.ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതൽ ഡൽഹിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദേശം നേരത്തെ പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റും കമ്മിറ്റിയും തയാറാക്കിയ പ്രാഥമിക വിലയിരുത്തൽ യോഗത്തിൽ റിപ്പോർട്ട് ചെയ്യും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തെ ഓൺലൈനായി ചേർന്ന പിബി യോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഈക്കാര്യത്തിലെ എതിർപ്പ് ഉയരാനാണ് സാധ്യത.
ഭരണവിരുദ്ധ വികാരം
കേരളത്തിലെ കനത്ത തോല്‍വിക്ക് ശേഷം ഡൽഹിയിൽ ചേര്‍ന്ന പിബി യോഗത്തില്‍ ഭരണവിരുദ്ധ വികാരമാണെന്നുള്ള അഭിപ്രായം ചില പിബി നേതാക്കള്‍ പങ്കുവച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു പുതിയ നേതൃത്വം വരണമെന്ന നിര്‍ദേശവും പിബി യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള സംസ്ഥാന തലത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം പിബി ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റ് പിണറായിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാന സമിതിയിലും പൊതുവികാരം പിണറായിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യം നിശ്ചയിക്കാന്‍ ഓണ്‍ലൈനായി പിബി യോഗം സംസ്ഥാന കമ്മിറ്റിക്കിടെ ചേരുകയായിരുന്നു.
അഞ്ചിലധികം അംഗങ്ങള്‍ രണ്ട് കാരണങ്ങള്‍ ചൂണിക്കാട്ടി പിണറായിയെ എതിര്‍ത്തു.
യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ രണ്ട് കാരണങ്ങള്‍ ചൂണിക്കാട്ടി പിണറായിയെ എതിര്‍ത്തു. ഒന്ന് ഭരണ വിരുദ്ധ വികാരം ഉണ്ടായ സാഹചര്യത്തില്‍ വീണ്ടും പിണറായി ഈ സ്ഥാനത്തേക്ക് വരുന്നത് ഉചിതമാകില്ല. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഇളവ് നല്‍കിയാണ് പിണറായിയെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നും അതിനാല്‍ വീണ്ടും ഒരു അധികാര സ്ഥാനത്തേക്ക് പിണറായി വരുന്നത് ഉചിതമാകില്ലെന്നും വാദം ഉയര്‍ന്നു.