ന്യൂഡൽഹി | രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെയും എണ്ണ വിപണിയെയും ബാധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ,ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ വിദേശ നാണ്യ ശേഖരം സംരക്ഷിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ അദ്ദേഹം കുടുംബങ്ങളോട് ആവശ്യപ്പെട്ടു
അനാവശ്യമായ വിദേശയാത്രകളും ഒഴിവാക്കണം. ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാനും അദ്ദേഹം കുടുംബങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ, മെട്രോകൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തണം. ചരക്ക് നീക്കത്തിനായി റെയിൽവേയെ കൂടുതൽ ആശ്രയിക്കണമെന്നും കാർ പൂളിംഗ് പോലുള്ള രീതികൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കേണ്ടതിന്റെ .ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വെർച്വൽ കോൺഫറൻസുകൾ തുടങ്ങിയ രീതികൾ നടപ്പിലാക്കണം. .
കൊവിഡ് കാലത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, വെർച്വൽ കോൺഫറൻസുകൾ തുടങ്ങിയ രീതികൾ ഇന്ധന ലാഭത്തിനായി വീണ്ടും നടപ്പിലാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ദേശീയ താൽപ്പര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വ്യക്തിഗത ആരോഗ്യത്തിനുമായി പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു..
ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം.
കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജ പമ്പുകൾ കൃഷിക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഷൂസ്, ബാഗുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. വിദേശ വിനോദയാത്രകൾക്ക് പകരം ആഭ്യന്തര ടൂറിസം തിരഞ്ഞെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. .
ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതും ദേശസ്നേഹമാണ്
യു എസ് ഇസ്റാഈൽ സേനകളും ഇറാനും തമ്മിലുള്ള യുദ്ധം കാരണം ഹോർമുസ് കടലിടുക്ക് മാസങ്ങളായി തടസ്സപ്പെട്ടത് എണ്ണവില വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദേശ നാണ്യ ശേഖരം വലിയ തോതിൽ കുറയുന്നത് തടയാൻ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിർത്തിയിൽ ജീവൻ നൽകാൻ തയ്യാറാകുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതും ദേശസ്നേഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. .