കൊച്ചി: ഹോട്ടൽമുറിയിൽ യുവദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽമുറിയിൽ ഏപ്രിൽ 27 തിങ്കളാഴ്ച വൈകിട്ടോടെയാണ് കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.
ശിശുക്ഷേസമിതി കുട്ടിയെ ഏറ്റെടുത്തു.
തുടർന്ന് ശിശുക്ഷേസമിതി കുട്ടിയെ ഏറ്റെടുത്തു. ആദ്യം കാക്കനാടുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റിയ കുഞ്ഞിനെ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമ സമിതിക്ക് കൈമാറി. ദമ്പതിമാർ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസ് നിഗമനം.
കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അച്ഛൻ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബഹളംവച്ചു
എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് രാവിലെ 24കാരനായ അച്ഛൻ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബഹളംവച്ചു. 21കാരി അമ്മയും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് പോലീസ് റിപ്പോർട്ടുള്ളതിനാൽ കുട്ടിയെ വിട്ടുനൽകിയില്ല. തുടർന്ന് അമ്മയുടെ നാടായ പാലക്കാട് സിഡബ്ല്യുസിയിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സിഡബ്ല്യുസി ചെയർപേഴ്സൺ ഉല്ലാസ് മധു വ്യക്തമാക്കി.
വിവാഹ സർട്ടിഫിക്കറ്റും ഇവരുടെ പക്കലില്ല
ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ സിഡബ്ല്യുപിസി അധികൃതർ പാലക്കാടെത്തി കുട്ടിയെ കൈമാറി. കുട്ടിയുടെ മറ്റു ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുട്ടിയെ സുരക്ഷിതമായി കൈമാറാമെന്ന് കണ്ടെത്തിയാൽ മാത്രമേ കൈമാറുന്ന നടപടികൾ സ്വീകരിക്കാനാവൂ എന്നും പാലക്കാട് സിഡബ്ല്യുസി അറിയിച്ചു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. വിവാഹ സർട്ടിഫിക്കറ്റും ഇവരുടെ പക്കലില്ല.


