പ്രധാന വിവരങ്ങൾ
- ഹൈക്കോടതി വിധിക്ക് പിന്നാലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
- ഡെപ്യൂട്ടി മേയർ ആശാനാഥ് ചടങ്ങിൽ പങ്കെടുത്തു.
- മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
- നടപടിക്കെതിരെ എൽഡിഎഫും യുഡിഎഫും പ്രതിഷേധം ഉയർത്തി.

News Portal

തിരുവനന്തപുരം, 2026 ജൂൺ 24 –
ഇഷ്ടദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് മണിക്കൂറുകൾക്കകം തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോടതി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ നിർദേശിച്ച 20 പേരിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെ 19 പേരാണ് വൈകിട്ട് മേയറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ “ദൈവനാമത്തിൽ” സത്യപ്രതിജ്ഞ ചെയ്തത്.
കാപ്പാ കേസിൽ കരുതൽ തടങ്കലിലുള്ള വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ചടങ്ങിൽ പങ്കെടുക്കാനായില്ല. ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ച ഉടൻ മേയർ വി.വി. രാജേഷ് നിയമോപദേശം തേടുകയും കോർപറേഷൻ സെക്രട്ടറിയുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് വീണ്ടും സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത്. തുടർന്ന് കൗൺസിലർമാരെ വിവരം അറിയിച്ച് വൈകിട്ട് 4.30ഓടെ ചടങ്ങ് ആരംഭിച്ചു.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ മുൻ സത്യപ്രതിജ്ഞ കേരള മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു കോടതി നിർദേശം.
അതേസമയം, പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. നടപടി ക്രമങ്ങൾ പാലിക്കാതെയും രഹസ്യമായും സത്യപ്രതിജ്ഞ നടത്തിയെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്. ബിജെപി ഭരണസമിതി കോടതി നിർദേശം പാലിച്ചതാണെന്നാണ് നിലപാട്.