ന്യൂഡൽഹി: എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് ആണോ എന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
കേന്ദ്ര നിലപാട് വെള്ളാപ്പള്ളിയുടെ അയോഗ്യത കേസിലും നിർണായകമാകും
മെയ് 19-നകം നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. കേന്ദ്ര നിലപാട് വെള്ളാപ്പള്ളിയുടെ അയോഗ്യത കേസിലും നിർണായകമാകും.ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്.
1956-ലെ കമ്പനീസ് ആക്ട് പ്രകാരം ആണ് പ്രവർത്തനം തുടർന്നുവരുന്നത്
1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് യോഗം കമ്പനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്പനി ആക്ടിലേക്ക് രജിസ്ട്രേഷൻ മാറ്റി. 1961-ൽ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് നിലവിൽ വന്നെങ്കിലും യോഗം 1956-ലെ കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തനം തുടർന്നുവരികയായിരുന്നു.
എസ്.എൻ.ഡി.പിയിലെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്ന് കേന്ദ്ര സർക്കാർ
.എസ്.എൻ.ഡി.പിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2003-ൽ യോഗത്തിലെ ചില അംഗങ്ങൾ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി ആരംഭിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനും എസ്.എൻ.ഡി.പിയിലെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ 2005-ൽ ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ നിർദേശിച്ചുവെങ്കിലും കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നില്ല.
ഇതിനിടെ എസ്.എൻ.ഡി.പി. യോഗത്തിന് ബാധകം സംസ്ഥാന നിയമമാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ആ വിധി റദ്ദാക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര അതോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
. എസ്.എൻ.ഡി.പി. യോഗത്തിനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ഗിരി, അഭിഭാഷകൻ റോയ് ഏബ്രഹാം എന്നിവർ ഹാജരായി. മറ്റ് കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കെ. പരമേശ്വർ, പി.ബി. കൃഷ്ണൻ, അഭിഭാഷകരായ എ കാർത്തിക്, ആനി മാത്യു തുടങ്ങിയവർ ഹാജരായി.


