തിരുവനന്തപുരം: കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു
‘കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കയറ്റം തടുത്തുനിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. പൊതുവിതരണ രംഗം സർക്കാർ ശക്തമാക്കി’, മുഖ്യമന്ത്രി പറഞ്ഞു.
ശമ്പളം, ഡിഎ മറ്റ് ആനുകുല്യങ്ങൾ എന്നിവയ്ക്കായി 42100 കോടി രൂപ ചെലവഴിച്ചു
സിവിൽ സപ്ലെെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൺസ്യൂമർഫെഡ്, ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങൾ ഇതിൻ്റെ ഭാഗമായി. നല്ല രീതിയിൽ ഓണം ആഘോഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ക്ഷേമപെൻഷൻ നൽകുന്നതിന് 1,200 കോടി രൂപ വിതരണം ചെയ്തു. 60 ലക്ഷം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ശമ്പളം, ഡിഎ മറ്റ് ആനുകുല്യങ്ങൾ വിതരണം ചെയ്യാനായി സർക്കാർ 42100 കോടി രൂപ ചെലവഴിച്ചതായും അറിയിച്ചു. സമസ്തമേഖലകളിലും വികസനം ഉണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
