കാസർഗോഡ് | ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ പോലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് (ഒക്ടോബർ 5) ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയാണ് നിർദേശം നൽകിയത്. മൈം അവതരണത്തിനിടെ പരിപാടി തടസ്സപ്പെടുത്തുകയും തുടർന്ന് കലോത്സവം മാറ്റിവെക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. മാറ്റിവെച്ച കലോത്സവം തിങ്കളാഴ്ച നടക്കും.
ഫലസ്തീനിലെ വേട്ടയാടപ്പെടുന്ന കുട്ടികൾക്കൊപ്പമാണ് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി
അദ്ധ്യാപകർ തടസ്സപ്പെടുത്തിയ മൈം അവതരിപ്പിക്കാൻ കുട്ടികൾക്ക് വീണ്ടും അവസരം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫലസ്തീനിലെ വേട്ടയാടപ്പെടുന്ന കുട്ടികൾക്കൊപ്പമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
