കോഴിക്കോട്: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പി.വി. അൻവർ. തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേരും പ്രഖ്യാപനവും മേയ് 15-ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ ഭാഗത്ത് നിന്നും അർഹമായ രീതിയിലുള്ള പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ഈ പിന്മാറ്റം.
നിലവിലെ സാഹചര്യത്തിൽ പാർട്ടിയുമായി ചേർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. തൃണമൂൽ വിട്ടതിന് പിന്നാലെ സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി സജീവമാകാനാണ് അൻവറിന്റെ തീരുമാനം.
പുതിയ പാർട്ടിയുടെ പേരും നയങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കും
അടുത്ത മാസം 15-ന് ഉള്ളിൽ പുതിയ പാർട്ടിയുടെ പേരും നയങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ ഇടത് പാളയത്തിൽ നിന്നും മാറി തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു പി.വി. അൻവർ. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ബേപ്പൂരിൽ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്.
