കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി ജെയിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യം
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പങ്കെടുത്തു. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
