ഗോവ / 2026 / നവംബർ 23

..ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ ‘ബനാറസ്’ സിനിമയെക്കുറിച്ച് സംവിധായകൻ ഭാരത് ബാലയും സംഗീതസംവിധായകൻ എ. ആർ. റഹ്മാനും സംസാരിച്ചു. വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഇന്ത്യൻ പനോരമ വിഭാഗത്തിലാണ്. ഗംഗയുടെ തീരത്ത് അച്ഛന്റെയും മകളുടെയും ബന്ധത്തിലൂടെ സംഗീതവും ഓർമകളും തലമുറകൾ കൈമാറുന്ന പാരമ്പര്യവുമാണ് ചിത്രം പറയുന്നത്. അഭിഷേക് ബാനർജി, ഷഹാന ഗോസ്വാമി, നീരജ് കബി, ഛായാ കദം, ഇന്ദിര തിവാരി, ആന്റണിതാസൻ യേശുതാസൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. നവംബർ 20 മുതൽ 28 വരെയാണ് മേള.

ദേവ് ഗന്ധർവ രാഗവുമായി റഹ്മാൻ
ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും തന്റെ സംഗീതയാത്രയിലുടനീളം പ്രചോദനമായിട്ടുണ്ടെന്ന് റഹ്മാൻ പറഞ്ഞു. രാഗങ്ങളും അവ ഉണർത്തുന്ന വികാരങ്ങളും ഇപ്പോഴും തന്റെ സംഗീതത്തെ സ്വാധീനിക്കുന്നു. ‘ബനാറസി’ലെ ഈണങ്ങളിൽ പതിവായി ഉപയോഗിക്കാത്ത ദേവ് ഗന്ധർവ പോലുള്ള രാഗങ്ങളും ഉൾപ്പെടുത്തി. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പുതിയ സംഗീത പരീക്ഷണങ്ങൾക്ക് പ്രചോദനമാണെന്നും റഹ്മാൻ പറഞ്ഞു. പഞ്ചാബിയുടെ കരുത്തും ബംഗാളിയുടെ മാധുര്യവും പോലെ ഓരോ ഭാഷയ്ക്കും തനതായ ഭംഗിയുണ്ട്. എല്ലാ സംസ്കാരങ്ങളും താൻ ആസ്വദിക്കുന്നുണ്ടെന്നും ഭാഷകളും അവയുടെ സാംസ്കാരിക സവിശേഷതകളും തന്റെ സംഗീതത്തിൽ പലപ്പോഴും ഇഴചേരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗംഗയുടെ തീരത്തെ ആയിരക്കണക്കിന് വർഷങ്ങളുടെ ജീവിതം
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അച്ഛനും മകളും തമ്മിലുള്ള അടുപ്പവും സംഗീതപാരമ്പര്യം തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗംഗയുടെ നിത്യമായ ചൈതന്യത്തിലാണ് കഥ വിരിയുന്നതെന്ന് ഭാരത് ബാല പറഞ്ഞു. പല രീതിയിൽ സിനിമയിൽ വന്നിട്ടുള്ള നഗരമാണ് ബനാറസ്. എന്നിട്ടും അവിടെ ഇനിയും ഏറെ കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഗംഗ പരിപോഷിപ്പിച്ച ആയിരക്കണക്കിന് വർഷത്തെ ജീവിതാനുഭവങ്ങളാണ് നഗരത്തെ രൂപപ്പെടുത്തിയത്. ‘മരിയാൻ’ കഴിഞ്ഞ് ഏറെ നാളുകൾക്കു ശേഷമാണ് ബാല മുഴുനീള സിനിമയിലേക്ക് മടങ്ങുന്നത്. ഇടക്കാലത്ത് നിരവധി ഹ്രസ്വചിത്രങ്ങൾ ചെയ്തു. പറയണമെന്ന് തോന്നുന്ന ഒരു കഥ കിട്ടുമ്പോൾ മുഴുനീള സിനിമയെടുക്കുന്നതും ആ സർഗയാത്രയുടെ തുടർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
കുംഭമേളയുടെ തിരക്കിൽ മുഖഭാവങ്ങൾ പകർത്തി
വെളിച്ചവും ക്യാമറയുടെ കോണുകളും ദൃശ്യത്തിലെ ഘടകങ്ങൾ ക്രമീകരിക്കുന്ന രീതിയും ഉപയോഗിച്ച് അഭിനേതാക്കളുടെ മുഖത്തെ വികാരങ്ങൾ പകർത്താനാണ് ശ്രമിച്ചതെന്ന് ഛായാഗ്രാഹകൻ മാർക്ക് കോനിങ്ക്സ് പറഞ്ഞു. സിനിമയ്ക്കുള്ളിൽ തങ്ങളും ഉണ്ടെന്ന് പ്രേക്ഷകർക്ക് തോന്നണമെന്നായിരുന്നു ലക്ഷ്യം. ക്യാമറ സംഗീതം പോലെയാണെന്നും നിറങ്ങളും മറ്റു ദൃശ്യഘടകങ്ങളും ചേർത്തുവെച്ചാണ് ദൃശ്യങ്ങൾക്ക് താളമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിറങ്ങൾ കൂടിയാൽ അവയുടെ പ്രഭാവം കുറയും. അതുകൊണ്ട് കാഴ്ചക്കാരുടെ ശ്രദ്ധ വേണ്ടിടത്തേക്ക് കൊണ്ടുവരാനും വികാരമുണർത്താനും നിറങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിച്ചു. കുംഭമേള നേരിട്ട് ചിത്രീകരിച്ചപ്പോൾ ഈ രീതി ഏറെ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഥാപാത്രം ബാല്യത്തെ ഓർമിപ്പിച്ചു, ചിത്രീകരണം തെരുവുനാടകത്തെയും
അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പലപ്പോഴും സ്വന്തം ജീവിതത്തിലേക്ക് കടന്നുവരാറുണ്ടെന്നും അവ തന്റെ ഭാഗമാകാറുണ്ടെന്നും നടൻ നീരജ് കബി പറഞ്ഞു. മറവിരോഗമുള്ളയാളെയാണ് അദ്ദേഹം ‘ബനാറസി’ൽ അവതരിപ്പിക്കുന്നത്. ആ വേഷം സ്വന്തം ബാല്യത്തെ ഓർമിപ്പിച്ചെന്നും ഭാവിയെക്കുറിച്ചുള്ള ബോധമോ വർത്തമാനത്തെക്കുറിച്ചുള്ള തിരിച്ചറിവോ ഇല്ലാത്ത ഒരവസ്ഥയായാണ് അതിനെ അനുഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റുഡിയോയിൽ എല്ലാം നിയന്ത്രിച്ച് ചിത്രീകരിക്കുന്നതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു മഹാകുംഭമേളയിലെ അനുഭവമെന്ന് നടൻ അഭിഷേക് ബാനർജി പറഞ്ഞു. വലിയ ആൾക്കൂട്ടത്തിനിടയിൽ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയാതെ സ്വാഭാവികമായി അഭിനയിക്കേണ്ടിവന്നു. അതുകൊണ്ട് നടനും സംവിധായകനും തമ്മിലുള്ള വിശ്വാസം ഏറെ പ്രധാനമായി. കോളജ് കാലത്ത് കളിച്ച തെരുവുനാടകങ്ങളാണ് ഓർമ വന്നതെന്നും ‘തെരുവിലെ സിനിമ’ എന്നു വിശേഷിപ്പിച്ച ഈ ചിത്രീകരണം നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ മാറ്റിയെന്നും അഭിഷേക് പറഞ്ഞു. താൻ സംഗീതം നൽകിയ ‘ബനാറസും’ ‘രാമായണും’ മേളയിൽ പ്രദർശിപ്പിക്കുന്നതിൽ റഹ്മാൻ സന്തോഷം അറിയിച്ചു. വ്യത്യസ്ത കഥകൾക്ക് മേള നൽകുന്ന ഇടവും ഇന്ത്യയുടെ കഥപറച്ചിലിൽ സംഗീതത്തിനുള്ള സ്ഥാനവുമാണ് ഈ പ്രദർശനങ്ങൾ ഓർമിപ്പിക്കുന്നത്. മഹേഷ് കുമാറാണ് വാർത്താസമ്മേളനം നയിച്ചത്.

.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.