കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ ഇറക്കാൻ ചിലർക്ക് മാത്രം സമ്മതം നൽകുന്ന തീയറ്റർ ഉടമകളുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ സമ്മതം മൂളിയിരുന്നു. പൈറസി ഭീഷണി നേരിടുന്നതിനാലാണ് സിനിമയ്ക്ക് അനുമതി നൽകുന്നത് എന്നായിരുന്നു സംഘടനയുടെ വിശദീകരണം. എന്നാൽ മറ്റ് സിനിമകൾ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ ബഹിഷ്കരിക്കും എന്നും സംഘടന വ്യക്തമാക്കിയിരുന്നു. പൈറസി ഭീഷണി നേരിടുന്നതിനാൽ ചിത്രത്തിന്റെ നിർമാതാക്കളായ ആന്റോ ജോസഫ് ടോവിനോ തോമസ് എന്നിവർക്ക് വലിയ നഷ്ടമുണ്ടാകും എന്നതായിരുന്നു ഫിയോക്കിന്റെ വിശദീകരണം.
ഈ സാഹചര്യത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ‘ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ .. പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട് .അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണി കിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ ..’ എന്നാണ് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നത്.
വിജയ്ബാബുവിന്റെ ചിത്രമായ സൂഫിയും സുജാതയും ഒ.ടി.ടി പാറ്റ്ഫോമിൽ ഇറക്കിയതിനാൽ വിജയ് ബാബു, ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്റ്റുകളുമായി സഹകരിക്കേണ്ടതില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടന നേരത്തേ തീരുമാനിച്ചിരുന്നു.

