ചെന്നൈ/കോൽക്കത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
234 നിയമസഭാ മണ്ഡലങ്ങളിൽ 4023 സ്ഥാനാർത്ഥികൾ
.
ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നിയമസഭാ മണ്ഡലങ്ങളിൽ 4023 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ഭരണത്തുടർച്ചയാണ് ഡിഎംകെയുടെ ലക്ഷ്യം. അധികാരത്തിൽ തിരിച്ചെത്താനാണ് എൻഡിഎയ്ക്കു നേതൃത്വം നല്കുന്ന അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്. ഇരു മുന്നണികൾക്കു പുറമേ നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നു.
ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്
ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. വടക്കൻ ബംഗാളിലെ 54 സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നടക്കുന്നതെന്നാണ് സവിശേഷത. 2021ൽ ബിജെപി 59 ഉം തൃണമൂൽ കോൺഗ്രസ് 93ഉം സീറ്റുകളിലാണ് വിജയിച്ചത്.
ആകെ 3.6 കോടി വോട്ടർമാർ. സുഗമമായ വോട്ടെടുപ്പിനായി 2450 കമ്പനി കേന്ദ്ര സേനയെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നത്.


