തിരുവനന്തപുരം, 2026 ജൂണ്‍ 9 –
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്. ഒരേ സമയം രണ്ട് തോണിയില്‍ കാലുവെക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിയുടേതെന്നും ശ്രീനാരായണ ദര്‍ശനത്തിന് വിരുദ്ധമായ നിലപാടാണ് നിലവില്‍ എസ്എന്‍ഡിപി നേതൃത്വത്തിലുള്ളവര്‍ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരിക്കെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ വ്യക്തിയാണ് വെള്ളാപ്പള്ളി. അതേസമയം മകന് തുഷാര്‍ വെള്ളാപ്പള്ളിയെ ബിഡിജെഎസിന്റെ സംസ്ഥാന നേതാവാക്കിയെന്നും ആ പാര്‍ട്ടി സംഘപരിവാര്‍ ശക്തികള്ക്കൊപ്പമാണെന്നുമുള്ള വിമര്‍ശനവും ഉയര്‍ത്തി. ഭാര്യ പ്രീതി നടേശന് ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പരാമര്‍ശമുണ്ട്. ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നാണ് പി ജയരാജന്റെ നിലപാട്.
സിപിഐഎം സംസ്ഥാന സമിതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പരസ്യ പ്രതികരണം. വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണമെന്ന ആവശ്യം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരുന്നു. വര്‍ഗീയതയോടുള്ള മൃദുസമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതകളെയും ശക്തമായി എതിര്‍ക്കണമെന്ന നിലപാടും നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു.