തൊടുപുഴ: തൊടുപുഴയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അതിക്രമം. പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ ബോർഡുകൾക്കെതിരെ നേരത്തെ ഇലക്ഷൻ കമ്മീഷൻ നടപടി തുടങ്ങിയിരുന്നു. ഇതിൽനിന്ന് യുഡിഎഫ് ബോർഡുകൾ ഒഴിവാക്കിയെന്നാണ് ബിജെപിയും എൽഡിഎഫും ആരോപിക്കുന്നത്. ചട്ടങ്ങൾ പാലിക്കാത്ത പ്രചരണ ബോർഡുകൾ പിടിച്ചെടുക്കുന്നതിനിടെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനിടെ ഇതുവഴി കടന്നുപോയ യുഡിഎഫ് പ്രചരണ വാഹനങ്ങൾക്ക് നേരെയായിരുന്നു അതിക്രമം.
എൽഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനം
നിയമവിരുദ്ധമായ ഫ്ലക്സ് ബോർഡുകളാണ് അധികൃതർ നശിപ്പിച്ചതെന്ന് പ്രതികരിച്ച യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ്, പരാജയം മണത്തപ്പോൾ എൽഡിഎഫ് രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശിച്ചു. നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിൽ അദ്ദേഹം സമരമിരുന്നെങ്കിലും രാത്രി വൈകി അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സമരം അവസാനിപ്പിച്ചു.
