ന്യൂഡൽഹി /2026 / ഒക്ടോബർ 15
ഇന്ത്യൻ കാർഷികമേഖലയിലെ വനിതാ കർഷകരുടെ സംഭാവനകൾക്ക് ആദരമർപ്പിച്ച് മഹിളാ കിസാൻ ദിവസ് ആഘോഷിച്ചു. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള കൃഷി, കർഷകക്ഷേമ വകുപ്പാണ് ന്യൂഡൽഹിയിലെ ഡോ. ബി. ആർ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ പരിപാടി സംഘടിപ്പിച്ചത്. വകുപ്പ് സെക്രട്ടറി അതീഷ് ചന്ദ്ര അധ്യക്ഷനായി. കാർഷികവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലും വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിലും വനിതാ കർഷകർക്കുള്ള നിർണായക പങ്ക് പരിപാടി ഉയർത്തിക്കാട്ടി.
വരുമാനസഹായം മുതൽ യന്ത്രവൽക്കരണം വരെ; സ്ത്രീകൾക്ക് പിന്തുണ
കൃഷിയിലും അനുബന്ധ മേഖലകളിലും സ്ത്രീകൾ നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകൾ അതീഷ് ചന്ദ്ര പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഗ്രാമീണ ഉപജീവനമാർഗങ്ങൾ നിലനിർത്തുക, പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യുക, കാർഷികവികസനം മുന്നോട്ടുനയിക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. നേരിട്ടുള്ള വരുമാനസഹായം, താങ്ങാനാകുന്ന നിരക്കിലുള്ള സ്ഥാപനവായ്പകൾ, സാങ്കേതികവിദ്യ കൈമാറ്റം, നൈപുണ്യവികസനം, കാർഷിക യന്ത്രവൽക്കരണം, കാർഷിക വിപണനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ലഭ്യമാക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് ഈ പിന്തുണ നൽകുന്നത്.
വികസിത കൃഷിയും വികസിത ഇന്ത്യയും; വനിതാ കർഷകരുടെ പങ്കിന് പ്രാധാന്യം
വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പുരോഗമന കർഷകരായ സ്ത്രീകൾ, വനിതാ കാർഷിക വിജ്ഞാനവ്യാപന പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കൃഷി, കർഷകക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ‘വികസിത കൃഷിയും വികസിത ഇന്ത്യയും കെട്ടിപ്പടുക്കുന്നതിൽ വനിതാ കർഷകരുടെ പങ്ക്’ എന്നതായിരുന്നു ഇത്തവണത്തെ മഹിളാ കിസാൻ ദിവസിന്റെ പ്രമേയം. കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിലും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിലും ഗ്രാമീണ സമൃദ്ധിക്ക് സംഭാവന നൽകുന്നതിലും സ്ത്രീകൾക്കുള്ള നിർണായക പങ്കാണ് ഈ പ്രമേയം അടിവരയിടുന്നത്.

മികവ് തെളിയിച്ചവർക്ക് ആദരം; വിജയകഥകളുമായി പുസ്തകവും
കൃഷിയിലും അനുബന്ധ മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങളും സംഭാവനകളും കൈവരിച്ച വനിതാ കർഷകരെ പരിപാടിയിൽ ആദരിച്ചു. കാർഷിക പ്രവർത്തനങ്ങളിലും ഗ്രാമീണ സംരംഭങ്ങളിലും അവർ പ്രകടിപ്പിച്ച അർപ്പണബോധം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, പുതുമകൾ, നേതൃത്വശേഷി എന്നിവയ്ക്കുള്ള അംഗീകാരമായിരുന്നു ആദരം. ‘ഇന്ത്യയിലെ വനിതാ കർഷകർ: വെല്ലുവിളികളിൽനിന്ന് വിജയത്തിലേക്കുള്ള യാത്ര’ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. വനിതാ കർഷകരുടെ പ്രചോദനമേകുന്ന വിജയകഥകളാണ് പുസ്തകത്തിലുള്ളത്. കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള അവരുടെ സംഭാവനകൾ, നേട്ടങ്ങൾ, നൂതന ആശയങ്ങൾ, പ്രതിസന്ധികളിൽനിന്ന് വിജയത്തിലേക്കെത്തിയ അനുഭവങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു. കാർഷികമേഖലയിലെ സ്ത്രീകളുടെ നിർണായക പങ്കിനൊപ്പം അവരുടെ കഴിവും നേതൃത്വവും സംരംഭക മനോഭാവവും പുസ്തകം എടുത്തുകാട്ടുന്നു. വനിതാ കർഷകർക്കും കാർഷിക വിജ്ഞാനവ്യാപന പ്രവർത്തകർക്കും അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായും പരിപാടി മാറി. ചില പങ്കാളികൾ സ്വന്തം അനുഭവങ്ങളും വെല്ലുവിളികളും നേട്ടങ്ങളും കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനകളും സദസ്സിനോട് വിശദീകരിച്ചു. മെച്ചപ്പെട്ട കൃഷിരീതികൾ സ്വീകരിക്കുന്നതിലും ഗ്രാമീണ ഉപജീവനം ശക്തിപ്പെടുത്തുന്നതിലും കൂടുതൽ സ്ത്രീകളെ കാർഷികവികസനത്തിലേക്ക് പ്രചോദിപ്പിക്കുന്നതിലുമുള്ള അവരുടെ പങ്ക് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നതായിരുന്നു.
വിത്തുസംരക്ഷണം മുതൽ വിപണിയിലെത്തുംവരെ സ്ത്രീകളുടെ കൈത്താങ്ങ്
വിളകൃഷി, കന്നുകാലി പരിപാലനം, വിത്തുസംരക്ഷണം, പ്രകൃതിവിഭവ പരിപാലനം, വിളവെടുപ്പിനു ശേഷമുള്ള പ്രവർത്തനങ്ങൾ, മൂല്യവർധന എന്നിവയുൾപ്പെടെ കാർഷിക ഉൽപ്പാദനവുമായി ബന്ധപ്പെട്ട മുഴുവൻ ഘട്ടങ്ങളിലും വനിതാ കർഷകർ വലിയ സംഭാവന നൽകുന്നുണ്ട്. അവരുടെ പരമ്പരാഗത അറിവും സംരംഭക പ്രവർത്തനങ്ങളും നൂതനവും കാലാവസ്ഥാ പ്രതിസന്ധികളെ ചെറുക്കാൻ കഴിയുന്നതുമായ കൃഷിരീതികൾ സ്വീകരിക്കുന്നതും ഇന്ത്യൻ കൃഷിയെ കൂടുതൽ ഉൽപ്പാദനക്ഷമവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാക്കാൻ അനിവാര്യമാണ്. കാർഷിക ഗവേഷണത്തിനും കർഷക സമൂഹങ്ങൾക്കും ഇടയിലെ വിടവ് നികത്തുന്നതിൽ വനിതാ കാർഷിക ഉദ്യോഗസ്ഥരും വിജ്ഞാനവ്യാപന പ്രവർത്തകരും നിർണായക പങ്കുവഹിക്കുന്നു. പരിശീലനം, സാങ്കേതികവിദ്യകളുടെ പ്രചാരണം, ബോധവൽക്കരണം, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള മാർഗനിർദേശം എന്നിവയിലൂടെ ശാസ്ത്രീയ കൃഷിരീതികൾ സ്വീകരിക്കാൻ ഇവർ സഹായിക്കുന്നു. അറിവും സ്ഥാപനങ്ങളുടെ പിന്തുണയും ലഭ്യമാക്കി വനിതാ കർഷകരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആദിവാസി മേഖലകളിലെ വനിതാ കർഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ശ്രദ്ധ
കാർഷികമേഖലയിലെ മാറ്റങ്ങളിൽ സ്ത്രീകളെ പ്രധാന പങ്കാളികളായി അംഗീകരിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത മഹിളാ കിസാൻ ദിവസ് ആഘോഷം ആവർത്തിച്ചുറപ്പിച്ചു. സാങ്കേതികവിദ്യ, വിഭവങ്ങൾ, കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ, സ്ഥാപനങ്ങളുടെ പിന്തുണ എന്നിവ സ്ത്രീകൾക്ക് കൂടുതൽ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടി ഉയർത്തിക്കാട്ടി. കൃഷിയിലും അനുബന്ധ മേഖലകളിലും തീരുമാനമെടുക്കുന്നതിലും നേതൃത്വം വഹിക്കുന്നതിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും പ്രോത്സാഹിപ്പിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കാർഷിക വിജ്ഞാനവ്യാപന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന കാർഷിക മാനേജ്മെന്റ്, വിജ്ഞാനവ്യാപന പരിശീലന സ്ഥാപനങ്ങളിലും മാനേജിലും മഹിളാ കിസാൻ ദിവസ് ആചരിക്കുന്നുണ്ട്. വനിതാ കർഷകരും കാർഷികമേഖലയിലെ മറ്റു പങ്കാളികളും ഇതിൽ പങ്കെടുക്കുന്നു. ആദിവാസി മേഖലകളിലെ വനിതാ കർഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. വികസിത കൃഷി കെട്ടിപ്പടുക്കുന്നതിനും ഗ്രാമീണ ഉപജീവനം ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും വനിതാ കർഷകരെ ശാക്തീകരിക്കുകയും അവരുടെ സംഭാവനകൾ അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ആഘോഷം മുന്നോട്ടുവച്ചത്.
.