ഫരീദാബാദ്: ഹരിയാനയിൽ അമിതവേഗതയിലെത്തിയ ആഡംബര വാഹനമായ ബെൻസ് കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു. ഫരീദാബാദിലെ സെക്ടർ 15 പ്രദേശത്താണ് സംഭവം.മാർച്ച് 30 തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ ആനന്ദ് രാജ് ബിന്ദ് (28) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
സൊമാറ്റോയിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന ആനന്ദ്രാജ്, കഴിഞ്ഞ കുറേ വർഷങ്ങളായി ചാൻഡില ചൗക്കിനടുത്തുള്ള ഭട്ടോള ഗ്രാമത്തിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സെക്ടർ 15 ലെ ഫയർ ബ്രിഗേഡ് ഓഫീസിന് മുന്നിൽ വച്ച് അമിത വേഗതയിലെത്തിയ കാർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ആനന്ദും ബൈക്കും തെറിച്ചുപോയി.
സഹോദരൻ സ്ഥലത്തെത്തിയപ്പോൾ ആനന്ദിനെ അബോധാവസ്ഥയിൽ കണ്ടു. പ്രദേശവാസികളുടെ സഹായത്തോടെ, ആനന്ദ് രാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് മികച്ച ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയെങ്കിലും മരണംസംഭവിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
