കാസർഗോഡ്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 72.9 ലക്ഷം രൂപ പിടികൂടി. കുമ്പള ആരിക്കാടി ദേശീയപാതയിൽ വച്ച് 61.5 ലക്ഷം രൂപയും കാസർഗോഡ് താലൂക്ക് ഓഫീസ് ജംഗ്ഷനിൽ വച്ച് 11.4 ലക്ഷം രൂപയുമാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞദിവസം രാത്രി ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും കുമ്പള പോലീസും ആരിക്കാടിയിലെ പഴയ ടോൾ ബൂത്തിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 61.5 ലക്ഷം രൂപ കണ്ടെടുത്തത്.കാറിന്റെ ഹാൻഡ് ബ്രേക്കിനു സമീപം പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന തളങ്കര സ്വദേശി ഷബീറിനെ അറസ്റ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് വാഹനപരിശോധന ഊർജിതമാക്കിയിരുന്നു.
ഏപ്രിൽ 1ന് പുലർച്ചെ രണ്ടോടെ കാസർഗോഡ് നഗരത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ അഴീക്കൽ സ്വദേശി അനൂപി (28) നെ 11.4 ലക്ഷം രൂപയുമായി പിടികൂടിയത്.കാറിലുണ്ടായിരുന്ന പണത്തിന്റെ രേഖകൾ ഹാജരാക്കാൻ യുവാവിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണമെത്തിക്കുന്നത് തടയുന്നതിനായി അതിർത്തിമേഖലയിൽ പോലീസ് വാഹനപരിശോധന ഊർജിതമാക്കിയിരുന്നു. വരുംദിവസങ്ങളിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹനപരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
