പ്രശ്നം വിദ്യാഭ്യാസം തന്നെയാണ്. ഒറീസയിൽ നിന്ന് സംഭവം. പക്ഷേ ഒറീസയിൽ മാത്രമല്ല. പാഠപുസ്തകങ്ങൾ പരിഷ്കരിച്ച എല്ലാ സ്ഥലങ്ങളിലും സ്ഥിതി ഒന്നായിരുന്നു. വിവാദങ്ങളുടെ കാര്യമല്ല പറയുന്നത്. ഒന്നാന്തരം പിശകുകളും മണ്ടത്തരങ്ങളും പുസ്തകങ്ങളിൽ കുത്തിനിറച്ച് പുസ്തക പരിഷ്കരണം നിർവഹിച്ച കഥകളാണ് വിഷയം.
ഒഡീഷയിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നൂറുകണക്കിന് പിഴവുകൾ കണ്ടാണ് മുഖ്യമന്ത്രി നാല് എസ്.സി.ഇ.ആർ.ടി. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ആറുപേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തത്. ചരിത്രവും ഭൂമിശാസ്ത്രവും മുതൽ ഭാഷാപിശകുകൾ വരെ നിറഞ്ഞ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിയപ്പോൾ ഉയർന്ന ചോദ്യം ഒന്ന് മാത്രം: പാഠപുസ്തകം തയ്യാറാക്കിയത് വിദഗ്ധരോ, അതോ പ്രൂഫ് വായിക്കാത്ത കരടോ? അറിവ് പുതുക്കാനെന്ന പേരിൽ പുസ്തകം തുറന്നപ്പോൾ പുറത്തുവന്നത് പുതിയ അറിവല്ല, പുതിയ തെറ്റുകളായിരുന്നു.
പുതുക്കൽ എന്ന പേരിൽ ‘കട്ട് ആൻഡ് പേസ്റ്റ്’ വിദ്യാഭ്യാസം?
പാഠപുസ്തകം പുതുക്കുക എന്നത് പഴയ വരികൾ മാറ്റിയെഴുതലല്ല, പുതിയ ഗവേഷണവും കൃത്യമായ പരിശോധനയും ചേർത്ത് അറിവിനെ കാലാനുസൃതമാക്കലാണ്. പക്ഷേ ഓരോ പരിഷ്കരണത്തിനും പിന്നാലെ തെറ്റുകളുടെ പട്ടികയും ‘എറാറ്റ’ ഷീറ്റും ഇറക്കേണ്ടി വരുന്നത് മറ്റൊരു യാഥാർഥ്യം പറയുന്നു. പുസ്തകം തിരുത്താൻ നിയോഗിക്കപ്പെട്ടവർക്ക് വിഷയത്തിൽ പ്രാവീണ്യമുണ്ടോ, അതോ ഫയൽ പൂർത്തിയാക്കുന്നതാണ് ലക്ഷ്യമോ എന്ന സംശയം സ്വാഭാവികമാണ്. അറിവ് നവീകരിക്കുന്നതിനേക്കാൾ പഴയ പാഠം അതേപടി ആവർത്തിക്കുന്നതാണ് ഇന്ന് സുരക്ഷിതമായ ‘അധ്യാപന നൈപുണ്യം’ എന്ന അവസ്ഥയിലേക്കാണോ വിദ്യാഭ്യാസം നീങ്ങുന്നത്?
വിദ്യാർത്ഥിയോട് ഒരു അക്ഷരത്തെറ്റ് വന്നാൽ മാർക്ക് കുറയും.
എന്നാൽ അതേ തെറ്റ് നൂറുകണക്കിന് കോപ്പികളായി അച്ചടിച്ച് സർക്കാർ തന്നെ വിതരണം ചെയ്താൽ ഉത്തരവാദിത്തം ആരുടേത്? കുട്ടികൾ പുസ്തകത്തിൽ നിന്ന് അറിവ് പഠിക്കണോ, അതോ തെറ്റുകൾ കണ്ടെത്താനുള്ള പരിശീലനം നേടണോ? പാഠപുസ്തകം ഒരു രാജ്യത്തിന്റെ അറിവിന്റെ അടിത്തറയാണ്. ആ അടിത്തറയിൽ വിള്ളൽ വീഴുമ്പോൾ നഷ്ടമാകുന്നത് ഒരു അധ്യായമല്ല, ഒരു തലമുറയുടെ വിശ്വാസമാണ്. അതുകൊണ്ടുതന്നെ പാഠപുസ്തക പരിഷ്കരണം ഒരു അച്ചടി ജോലിയല്ല, ബൗദ്ധിക ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് വിദ്യാഭ്യാസ സംവിധാനത്തിന് ഇനി വൈകിയെങ്കിലും ഉണ്ടാകേണ്ട സമയമാണിത്.