കൊച്ചി| കൊച്ചി മെട്രോ തൂണുകള്‍ക്കരികിലെ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസം അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തി അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേന്‍ സെന്‍, ജസ്റ്റിസ് വിഎം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നു
മെട്രോ പൈല്‍ ക്യാപ്പുകള്‍ക്ക് അടുത്തുള്ള റോഡുകള്‍ ചില സ്ഥലങ്ങളില്‍ ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഹരജിയില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികര്‍ക്കാണ് കൂടുതല്‍ അപകട ഭീഷണിയുള്ളത്. യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. കടവന്ത്ര സ്വദേശി വടക്കന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. .
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോടതി
വിഷയവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളും കോടതി പരിഗണിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് കോടതി നിര്‍ദേശം. മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താന്‍ കൊച്ചി കോര്‍പ്പറേഷന്‍ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും, റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. ഹരജി ജൂണ്‍ 11ന് വീണ്ടും പരിഗണിക്കും..


