കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മാർച്ച് നാല് ബുധനാഴ്ച ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ സ്ഥിരം ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുൾ അസീസ് അബ്ദുൾ ഹക്കിം, ജസ്റ്റിസ് ശ്യാം കുമാർ വടക്കേ മുടുവാക്കത്ത്, ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ, ജസ്റ്റിസ് മനു ശ്രീധരൻ നായർ, ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി, ജസ്റ്റിസ് മനോജ് പുലമ്പി മാധവൻ, ജസ്റ്റിസ് മരക്കാപറമ്പിൽ ഭാർഗവൻ സ്നേഹലത എന്നിവരാണ് പുതിയതായി നിയമിക്കപ്പെട്ടവർ
ജസ്റ്റിസ് സ്നേഹലത ഒഴികെയുള്ള ആറുപേരും അഭിഭാഷകരിൽ നിന്നാണ് ജഡ്ജിമാരായി നിയമിതരായത്
ഫെബ്രുവരി 12-ന് സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച ശുപാർശയിൽ ഇന്ത്യൻ ഭരണഘടനയുടെ 217-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു. തിങ്കളാഴ്ചയാണ് കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ജസ്റ്റിസ് സ്നേഹലത ഒഴികെയുള്ള ആറുപേരും അഭിഭാഷകരിൽ നിന്നാണ് ജഡ്ജിമാരായി നിയമിതരായത്. ജസ്റ്റിസ് സ്നേഹലത ജുഡീഷ്യൽ സർവീസിൽ നിന്നാണ് ഈ പദവിയിലെത്തിയത്.
ഹൈക്കോടതിയിലെ ജഡ്ജിമാരുടെ കുറവ് പരിഹരിക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഈ പുതിയ നിയമനങ്ങൾ സഹായിക്കുമെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.
