ന്യൂഡൽഹി, 2026 മെയ് 30 –
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇരുപത്തിനാല് ദിവസം ജയിലിൽ
പരോളിൽ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഇരുപത്തിനാല് ദിവസം കൂടി ജയിലിൽ തുടരേണ്ടിവന്ന തടവുകാരന് പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. വ്യക്തിയുടെ സ്വാതന്ത്ര്യം നിസാര കാര്യമല്ലെന്ന് വ്യക്തമാക്കിയ കോടതി, രാജസ്ഥാൻ സർക്കാരിനെയാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. നിയമവിരുദ്ധ തടങ്കലിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കരോളും ജസ്റ്റിസ് എ ജി മസീഹും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ദൗദയാലിന്റെ മോചനം വൈകിയതിനെതിരെ സുപ്രീം കോടതി വിമർശനം
നിയമവിരുദ്ധ കൂട്ടംചേരൽ, അതിക്രമിച്ച് കടക്കൽ, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കേസുകളുമായി ബന്ധപ്പെട്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിൽ നാല് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ദൗദയാൽ.. രണ്ടായിരത്തി ഇരുപത്തിമൂന്നിൽ സ്ഥിര പരോളിനായി ദൗദയാൽ അപേക്ഷ നൽകിയെങ്കിലും ജയിൽ അധികൃതർ അനുവദിച്ചില്ല. തുടർന്ന് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ രണ്ടായിരത്തി ഇരുപത്തിനാലിലെ നവംബർ അഞ്ചിന് നിബന്ധനകളോടെ പരോൾ അനുവദിച്ചു. ഹൈക്കോടതി നിർദേശിച്ച എല്ലാ നിബന്ധനകളും പാലിച്ച ദൗദയാലിന്റെ ജാമ്യ ഉറപ്പുകൾ നവംബർ പതിമൂന്നിന് തന്നെ പരിശോധിച്ച് പൂർത്തിയാക്കിയിരുന്നു. എന്നിട്ടും മോചനം ലഭിച്ചില്ല. പിന്നീട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെയാണ് ഡിസംബർ ആറിന് ഉടൻ മോചിപ്പിക്കാൻ ഉത്തരവായത്.
കോടതി ഉത്തരവിനുമേൽ ഭരണനടപടികൾക്ക് മുൻഗണന നൽകാനാകില്ലെന്ന് പരാമർശം
കോടതി ഉത്തരവിന് പിന്നാലെ അപ്പീൽ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ആലോചിക്കുന്നതിനിടെ ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരാളെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടാൽ അത് ഉടൻ നടപ്പാക്കണമെന്നും മേൽക്കോടതി സ്റ്റേ അനുവദിച്ചാൽ മാത്രമേ തടയാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാൾ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന കാരണത്താൽ അദ്ദേഹത്തിന്റെ അവകാശങ്ങൾക്ക് കുറഞ്ഞ വില നൽകാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. ഔദ്യോഗിക നടപടികൾക്ക് സമയം ആവശ്യമായേക്കാമെങ്കിലും അത് ഒരാളുടെ സ്വാതന്ത്ര്യത്തെ ബാധിക്കരുതെന്നും കോടതി നിരീക്ഷിച്ചു. ദൗദയാലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പതിനൊന്ന് ലക്ഷം രൂപ നിക്ഷേപിക്കാനാണ് സുപ്രീം കോടതി നിർദേശം.