അമൃത്സർ: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥിയെ അജ്ഞാതൻ കുത്തിക്കൊന്നു. പട്യാല ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിദ്യാർഥിയും മാൻസ ജില്ലയിലെ ബരേത സ്വദേശിയുമായ കമൽ ആണ്ല്ല കൊല്ലപ്പെട്ടത്. മെയ് 18 തിങ്കളാഴ്ചയാണ് സംഭവം. താമസസ്ഥലത്ത് വച്ചാണ് കമലിനെ കൊലപ്പെടുത്തിയത്.കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. തിങ്കളാഴ്ച പകൽ മുഴുവൻ ഫോൺ വിളിച്ചിട്ടും കമൽ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് വൈകുന്നേരത്തോടെ സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഫോറൻസിക് വിദഗ്ധരും ഡിഎസ്പി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ, ന്യൂ ഓഫീസർ കോളനി പോലീസ് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വസ്ത്രത്തിൽ രക്തക്കറകളുമായി പ്രദേശത്തുനിന്ന് ഓടിരക്ഷപ്പെടുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
“കെട്ടിടത്തിൽ നാലോളം വിദ്യാർഥികൾ പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്നു. ചോദ്യം ചെയ്യലിനായി അവരെയെല്ലാം കണ്ടെത്തി വരികയാണ്. മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്.’- മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.