ഭോപ്പാൽ: ഭോപ്പാലിൽ അശോക് നഗർ ജില്ലയില്‍ രണ്ടുദിവസത്തിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മരണമടഞ്ഞു. രണ്ടു പേരുടെ സംസ്കാരവും നടത്തി. ഭോപ്പാലിലെ അശോക് നഗർ ജില്ലയിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുള്ള ലഖേരി- ബസാരതി ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് ജോഗി എന്ന ആളുടെ അഞ്ചു കുട്ടികളിൽ മൂന്ന് പേരാണ് മരണമടഞ്ഞത്. ഖുശി, വൈഷ്ണവി, ഖുശ്ബു എന്നിവരാണ് മരിച്ചത്. മരണത്തിൽ സംശയം തോന്നിയതിനാൽ ആരോഗ്യവകുപ്പും മന്ത്രിയും പോലീസും ഗ്രാമത്തിലെത്തി അന്വേഷിച്ചു. പൊതുജന ആരോഗ്യ വകുപ്പ് മന്ത്രി ബ്രിജേന്ദ്ര സിംഗ് സംഭവസ്ഥലത്തെത്തി അന്വേഷിച്ചു. 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസറോട് നിർദേശിച്ചു.
ലഖേരി- ബസാരതി ഗ്രാമത്തിലെ സുരേഷ് ജോഗിക്ക് അഞ്ച് പെൺമക്കളാണ് ഉള്ളത്. സുരേഷ് ജോഗിയുടെ മൊഴി ഇപ്രകാരമാണ്. ‘ആഗസ്റ്റ് 19 -ാം തീയതി മൂത്തമകൾ ഖുശിയുടെ ആരോഗ്യം മോശമായി. മരുന്ന് കൊടുത്ത് കിടത്തിയുറക്കി. അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുട്ടി കളി തുടങ്ങി. ഉച്ചയ്ക്കുശേഷംചർദ്ദിക്കാന് തുടങ്ങി. ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പേ മരണമടഞ്ഞു. അന്ന് തന്നെ രണ്ടാമത്തെ മകൾ വൈഷ്ണവിയുടേയും ആരോഗ്യം മോശമായി തുടങ്ങി. വൈഷ്ണവിയെ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങി. എങ്കിലും അധികം താമസിയാതെ ആ കുട്ടിയും മരണമടഞ്ഞു. ശനിയാഴ്ച 22-08 2020 ന് രാവിലെ ആറുമാസം മാത്രം പ്രായമുള്ള ഖുശ്ബുവിനും ഛർദ്ദി തുടങ്ങി. ഖുശ്ബു വീട്ടിൽ വെച്ചുതന്നെ മരണമടഞ്ഞു.’
വിവരമറിഞ്ഞെത്തിയ ഡോക്ടർമാരുടെ ഒരുസംഘം ബന്ധുക്കളോട് വിവരം ആരാഞ്ഞു. രണ്ടുദിവസം മുമ്പ് കുടുംബത്തിലെ എല്ലാവരും ചോളംകൊണ്ടുള്ള ചപ്പാത്തി ഉണ്ടാക്കി കഴിച്ചാണ് ഉറങ്ങിയത് എന്നും അതിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ അവരുടെ മൂന്ന് പെൺകുട്ടികൾ മരണമടഞ്ഞു എന്നും ബന്ധുക്കൾ പറഞ്ഞു.
രണ്ടു പെൺകുട്ടികളെയും മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. സാധാരണഗതിയില്‍ കുട്ടികളുടെ മൃതദേഹം ദഹിപ്പിക്കാറില്ല. കുടുംബത്തിലെ എല്ലാവരും ചോളം കൊണ്ട് ഉണ്ടാക്കിയ ചപ്പാത്തിയാണ് കഴിച്ചില്ലെങ്കിൽ മൂന്നു കുട്ടികൾ മാത്രം എങ്ങനെ മരണമടഞ്ഞു? ആറുമാസം പ്രായമുള്ള പെൺകുട്ടി എങ്ങനെ ചപ്പാത്തി കഴിച്ചു മരണമടഞ്ഞു? ഇതെല്ലാം സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണ്. ഖുശ്ബുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്താനായി കൊണ്ടുപോയി.

