പാലക്കാട് | ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തെ തൊഴില്‍ മേഖലകള്‍ക്ക് കടുത്ത തിരിച്ചടിയാകുന്നു. ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഗ്യാസ് ക്ഷാമവുമാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തില്‍ ഏകദേശം 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്
നിര്‍മാണ-ഹോട്ടല്‍ മേഖലകളെയാണ് തൊഴിലാളിക്ഷാമം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം കേരളത്തില്‍ ഏകദേശം 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബംഗാള്‍, ബിഹാര്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.നിര്‍മാണമേഖലയിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലേറെയും ഇവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായ മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷം
തൊഴിലാളികളുടെ മടങ്ങിപ്പോക്കിനെ തുടര്‍ന്ന് വലുതും ചെറുതുമായ നിരവധി പദ്ധതികള്‍ നിലച്ചിരിക്കുകയാണ്. കഞ്ചിക്കോട് വ്യവസായ മേഖലക്ക് പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. മുന്‍വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പ് സമയത്ത് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നെങ്കിലും ഇത്തവണ കൂടുതല്‍ പേരാണ് മടങ്ങിയതെന്നും വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകളും തെറ്റായ പ്രചാരണങ്ങളുമാണ് മടങ്ങിപ്പോക്കിന് കാരണമായതെന്നുമാണ് കരാറുകാര്‍ പറയുന്നത്.
നിര്‍മാണമേഖലക്ക് തിരിച്ചടി.
ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേക്ക് പോയാല്‍ കുറഞ്ഞത് രണ്ട് മാസം കഴിഞ്ഞാണ് സാധാരണയായി മടങ്ങിവരുന്നത്. അതിനാല്‍ ജൂണ്‍ പകുതിക്ക് ശേഷമേ ഇവര്‍ തിരിച്ചുവരികയുള്ളൂ .എന്നാല്‍ ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിലര്‍ നാട്ടില്‍ തന്നെ തൊഴില്‍ ലഭിച്ചതിനാല്‍ തിരിച്ചുവരാന്‍ താത്പര്യമില്ലാത്ത നിലയിലാണ്. കേരളത്തില്‍ ഇരട്ടിയിലേറെ കൂലി ലഭിച്ചാലും പലരും സ്വന്തം നാട്ടില്‍ തുടരാനാണ് മുന്‍ഗണന നല്‍കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന നിര്‍മാണമേഖലക്ക് ഇത് വലിയ തിരിച്ചടിയാണ്. നിര്‍മാണരംഗത്തെ മന്ദഗതി സിമന്റ്, സ്റ്റീല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍12, 000 മുതല്‍ 20,000 കോടി വരെ സ്വന്തം നാട്ടിലേക്ക് അയക്കുന്നു
എല്‍ പി ജി പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്ന പല ഹോട്ടലുകളും വീണ്ടും തുറന്നെങ്കിലും തൊഴിലാളികളുടെ കുറവ് വലിയ പ്രശ്നമായി തുടരുന്നു. പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം കുറച്ചും സമയം കുറച്ചുമാണ് പ്രവര്‍ത്തനം തുടരുന്നത്. സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ഏകദേശം 40,000 കോടി രൂപ വേതനമായി ലഭിക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ ഏകദേശം 12, 000 മുതല്‍ 20,000 കോടി വരെ സ്വന്തം നാട്ടിലേക്ക് അയക്കുന്നതായും സര്‍വേകള്‍ വ്യക്തമാക്കുന്നു.
കുടുംബങ്ങളോടൊപ്പം കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടെ ചെലവഴിക്കുന്ന തുകയും ഉയര്‍ന്നിട്ടുണ്ട്. ഇത് സംസ്ഥാനത്ത് സമ്പദ്ഘടനയുടെ വളര്‍ച്ചക്കും സഹായകമാകുകയും ചെയ്യുന്നുണ്ട്്..
