ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പ്രസ്താവനയ്ക്കിടെ ലോക്സഭയിൽ കനത്ത പ്രതിഷേധം. പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികളെയും ബഹളത്തെയും തുടർന്ന് സഭാനടപടികൾ ഇന്നത്തേയ്ക്ക് നിർത്തിവെച്ചു.സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും ചർച്ചയ്ക്കെടുത്തില്ല. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ ചർച്ച വേ ണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ പ്രസ്താവനയ്ക്കിടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
സാമ്പത്തിക സുരക്ഷാ വിഷയങ്ങളിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം
കേവലം ഒരു പ്രസ്താവനയിൽ ഒതുക്കാതെ, രാജ്യത്തെ ബാധിക്കുന്ന സാമ്പത്തിക സുരക്ഷാ വിഷയങ്ങളിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭ ശാന്തമാക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാത്തതിനെത്തുടർന്നാണ് ലോക്സഭാ നടപടികൾ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.
