തൃശൂർ: വാടാനപ്പളളി, തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ.രജനിയുടെയും ഹേന കുമാറിൻ്റെയും മകൾ സ്മൃതിയുടെ മുന്നിലാണ് കള്ളൻ മുട്ടുമടക്കിയത്.
ഇക്കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് സ്മൃതിയുടെ വീട്ടിൽ കള്ളൻ കയറിയത്. ഉറങ്ങിക്കിടന്ന സ്മൃതിയുടെ വായ അടക്കം കളളൻ പൊത്തിപ്പിടിച്ചതോടെ ഞെട്ടി ഉണർന്ന സ്മൃതി തെല്ലും ഭയം കൂടാതെ തൻ്റെ സമീപത്ത് നിൽക്കുന്നത് കള്ളൻ തന്നെയെന്ന് ബോധ്യമാക്കി ഇയാളുടെ കൈത്തണ്ടയിൽ പിടിച്ച് ശക്തിയായി ഞെക്കിയതോടെ മുഖത്തു നിന്നും പിടി വിട്ട കള്ളൻ മോഷണം ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന സഹോദരനും മാതാപിതാക്കളും ഉണർന്നെങ്കിലും കള്ളനെ കണ്ടെത്തുവാനായില്ല.
കള്ളൻ്റെ കൈ തണ്ടയിൽ പിടിമുറുക്കിയതോടൊപ്പം ശബ്ദിച്ചു പോകരുതെന്നും ശബ്ദിച്ചാൽ കൊന്ന് കളയുമെന്നും സ്മൃതി പറഞ്ഞതോടെയാണ് തൻ്റെ വിരട്ടൽ കുട്ടിയോട് കാട്ടിയാൽ പണി കിട്ടുമെന്ന് ബോധ്യമായ കള്ളൻ ജീവനും കൊണ്ട് ഓടിയത്.
കനത്ത മഴയും വൈദ്യുതി നിലച്ച സമയം നോക്കിയാണ് മോഷ്ടാവെത്തിയത്. നിർമ്മാണം നടക്കുന്ന വീടിൻ്റെ മുകളിലെ നിലയിൽ തുറന്ന് കിടന്ന വാതിൽ വഴിയാണ് കള്ളൻ അകത്ത് കയറിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്റ്റുഡൻസ് കേഡറ്റിൻ്റെ പരിശീലനത്തിൽ പങ്കെടുത്തു വരികയാണ് സ്മൃതി.
കള്ളന് നേരെ പ്രയോഗിച്ച വിദ്യ ഫലിച്ചതിൻ്റെ സന്തോഷത്തിലും ത്രില്ലിലുമാണ് വിദ്യാർത്ഥിനി. ഇനിയും ഇത്തരം നിരവധി പ്രയോഗങ്ങൾ കൈവശമുള്ളതായും അത് അങ്ങനെ പുറത്തു വിടാൻ കഴിയില്ലെന്നും കുട്ടി പറയുന്നു. വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള പരിശീലനം നൽകുന്നത് കൊണ്ടുള്ള പ്രയോജനത്തിൽ അഭിമാനം കൊള്ളുന്നതായും സ്മൃതി പറഞ്ഞു.
സംഭവം സംബന്ധിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ബിരുദധാരിയായ സങ്കൽപ് സ്മൃതിയുടെ ഏക സഹോദരനാണ്.



