സംസ്ഥാനത്ത് ആന്റിവെനം നിര്‍മാണത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

പാലക്കാട് | പാമ്പുകടിക്കുള്ള പ്രതിവിഷമായ ആന്റിവെനം സംസ്ഥാനത്ത് നിര്‍മിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് അഞ്ച് മേഖലകളില്‍ മാത്രം കലക്ഷന്‍ സെന്ററുകള്‍ മതിയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടാണ് തിരിച്ചടിയായത്. ദക്ഷിണേന്ത്യക്ക് ചെന്നൈ കേന്ദ്രീകരിച്ച് ഉത്പാദനം നടത്തുന്നത് മതിയെന്നും എല്ലാ സംസ്ഥാനങ്ങളിലും സെന്ററുകള്‍ ആവശ്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

‘പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം’ പദ്ധതി അനിശ്ചിതത്വത്തിലായി.

അനുമതി ലഭിച്ചാല്‍ സംസ്ഥാനത്ത് തന്നെ ആന്റിവെനം ഉത്പാദനം ആരംഭിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ സൗകര്യമുള്ളതിനാല്‍ വേറെ കേന്ദ്രം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതി അനിശ്ചിതത്വത്തിലായി. ‘പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. പ്രാദേശികമായി പാമ്പുകളില്‍ നിന്ന് വിഷം ശേഖരിച്ച് പ്രതിവിഷം നിര്‍മിക്കാനുള്ള പദ്ധതിക്കായി വനംവകുപ്പ് പ്രാഥമിക ആലോചനകളും നടത്തിയിരുന്നു. .

നിലവില്‍ ആന്റിവെനം എത്തുന്നത് തമിഴ്നാട്ടിലെ ഇരുള ട്രൈബല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍നിന്നാണ്.

നിലവില്‍ കേരളത്തിലേക്ക് ആന്റിവെനം എത്തുന്നത് തമിഴ്നാട്ടിലെ ഇരുള ട്രൈബല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍നിന്നാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഏറ്റവും വിഷമുള്ള പാമ്പുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോളിവാലന്റ്ആന്റിവെനമാണ് ലഭിക്കുന്നത്. എന്നാല്‍ മുഴമൂക്കന്‍ കുഴിമണ്ഡലി പോലുള്ള ചില ഇനങ്ങളുടെ കടിക്ക് നിലവില്‍ പ്രതിവിഷമില്ല. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ ബെംഗളൂരു കേന്ദ്രീകരിച്ച് തുടരുകയാണ്.

തിരിച്ചടിയായി കേന്ദ്ര തീരുമാനം

സംസ്ഥാനത്ത് വിവിധ ഇനം പാമ്പുകളുള്ള സാഹചര്യത്തില്‍ പ്രാദേശികമായി വിഷം ശേഖരിച്ച് പ്രതിവിഷം വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റവര്‍ക്കും മുന്‍കരുതലായി ആന്റിവെനം നല്‍കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. എന്നാലിത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്. കടല്‍പ്പാമ്പുകളുടെ കടിയേറ്റ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അവക്കും പ്രത്യേക ആന്റിവെനം ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനതലത്തില്‍ ഉത്പാദനം തുടങ്ങാനുള്ള നീക്കത്തിന് കേന്ദ്രതീരുമാനം തിരിച്ചടിയായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →