പാറ്റ്ന: ബിഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറമിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടാനിരുന്ന സസാറം- പാറ്റ്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മെയ് 18 തിങ്കളാഴ്ച രാവിലെ ആറിനാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല.
ജനറൽ കോച്ചുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്.
.
ട്രെയിൻ പുറപ്പെടുന്നതിനായി പ്ലാറ്റ്ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6.45 ന് പാറ്റനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിലുണ്ടായിരുന്നു. സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു.
ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു.
അപകടത്തിൽ ട്രെയിനിന്റെ ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിൻഭാഗത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.