ഇല്ലാതെ പാകിസ്താനിലെ കാർഷിക വ്യവസ്ഥയ്ക്ക് നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് സിന്ധു നദിയെ പാകിസ്താനിൽ പലരും “രാജ്യത്തിന്റെ ജീവധമനി” എന്ന് വിശേഷിപ്പിക്കുന്നത്.
Pok, ബലൂചിസ്ഥാൻ ഇനി സിന്ധ് കൂടി !
സിന്ധു നദിയിലെ ജലം പാകിസ്താനെ സംബന്ധിച്ച് വെറും കൃഷിയുടെയും സമ്പത്തിനെയും പ്രശ്നം മാത്രമല്ല.പഞ്ചാബ് സിന്ധു പ്രദേശങ്ങളാണ് പാക്കിസ്ഥാന്റെ സാമ്പത്തിക ജീവിതത്തിൽ നട്ടെല്ല്.പാക്കിസ്ഥാൻ രാഷ്ട്രീയ വ്യവസ്ഥയുടെ നട്ടെല്ലും ഈ പ്രവിശ്യകളാണ്.അവിടെ ഇളക്കം തട്ടിയാൽ പാക്കിസ്ഥാൻ എന്ന രാഷ്ട്രം തന്നെ തകരും.മേഖല ഇപ്പോൾ തന്നെ നിയന്ത്രണത്തിന് വെളിയിലാണ്.അവരുടെ സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചു കഴിഞ്ഞു. വടക്ക് പടിഞ്ഞാറൻ പ്രവിശകൾ അഫ്ഗാൻ സ്വാധീനത്തിലാണ്.പാകിസ്ഥാൻ കൈവശം വച്ചിരിക്കുന്ന കാശ്മീർ ഭാഗങ്ങളിൽ പ്രക്ഷോഭം ആളിക്കത്തി കൊണ്ടിരിക്കുകയാണ്.പ്രക്ഷോഭകാരികൾ ഇന്ത്യൻ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.യും പഞ്ചാബിലെയും കർഷകർ കൂടി വെള്ളത്തിൻറെ പേരിൽ കലാപവുമായി രംഗത്തുവന്നാൽ പിന്നെ പാക്കിസ്ഥാൻ എന്ന രാജ്യത്തിന് നിലനിൽപ്പില്ല എന്നതാണ് സത്യം.ഇത് പാകിസ്ഥാൻ ഭരണാധികാരികൾക്ക് നന്നായിട്ട് അറിയാം.വെള്ളം രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമായി മാറും എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് ആണവ ആയുധത്തെപ്പറ്റി പോലും അവർ പറയുന്നത്.
പാക്കിസ്ഥാന് കരാർ പുതുക്കി എഴുതുന്നതിന് കൂട്ടു നിൽക്കുകയല്ലാതെ വഴിയില്ല
അതുകൊണ്ടുതന്നെ ഇന്ത്യ കരാർ ഔപചാരികമായി റദ്ദാക്കുന്നുണ്ടോ എന്നതിനെക്കാൾ, കരാറിന്റെ വ്യാഖ്യാനത്തിലും നടപ്പാക്കൽ രീതിയിലും മാറ്റം വരുത്തുന്നതാണ് പാകിസ്താനെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കാരണം സിന്ധു ജലകരാർ ഇന്ത്യയ്ക്ക് പടിഞ്ഞാറൻ നദികളിൽ ചില പരിമിത അവകാശങ്ങൾ നൽകുന്നുണ്ടെങ്കിലും, അവ എങ്ങനെ പ്രയോഗിക്കണം എന്നതിൽ നിരവധി സാങ്കേതിക വ്യവസ്ഥകളുണ്ട്. ഇന്ത്യ അണക്കെട്ടുകളുടെ പ്രവർത്തനരീതി, ജലസംഭരണത്തിന്റെ സമയം, അറ്റകുറ്റപ്പണികൾക്കായി വെള്ളം താൽക്കാലികമായി തടഞ്ഞുവയ്ക്കൽ, പുതിയ ജലവൈദ്യുത പദ്ധതികളുടെ രൂപകൽപന തുടങ്ങിയ വിഷയങ്ങളിൽ കരാറിനെ കൂടുതൽ കർശനമായി സ്വന്തം അനുകൂലമായി വ്യാഖ്യാനിക്കാൻ തുടങ്ങിയാൽ പോലും, പാകിസ്താനിലെ കൃഷിക്കാലത്ത് ലഭിക്കുന്ന ജലത്തിന്റെ സമയക്രമം ബാധിക്കാം. പ്രത്യേകിച്ച് വിത്തിറക്കൽ, നെൽകൃഷി, ഗോതമ്പ് കൃഷി തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ ഏതാനും ദിവസത്തെ ജലക്കുറവ് പോലും ആയിരക്കണക്കിന് ഹെക്ടർ കൃഷിയെയും കോടിക്കണക്കിന് രൂപയുടെ വിളവിനെയും ബാധിക്കുമെന്നതാണ് ഇസ്ലാമാബാദിന്റെ ഭയം. അതുകൊണ്ടാണ് ഇന്ത്യയുടെ സമീപനത്തിലെ ചെറിയ നയമാറ്റം പോലും പാകിസ്താൻ വെറും ജലവിഷയമായി കാണാതെ, ഭക്ഷ്യസുരക്ഷയെയും സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന വിഷയമായി കണക്കാക്കുന്നത്.
കരാർ മരവിപ്പിച്ചുകൊണ്ട് ഇന്ത്യ ചെയ്യുന്നത് എന്തെല്ലാം ?
സിന്ധു ജലകരാർ മരവിപ്പിച്ചതിനുശേഷം ഇന്ത്യ സ്വീകരിച്ച നടപടികൾ വെറും രാഷ്ട്രീയ പ്രഖ്യാപനങ്ങളല്ല, ഭരണപരവും സാങ്കേതികവും നിയമപരവുമായ മാറ്റങ്ങളാണ്. ഒന്നാമതായി, കരാറനുസരിച്ച് പാകിസ്താനെ മുൻകൂട്ടി അറിയിക്കേണ്ടിരുന്ന പല ജലനിയന്ത്രണ നടപടികളും ഇന്ത്യ ഇപ്പോൾ നിർബന്ധമായും പാലിക്കേണ്ട ബാധ്യതയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ സലാൽ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിൽ വർഷങ്ങളായി കരാറിന്റെ നിയന്ത്രണങ്ങൾ കാരണം നടത്താതിരുന്ന റിസർവോയർ ഫ്ലഷിംഗ് (അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മണലും ഒഴുക്കിക്കളഞ്ഞ് സംഭരണശേഷി വീണ്ടെടുക്കുന്ന നടപടി) ഇന്ത്യ ആരംഭിച്ചു. ഇതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷിയും വൈദ്യുതി ഉൽപ്പാദന കാര്യക്ഷമതയും വർധിപ്പിക്കാനാണ് ലക്ഷ്യം. കൂടാതെ, പാകിസ്താനിലേക്ക് ഒഴുകുന്ന ജലത്തിന്റെ അളവും സമയവും നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ സംഭരണസൗകര്യങ്ങൾ, കനാലുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയുടെ ആസൂത്രണവും വേഗത്തിലാക്കിയിട്ടുണ്ട്. ഇന്ത്യ ഇനി പാകിസ്താനെ പദ്ധതികളുടെ രൂപരേഖകൾ കൈമാറുകയോ പതിവ് ഹൈഡ്രോളജിക്കൽ വിവരങ്ങൾ പങ്കിടുകയോ ചെയ്യേണ്ട ബാധ്യത അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, സിന്ധു ജലകരാറുമായി ബന്ധപ്പെട്ട Court of Arbitration നടപടികളിലും Neutral Expert നടപടികളിലും ഇന്ത്യ പങ്കാളിത്തം നിർത്തിവെച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഇന്ത്യ പറയുന്നത്, കരാർ നിലവിലെ രൂപത്തിൽ പ്രാബല്യത്തിലില്ലെന്നും, ഭീകരവാദം അവസാനിപ്പിക്കാതെ അത് പുനഃസ്ഥാപിക്കില്ലെന്നും, കാലാവസ്ഥാ വ്യതിയാനം, വർധിച്ച ജനസംഖ്യ, ഇന്ത്യയുടെ വികസനാവശ്യങ്ങൾ, അതിർത്തി കടന്നുള്ള ഭീകരവാദം എന്നിവ ഉൾപ്പെടുത്തി കരാർ സമ്പൂർണമായി പുനഃചർച്ച ചെയ്യേണ്ടതുണ്ടെന്നുമാണ്.
ഷെൽഫിൽ നിന്നും പൊടിതട്ടിയെടുത്ത പദ്ധതികൾ എല്ലാം നടപ്പാക്കിയാൽ പിന്നെ കരാറില്ല
സിന്ധു ജലകരാർ പ്രാബല്യത്തിൽ ഉണ്ടായിരുന്നതിനാൽ പതിറ്റാണ്ടുകളായി കടലാസിൽ മാത്രം കിടന്നിരുന്ന നിരവധി ജലവൈദ്യുത, ജലസംഭരണ പദ്ധതികൾ ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുക്കാനാണ് ഇന്ത്യയുടെ നീക്കം. അതിൽ ഏറ്റവും വലിയ പദ്ധതി ചെനാബ് നദിയിലെ 1,856 മെഗാവാട്ട് ശേഷിയുള്ള സാവൽകോട്ട് (Sawalkot) അണക്കെട്ടാണ്. 1980കളിൽ ആലോചിച്ചെങ്കിലും കരാർ, സാമ്പത്തിക തടസ്സങ്ങൾ, പാകിസ്താന്റെ എതിർപ്പ് എന്നിവ കാരണം മുന്നോട്ടുപോകാനായിരുന്നില്ല. ഇതോടൊപ്പം കിർതായി 1 (390 മെഗാവാട്ട്), കിർതായി 2 (930 മെഗാവാട്ട്), ദുൽഹസ്തി രണ്ടാംഘട്ടം (260 മെഗാവാട്ട്), ജെലം നദിയിലെ യുറി രണ്ടാംഘട്ടം (ഏകദേശം 240 മെഗാവാട്ട്), ജെലത്തിന്റെ പോഷകനദിയായ സിന്ധ് നള്ളയിലെ ന്യൂ ഗന്ദർബൽ (93 മെഗാവാട്ട്) തുടങ്ങിയ പദ്ധതികളും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ ഇവയിൽ ഏറ്റവും തന്ത്രപ്രധാനമായി വിലയിരുത്തപ്പെടുന്നത് ചെനാബിന്റെ പോഷകനദിയായ മരുസുദാറിലെ ബുർസാർ (800 മെഗാവാട്ട്) പദ്ധതിയാണ്. സാധാരണ റൺ ഓഫ് ദ റിവർ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി വലിയ തോതിൽ വെള്ളം സംഭരിക്കാൻ കഴിയുന്ന അണക്കെട്ടായതിനാൽ, ജലപ്രവാഹം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള ശേഷി ഇതിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ ഇതിനകം നിർമാണത്തിലിരിക്കുന്ന പകൽ ദുൽ (1,000 മെഗാവാട്ട്), റാട്ട്ലെ (850 മെഗാവാട്ട്), കിരു (624 മെഗാവാട്ട്), ക്വാർ (540 മെഗാവാട്ട്) എന്നീ പദ്ധതികളുടെ ജോലിയും വേഗത്തിലാക്കാൻ കേന്ദ്രം നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതികൾ പൂർത്തിയായാൽ സിന്ധു നദീതടത്തിലെ പടിഞ്ഞാറൻ നദികളിൽ നിന്നുള്ള ഇന്ത്യയുടെ ജലവൈദ്യുത ഉൽപാദനശേഷി നിലവിലെ ഏകദേശം 3.3 ഗിഗാവാട്ടിൽ നിന്ന് 12 ഗിഗാവാട്ട് വരെ ഉയർത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ദീർഘകാല ലക്ഷ്യമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
എന്തുകൊണ്ട് സിന്ധു നദി ജല കരാർ ദേശീയ ചർച്ച ആകുന്നില്ല?
സിന്ധു നദീജല കരാർ സംബന്ധിച്ച് ഇപ്പോഴത്തെ സർക്കാർ എടുത്തിട്ടുള്ള നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ പാകിസ്താൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്നതാണ്. അത് ഇന്ത്യയുമായുള്ള ബന്ധത്തെയും ഇന്ത്യയെയും സ്വാധീനിക്കുന്നതാണ്. ഉറച്ച നിലപാടിൽ ഇന്ത്യ മുന്നോട്ടുപോയാൽ പാകിസ്താൻ കരാർ പുതുക്കുക മാത്രമല്ല, ഇന്ത്യയോടുള്ള സമീപനം പുതുക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യ എന്ന രാജ്യത്തിന് നേരെ 1947ൽ പാകിസ്താൻ ഉണ്ടായ അന്ന് മുതൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ യുക്തിസഹമല്ല. ഇന്ത്യ എന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന ആഗോള ശക്തികളുമായി കൈകോർത്ത് ഒടുവിൽ പാകിസ്താന്റെ തന്നെ സ്വാശ്രയത്വം ഇല്ലാതാകുന്ന അവസ്ഥയിൽ ആ രാജ്യം എത്തിയിരിക്കുകയാണ്. പരിഹാരമില്ലാത്ത മത്സരത്തിന്റെ വഴിയിൽ വീണുപോയ പാകിസ്താന് മാറി ചിന്തിക്കുന്നതിനുള്ള അവസരമാണ് സിന്ധു നദീജല കരാർ സസ്പെൻഡ് ചെയ്തതിലൂടെ വീണുകിട്ടിയിരിക്കുന്നത്. പുതിയ തുടക്കങ്ങളിലേക്ക് പാകിസ്താൻ രാഷ്ട്രീയത്തിന് മാറാൻ കഴിയും. അതും അല്ലെങ്കിൽ വൈകാരികമായി സിന്ധു, പഞ്ചാബ് ജനതയെ കയ്യിലെടുക്കാൻ കഴിയും എന്നു കരുതി അത് വച്ച് വില പറയാം. രണ്ടായാലും നഷ്ടം പാകിസ്താന് തന്നെയാണ്. സിന്ധു നദീജല കരാർ പക്ഷേ ഇത്രയധികം തന്ത്രപരവും ദേശസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ളതും ഇൻഡോ-പാക് ബന്ധത്തിലെ നവീന അധ്യായത്തിന്റെ സാധ്യതയും എല്ലാം ആയിട്ടും അതൊരു ദേശീയ വിഷയമായി ചർച്ച ചെയ്യപ്പെടുന്നില്ല. ഭരണ, പ്രതിപക്ഷ പാർട്ടികൾ ഇന്ത്യയിൽ അത്തരത്തിൽ അതിനെ അവതരിപ്പിച്ചുകൊണ്ടുവന്നിട്ടില്ല. ഭരിക്കുന്നവരെ എതിർക്കുന്ന പതിവ് ശൈലിക്ക് അപ്പുറം രചനാത്മകമായി ഈ വിഷയത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നും സമീപിച്ചിട്ടില്ല. രാജ്യാന്തര വിഷയങ്ങൾ ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിധിക്ക് പുറത്താണ്. ചർച്ചകൾക്ക് പുറത്താണ്. മനസ്സിലാക്കലിന് പുറത്താണ്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

