പ്രധാന വിവരങ്ങൾ
- ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടുന്നത് സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെ തുടർന്നാണ്.
- ജനാധിപത്യത്തിൽ എല്ലാ പിഴവുകൾക്കും മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് ലേഖനത്തിന്റെ നിലപാട്.
- ഉത്തരക്കടലാസ് സ്കാനിംഗ്, സെർവർ പ്രവർത്തനം, സുരക്ഷ എന്നിവയിൽ സിബിഎസ്ഇയ്ക്ക് ഗുരുതര പിഴവുകൾ സംഭവിച്ചു.
- സർക്കാർ അന്വേഷണം നടത്തി ഉദ്യോഗസ്ഥരെ മാറ്റുകയും വിവിധ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
- പിഴവിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയാണ് നടപടി നേരിടേണ്ടത്, മന്ത്രിയെ അല്ലെന്നാണ് ലേഖനത്തിന്റെ പ്രധാന വാദം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമോ?
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പുതിയതായി രൂപപ്പെട്ടുവന്ന സോഷ്യൽ മീഡിയ രാഷ്ട്രീയ പ്രസ്ഥാനം സി ജെ പി യും ആവശ്യപ്പെടുകയാണ്. ഡൽഹി ജന്ദർ മന്ദിറിൽ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും നടക്കുകയും ഉണ്ടായി. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിമാരുടെ രാജി ഒരു സമര ആവശ്യ ആയുധം എന്ന നിലയിൽ ഉന്നയിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ പൊതുസമൂഹത്തിന് അത് വേണമെന്നും തോന്നാറുണ്ട്.അങ്ങനെ രാജിവെക്കുന്നത് ശരിയാണോ?
ആരാണ് യഥാർത്ഥ അധികാരി?
ആരാണ് ജനാധിപത്യ ഭരണഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് യഥാർത്ഥത്തിൽ അധികാരി?ആരിലാണ് അധികാരങ്ങൾ കുടികൊള്ളുന്നത്? ആരാണ് അതിന്റെ ഉറവിടം?
ഉത്തരം വ്യക്തമാണ് ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ അധികാരങ്ങളുടെയും ഉറവിടം പൗരനാണ്.
അഞ്ചുവർഷത്തേക്ക് പൗരൻ സ്വന്തം അധികാരം മറ്റൊരാൾക്ക് ചുമതലപ്പെടുത്തി നൽകുന്നതിനെയാണ് ജനപ്രതിനിധി എന്ന് പറയുന്നത്
ജനപ്രതിനിധികളിലൂടെ ആണ് ജനാധിപത്യത്തിൽ ഭരണ നിർവഹണം പൗരന്മാർ നടത്തുന്നത്
അങ്ങനെയെങ്കിൽ അഞ്ചുവർഷത്തേക്ക് ചുമതലപ്പെടുത്തിയ ആളോട് പദവി രാജിവെക്കുവാൻ എതിർപക്ഷ രാഷ്ട്രീയത്തിന്റെ നേതാക്കൾ ആവശ്യപ്പെട്ടാൽ അതുകൊണ്ട് മാത്രം രാജിവെക്കേണ്ടതുണ്ടോ? രാജിവെക്കേണ്ടതില്ല. അങ്ങനെ രാജിവെക്കാൻ തുടങ്ങിയാൽ ജനാധിപത്യത്തിലെ ഭരണ നിർവഹണം അസാധ്യമാകും. എന്നാൽ രാജിവെക്കാറുണ്ടല്ലോ? ഉണ്ട്
അതാവട്ടെ ഒരു ജനപ്രതിനിധി ഏറ്റെടുത്തിരിക്കുന്ന കാര്യങ്ങൾ നിർവഹിക്കുവാൻ കഴിഞ്ഞില്ല എന്ന് എല്ലാവർക്കും ബോധ്യമാകുന്ന ഘട്ടത്തിലാണ്. സ്വന്തം പാർട്ടിക്കാർ പോലും അതാഗ്രഹിക്കുമ്പോൾ ആണ്.
ഇവിടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്ന ചോദ്യം ഉയരുന്നത്
ധർമ്മേന്ദ്രപ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ വഹിക്കുന്ന ആളാണ്. അദ്ദേഹത്തിൻറെ ചുമതലകൾ രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അതിവിസ്തൃതമായ സ്ഥാപനങ്ങളുടെയും സംഘടന സംവിധാനങ്ങളുടെയും ഭാഗമായി നിർവഹിക്കപ്പെടുന്നതാണ്. അതിലെ ഓരോ സംവിധാനത്തിനും അത് നടത്തിക്കൊണ്ടു പോകുന്നതിന് ചുമതലക്കാരുണ്ട്, കീഴ്വഴക്കങ്ങളുണ്ട്, നിയമങ്ങളുണ്ട്,ചട്ടങ്ങളുണ്ട്. നിരവധിയായ ഈ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു പ്രശ്നം ഉണ്ടായാൽ ഒരു കുഴപ്പം സംഭവിച്ചാൽ അതിൻറെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിയായ ധർമ്മേന്ദ്രപ്രധാൻ രാജിവെക്കാൻ തുടങ്ങിയാൽ ധർമ്മേന്ദ്രപ്രധാന് മാത്രമല്ല അതിനുശേഷം ഇരിക്കുന്ന ആൾക്കും അത് കഴിഞ്ഞു വരുന്നയാൾക്കും രാജിവെക്കാൻ മാത്രമേ സമയം ഉണ്ടാവുകയുള്ളൂ
രാജി ആവശ്യപ്പെടുന്ന സാഹചര്യം എന്ത്?
ഇപ്പോൾ ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടുന്ന സാഹചര്യം പരിശോധിക്കാം. സിബിഎസ്ഇയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഭവിച്ച ചില വീഴ്ചകളാണ് രാജി ആവശ്യപ്പെടുന്നതിന് പിന്നിലുള്ളത്. ആ സംഭവങ്ങളെ വളരെ ചുരുക്കി ഇങ്ങനെ വിശകലനം ചെയ്യാം.
ഈ വർഷം മുതൽ പരീക്ഷകളുടെ ഉത്തരക്കടലാസ് നോക്കുന്ന രീതി ഡിജിറ്റലൈസ് ചെയ്യുവാൻ തീരുമാനിക്കുന്നു. അതായത് ഉത്തരകടലാസുകൾ സ്കാൻ ചെയ്ത് സെർവറിൽ ശേഖരിക്കുന്നു. അത് ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകർക്ക് അവരുടെ പ്രത്യേക അക്കൗണ്ടിലേക്ക് വീതിച്ചു നൽകുന്നു. ശരിയും തെറ്റും അടയാളപ്പെടുത്തി മാർക്ക് നൽകുന്നു. ഇതാണ് പുതിയ സംവിധാനം.
ഡിജിറ്റലൈസേഷനിലൂടെ സമയലാഭവും പണലാഭവും എല്ലാം ആർജിക്കുവാൻ രാജ്യത്ത് മുഴുവൻ നീക്കങ്ങൾ നടക്കുകയാണ്. ലോകത്തും അത് നടക്കുന്നുണ്ട്. ഡിജിറ്റലൈസേഷൻ കേന്ദ്രസർക്കാരിന്റെ നയമാണ്. അത് സിബിഎസ്ഇ യിൽ നടപ്പാക്കാൻ തീരുമാനിക്കുന്നു. സർക്കാരിന് കീഴിലുള്ള ഒരു പ്രത്യേക സംവിധാനമാണ് സിബിഎസ്ഇ.അതിൻറെ പ്രവർത്തനങ്ങൾ അടിതൊട്ടുമുടി വരെ ക്രമീകൃതമാണ്. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ സംവിധാനത്തിനുള്ളിൽ പുതിയൊരു നയം നടപ്പാക്കുന്നു. ഡിജിറ്റലൈസേഷൻ. അത് സർക്കാരിന്റെ നയമാണ്.
അത് നടപ്പാക്കേണ്ട സിബിഎസ്ഇ സ്വതന്ത്ര അധികാരവും നിയമവും ചട്ടവും മൂലം സ്ഥാപിക്കപ്പെട്ടത് ആണ്. അതിനനുസരിച്ചുള്ള ചുമതലക്കാരും പ്രവർത്തനതത്വവും പ്രവർത്തനരീതിയും അതിനുണ്ട്.
അവർ ഡിജിറ്റലൈസേഷൻ നടപ്പാക്കി. ആദ്യമായി ചെയ്യുമ്പോൾ പുലർത്തേണ്ട ജാഗ്രത അവരുടെ ഭാഗത്തുണ്ടായില്ല. പൈലറ്റ് പ്രോജക്ട് കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ചെയ്തില്ല.16 ലക്ഷം വിദ്യാർഥികളുടെ പരീക്ഷ പേപ്പറുകളാണ് കൈകാര്യം ചെയ്യേണ്ടത്. അത്രയും അളവ് വഹിക്കുവാൻ കഴിയുന്ന സെർവർ സംവിധാനം ഉണ്ടോ എന്ന് നോക്കിയില്ല. പിഴവുകൾ ഉണ്ടായാൽ എങ്ങനെ പരിഹരിക്കും എന്ന ട്രയൽ കൂടുതൽ എണ്ണം പരീക്ഷാ പേപ്പറുകൾ കൈകാര്യം ചെയ്തുകൊണ്ട് നടത്തിയില്ല. ഇതെല്ലാം സിബിഎസ്ഇയുടെ ഭാഗത്ത് ഉണ്ടായ വീഴ്ചയാണ്.
അതിൽനിന്ന് സർക്കാരും പാർലമെൻറ് സമിതിയും ഒക്കെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വീഴ്ചകളുടെ സ്വഭാവം സംക്ഷിപ്തമായി ഇനി പറയാം.
സിബിഎസ്ഇയുടെ ഭാഗത്ത് ഉണ്ടായ വീഴ്ചകൾ
സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ വായിക്കാൻ പറ്റാത്തവിധം മങ്ങിയിരുന്നു. 68,018 ഉത്തരക്കടലാസുകൾ ഗുണനിലവാര പ്രശ്നം കാരണം വീണ്ടും സ്കാൻ ചെയ്യേണ്ടിവന്നു. ഉത്തരക്കടലാസിലെ ചില പേജുകൾ സ്കാനിൽ ഉൾപ്പെട്ടില്ല. അധിക ഉത്തരഷീറ്റുകളും ചില കേസുകളിൽ കാണാതായി. ഒരു വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറിൽ മറ്റൊരാളുടെ ഉത്തരക്കടലാസ് അപ്ലോഡ് ചെയ്യപ്പെട്ടു. ഒരു വിദ്യാർത്ഥി തന്റെ ഉത്തരക്കടലാസിലെ കൈയക്ഷരം, ഇടവേളകൾ, വാചകരീതി എന്നിവ മുഴുവനും വ്യത്യസ്തമാണെന്ന് പരാതിപ്പെട്ടു.
ഇത്തരത്തിൽ 20 ഉത്തരക്കടലാസ് കൈമാറ്റ കേസുകൾ കണ്ടെത്തി.ചില ഉത്തരങ്ങൾ വിലയിരുത്താതെ പോയി. ഘട്ടംഘട്ടമായ മാർക്കിംഗ് ശരിയായി നടപ്പാക്കിയില്ല.ചില വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മൊത്തം മാർക്ക് കുറഞ്ഞു. പോർട്ടൽ പലപ്പോഴും പ്രവർത്തനരഹിതമായി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. അനാവശ്യ ഫീസ് ആവശ്യപ്പെടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പോർട്ടലിൽ സുരക്ഷാ പോരായ്മകൾ കണ്ടെത്തി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. കരാർ നൽകിയതിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംവിധാനം നടപ്പിലാക്കി. അധ്യാപകർക്ക് ആവശ്യമായ പരിശീലനം മതിയായ രീതിയിൽ ലഭിച്ചില്ല. വിലയിരുത്തൽ പ്രക്രിയയിൽ പരിചയക്കുറവ് പ്രകടമായി.
നടപടികൾ
ഒരു പ്രശ്നമുണ്ടായാൽ രണ്ട് കാര്യങ്ങളാണ് അതിൻറെ പരിഹാരതലത്തിലുള്ളത്. ആദ്യത്തേത് പ്രശ്നങ്ങൾ കണ്ടെത്തുക പരിഹരിക്കുക. രണ്ടാമത്തേത് അതിന് കാരണമായവർക്കും ആ സംവിധാനത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന വിധത്തിൽ ശിക്ഷ നടപടികൾ സ്വീകരിക്കുക
സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ഇനി പറയുന്നവയാണ്നേതൃത്വം മാറ്റി. സി.ബി.എസ്.ഇ. ചെയർമാൻ രാഹുൽ സിംഗിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും മാറ്റി. പകരം ലോക്ഹണ്ഡെ പ്രശാന്ത് സിതാറാമിനെയും വരുണ് ഭരദ്വാജിനെയും നിയമിച്ചു. കേന്ദ്ര സർക്കാർ ഒറ്റയാൾ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഒ.എസ്.എം. കരാർ നൽകിയ നടപടിക്രമം അന്വേഷിച്ചുവരുന്നു. 68,000 ഉത്തരക്കടലാസുകൾ വീണ്ടും സ്കാൻ ചെയ്തു. 13,000 ഉത്തരക്കടലാസുകൾ നേരിട്ട് വിലയിരുത്തി. പരാതിക്കാരനായ വിദ്യാർത്ഥിക്ക് ശരിയായ ഉത്തരക്കടലാസ് കൈമാറി. സൈബർ സുരക്ഷ ശക്തമാക്കി. സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് പോർട്ടലിലെ സുരക്ഷാ പോരായ്മകൾ പരിഹരിച്ചു. എല്ലാ വിവരങ്ങളും സി.ബി.എസ്.ഇ.യുടെ സെർവറിലേക്ക് മാറ്റി. സ്കാൻ കോപ്പിക്കുള്ള ഫീസ് 700 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു.
പാർലമെന്ററി സമിതി വിദ്യാർത്ഥിയുടെ പരാതികൾ കേട്ടു. ഒ.എസ്.എം. ടെൻഡർ നടപടികളിലെ 15 പിഴവുകൾ പരിശോധിച്ചു.
കമ്പ്യൂട്ടർ തകരാറുകൾ ഇനിയും ആവർത്തിക്കാം
ഇനി ഇതേ പ്രശ്നമോ മറ്റൊരു പ്രശ്നമോ പരീക്ഷയിലോ നോക്കുന്നതിലോ സംഭവിക്കുകയില്ല എന്ന് പറയാൻ ആവില്ല. കമ്പ്യൂട്ടർ തകരാറുകൾ ഇനിയും ആവർത്തിക്കാം.ലോകത്ത് ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും അപ്ലിക്കേഷൻ കമ്പ്യൂട്ടർ ഹാർഡ്വെയറുകളും ഒരുപാട് തവണ തിരുത്തപ്പെട്ടവയാണ്. ഇനിയും പിഴവുകൾ തിരുത്തി അപ്ഗ്രേഡ് ചെയ്തുകൊണ്ട് ഇരിക്കുന്നവയും ആണ്. അപ്ഗ്രേഡേഷൻ വരുമ്പോൾ മുഴുവൻ സംവിധാനങ്ങളും കുഴഞ്ഞുമറിയുന്ന സാഹചര്യങ്ങളും ഐടി ലോകത്ത് ഉണ്ട്. അങ്ങനെ ഒന്നും സംഭവിക്കാതെ കാര്യങ്ങൾ നിർവഹിക്കുന്നതിനാണ് ഓരോ കമ്പ്യൂട്ടർ സംവിധാനങ്ങൾക്കും വിദഗ്ധന്മാരെ നൽകിയിരിക്കുന്നത്. അതിനെയെല്ലാം ശുഷ്കാന്തിയോടുകൂടി പരിശോധിക്കുന്നതിനും നടപ്പാക്കുന്നതിനും ആയി ചുമതലക്കാരെയും വെച്ചിരിക്കുന്നത്.
ജനപ്രതിനിധികളെ രാജിവെപ്പിച്ചു പരിഹാരം കാണണം എന്ന ചിന്ത എത്ര യുക്തിസഹമാണ് എന്ന് പരിശോധിക്കാം
ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകുന്ന പിഴവുകൾക്കെല്ലാം ജനപ്രതിനിധികളെ രാജിവെപ്പിച്ചു പരിഹാരം കാണണം എന്ന ചിന്ത എത്ര യുക്തിസഹമാണ് എന്ന് പരിശോധിക്കുക. ജനപ്രതിനിധിയുടെ ഉത്തരവാദിത്വവും സിബിഎസ്ഇ സംവിധാനത്തിന്റെ ചുമതലക്കാരുടെ ഉത്തരവാദിത്വവുംകമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഉത്തരവാദിത്വവും എല്ലാം ഒറ്റ ഉത്തരവാദിത്തമല്ല. ഉത്തരവാദി മാത്രമാണ് ഉത്തരവാദിയാകേണ്ടത്.
ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ഭരണപരമായ ഒരു മണ്ടത്തരം
തീവണ്ടി അപകടം ഉണ്ടായതിന് റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ഒരു ഭരണ മാതൃകയായി ഉയർത്തിക്കാട്ടാൻ പാടില്ല. ഭരണപരമായ ഒരു മണ്ടത്തരം മാത്രമാണത്. സർക്കാർ ബസ് സർവീസിന്റെ ടയർ ഊരിത്തെറിച്ചാൽ മന്ത്രി രാജിവെക്കുകയല്ല ചെയ്യേണ്ടത്. ടയർ മുറുക്കിയ ആളെയും അത് പരിശോധിച്ച ആളെയും അവരെ രണ്ടുപേരെയും പണിയെടുപ്പിക്കുന്ന ഡിപ്പോ മാനേജരെയും ശിക്ഷിക്കുകയും അതുപോലെ ഒരു സാഹചര്യം ഒരു ഡിപ്പോയിലും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾക്ക് ഉത്തരവിട്ടു നടപ്പാക്കുകയും ആണ് മന്ത്രി ചെയ്യേണ്ടത്.
എല്ലാത്തിനും മന്ത്രിയെ ശിക്ഷിക്കണം എന്നുള്ളത് രാഷ്ട്രീയ ആവശ്യമാണ്. അതിനെല്ലാം അനുസരിച്ച് ശിക്ഷിക്കാൻ ഇരുന്നാൽ രാഷ്ട്രീയമേ നടക്കുകയുള്ളൂ. ഭരണ നിർവഹണം നടക്കുകയില്ല.
നിർവഹണം എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. അത് മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്ന കാര്യമാണ്. പൗരന്മാർക്ക് വേണ്ടി അവർ ചുമതലപ്പെടുത്തിയ ആൾ നിർവഹിക്കുന്ന കാര്യമാണ്.
ജനങ്ങൾ നൽകിയ അധികാരം കൈവശം വയ്ക്കുകയും ഭരണഘടനയും നിയമവും അനുസരിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടപ്പാക്കുകയും ചെയ്യുന്ന ആൾ അതിൽ വീഴ്ച വരുത്തിയാൽ മാത്രമേ രാജിവെക്കേണ്ടതുള്ളൂ. അല്ലാതുള്ള രാജിവെക്കലുകൾ ഭരണ അസ്ഥിരത സൃഷ്ടിക്കും. ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കുന്ന നടപടിയാണ് ‘

