ബിഹാർ രാഷ്ട്രീയത്തിൽ ഇരുപത് കൊല്ലത്തോളം ഒരൊറ്റ പേരേ ഉണ്ടായിരുന്നുള്ളൂ—നിതീഷ് കുമാർ. കയ്യിൽ വലിയ വോട്ട് ബാങ്കോ സ്വന്തമായി വൻ ഗ്രൗണ്ട് സപ്പോർട്ടോ ഇല്ലെങ്കിലും, കൃത്യമായ സമയത്ത് മുന്നണി മാറിയും കളം മാറ്റി ചവിട്ടിയും കസേര വിട്ടുകൊടുക്കാത്ത ആ ‘പഴയ അടവ് നയം’ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയൊരു അത്ഭതമാണ്. എന്നാൽ, അടുത്തിടെ മുഖ്യമന്ത്രി കസേര ബിജെപി നേതാവ് സാമ്രാട്ട് ചൗധരിക്ക് കൈമാറി നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ ജെഡിയു (JD-U) എന്ന പാർട്ടിക്ക് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമുണ്ട്: “നിതീഷിന് ശേഷം ആര്? പാർട്ടിക്ക് എങ്ങനെ നിലനിൽപ്പുണ്ടാകും?”

ഗ്രൗണ്ട് സപ്പോർട്ടല്ല, ആ പഴയ ‘അടവ് നയമാണ്’ ഹീറോ; നിതീഷിന്റെ മാന്ത്രിക ലെഗസി
ലാലു പ്രസാദ് യാദവിനെപ്പോലെ കട്ട സപ്പോർട്ട് നൽകുന്ന യാദവ വോട്ട് ബാങ്കോ, ബിജെപിയെപ്പോലെ ശക്തമായ സംഘടന സംവിധാനമോ നിതീഷ് കുമാറിനോ ജെഡിയുവിനോ ബിഹാറിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും രണ്ട് പതിറ്റാണ്ട് ഭരിക്കാൻ നിതീഷിനെ സഹായിച്ചത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ടാക്റ്റിക്സ് (Tactics) മാത്രമാണ്.
ലുവ്-കുഷ് കൂട്ടുകെട്ടും ഇബിസിയും: കുർമി-കോയേരി (Luv-Kush) വിഭാഗങ്ങളെയും അതിപിന്നാക്ക വിഭാഗങ്ങളെയും (EBC) ഒപ്പം നിർത്തി വലിയ പാർട്ടികളെ സമ്മർദ്ദത്തിലാക്കുന്ന ഒരു വോട്ട് ശതമാനം നിതീഷ് എപ്പോഴും കൈവശം വെച്ചു.
മുന്നണി മാറ്റത്തിലെ ഉസ്താദ്: ആർജെഡിയുടെ ഒപ്പമിരുന്ന് ബിജെപിയും, ബിജെപിയുടെ ഒപ്പമിരുന്ന് ആർജെഡിയും പരസ്പരം പോരടിക്കുമ്പോൾ ആ വിടവ് മുതലെടുത്ത് മുഖ്യമന്ത്രി കസേര എപ്പോഴും നിതീഷ് തന്റെ പോക്കറ്റിലാക്കിയിരുന്നു.
153 പേരുടെ പടുകൂറ്റൻ കമ്മിറ്റി; ഇത് വെറുമൊരു മാറ്റമല്ല, ജീവൻ നിലനിർത്താനുള്ള പോരാട്ടം!
നിതീഷ് കുമാർ സജീവ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ പാർട്ടി തകരാതിരിക്കാൻ സംസ്ഥാന അധ്യക്ഷൻ ഉമേഷ് സിംഗ് കുശ്വാഹ പ്രഖ്യാപിച്ച പുതിയ സംസ്ഥാന കമ്മിറ്റി ശരിക്കും ഒരു ‘സർവൈവൽ സ്ട്രാറ്റജി’ (Survival Strategy) തന്നെയാണ്. 12 വൈസ് പ്രസിഡന്റുമാർ, 38 ജനറൽ സെക്രട്ടറിമാർ, 74 സെക്രട്ടറിമാർ എന്നിവരുൾപ്പെടെ 153 പേരുള്ള പടുകൂറ്റൻ ജംബോ കമ്മിറ്റിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇത്രയും വലിയൊരു കമ്മിറ്റി ഉണ്ടാക്കിയതിന് പിന്നിൽ പ്രധാനമായും രണ്ട് ബുദ്ധിയാണുള്ളത്:
ആരും പാർട്ടി വിട്ടു പോകരുത്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവർക്കും സീറ്റ് കൊടുക്കാൻ പറ്റില്ല. അതുകൊണ്ട് സീറ്റ് കിട്ടാത്ത മുതിർന്ന നേതാക്കൾക്ക് പാർട്ടിയിൽ വലിയ പദവികൾ കൊടുത്ത് കൂടെ നിർത്തുക, വിമത നീക്കങ്ങൾ തടയുക.
വോട്ട് ബാങ്ക് ചോരാതെ കാക്കുക: പുതിയ കമ്മിറ്റിയിൽ സ്ത്രീകൾക്കും മുസ്ലിം നേതാക്കൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ കുർമി, കുശ്വാഹ, പ്രജാപതി, മണ്ഡൽ തുടങ്ങിയ ഇബിസി (EBC) സമുദായങ്ങൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകി വോട്ട് ബാങ്ക് ഭദ്രമാക്കുകയാണ് ലക്ഷ്യം.
മാധ്യമങ്ങളിലേക്ക് കണ്ണ്; സോഷ്യൽ മീഡിയ പിടിക്കാൻ പുതിയ ടീം
വെറുമൊരു ജാതി സമവാക്യം മാത്രമല്ല, ഇനിയുള്ള കാലം ഡിജിറ്റൽ യുഗമാണെന്ന് ജെഡിയുവിന് മനസ്സിലായിട്ടുണ്ട്. ഇതിനായി മീഡിയ, ഐടി, കമ്മ്യൂണിക്കേഷൻ സെല്ലുകളുടെ ചുമതല മനീഷ് കുമാറിനെ ഏൽപ്പിച്ചുകൊണ്ട് വലിയൊരു പിആർ വർക്കിനാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്. നിതീഷിന്റെ വികസന മാതൃകയും ‘സുശാസൻ ബാബു’ എന്ന പ്രതിച്ഛായയും വരുംതലമുറയിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ വഴി വൻ ക്യാമ്പയിനുകളാണ് പ്ലാൻ ചെയ്യുന്നത്.
നിതീഷ് ഇല്ലാത്ത ജെഡിയു ബിജെപി വിഴുങ്ങുമോ?
ബിഹാറിലെ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, നിതീഷ് കുമാർ പടിയിറങ്ങുന്നതോടെ ജെഡിയു വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. നിതീഷിന്റെ വ്യക്തിപ്രഭാവത്തിൽ നിന്നിരുന്ന വോട്ടർമാർ പാർട്ടിക്ക് ഒപ്പം നിൽക്കുമോ എന്ന് കണ്ടറിയണം. പ്രത്യേകിച്ചും ബിഹാർ ഭരണം പൂർണ്ണമായും കയ്യിലെടുക്കാൻ ബിജെപി തക്കം പാർത്തിരിക്കുമ്പോൾ, പുതിയ ഈ പുനഃസംഘടന കൊണ്ട് എത്രത്തോളം കാലം ജെഡിയുവിന് സ്വതന്ത്രമായി മുന്നോട്ട് പോകാൻ കഴിയുമെന്നത് ബിഹാർ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചോദ്യമാണ്!