തിരുവനന്തപുരം | മേയ് 25
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് മർദിച്ചെന്ന വിവരമാണ് ആദ്യ കേസ് ഡയറിയിലുണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴയിൽ നവകേരള സദസിനിടെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വളയം തീർത്ത് മാറ്റിനിർത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതെന്ന് ആദ്യ കേസ് ഡയറിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും പുറത്തിറങ്ങി പ്രതിഷേധക്കാരെ ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നാലെ ഇവർ വീണ്ടും വാഹനത്തിൽ കയറി പോയതായും ഡയറിയിൽ പറയുന്നു. ഈ സംഘർഷത്തിനിടെ ലോക്കൽ പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. അരുൺ തയ്യാറാക്കിയ ആദ്യ കേസ് ഡയറിയാണ് പിന്നീട് തിരുത്തപ്പെട്ടതെന്നാണ് കണ്ടെത്തൽ. ഗൺമാൻമാരടക്കമുള്ളവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലായിരുന്നു തിരുത്തൽ റിപ്പോർട്ട്. തിരുത്തുന്നതിന് മുൻപുള്ള ഡയറി പെൻഡ്രൈവിൽ ആക്കി എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ എത്തിച്ചെന്നുമാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെത്തണമെന്നും കൂടുതൽ സാക്ഷിമൊഴികൾ ശേഖരിക്കണമെന്നും ആദ്യ ഡയറിയിൽ നിർദേശമുണ്ടായിരുന്നു. തിരുത്തുന്നതിന് മുൻപും ശേഷവുമുള്ള രണ്ട് ഡയറിയും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറാനാണ് തീരുമാനം.