സിൽച്ചാർ: മേയ് 30
ആസാമിലെ സിൽച്ചാറിൽ ബംഗാളി വാർത്താ മാധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം. മാധ്യമപ്രവർത്തകനെ മർദിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു. ബരാക് ബാനി എന്ന മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനാണ് ആക്രമണം ഉണ്ടായത്.
സിൽച്ചാർ ടൗണിലെ സെക്കൻഡ് ലിങ്ക് റോഡ് പ്രദേശത്തുള്ള ഓഫീസിലാണ് സംഭവം നടന്നത്. ആക്രമണസമയത്ത് ഓഫീസിലുണ്ടായിരുന്ന റിപ്പോർട്ടർ രാജു ദാസിനെയാണ് ആക്രമി സംഘം ക്രൂരമായി മർദിച്ചത്. തലക്ക് പരിക്കേറ്റ രാജു ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു ചർച്ചയ്ക്കെന്ന വ്യാജേനയാണ് സംഘം ഓഫീസിനുള്ളിലേക്ക് കടന്നത്. പിന്നാലെ മാധ്യമപ്രവർത്തകനെ ആക്രമിക്കുകയും ഓഫിസിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയുമായിരുന്നു. ഓഫിസിനുള്ളിൽ വലിയ നാശനഷ്ടമുണ്ടായതായാണ് വിവരം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ മാധ്യമ പ്രവർത്തക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.