ചെന്നൈ: ബസുകൾ പരസ്പരം കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുമ്മങ്കുടിയിൽ നവംബർ 30 നാണ് അപകടം നടന്നത്. തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗൽ ജില്ലയിലേക്കും പോകുകയായിരുന്ന രണ്ട് സർക്കാർ ബസുകളാണ് കൂട്ടിയിടിച്ചത്.
മരണസംഖ്യ ഉയർന്നേക്കും
ഇതിൽ ഒരു ബസിന്റെ ഡ്രൈവർ സീറ്റുൾപ്പെടെ പകുതിയിലധികം ഭാഗവും പൂർണമായി തകർന്നു. രണ്ട് ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർ സ്ഥലത്തെത്തി.
