ഇടുക്കി| മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും. ജില്ലാ ഭരണകൂടമാണ് ഈ സൂചന നല്‍കിയത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ ഡാം തുറക്കും എന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. സുരക്ഷയുടെ ഭാഗമായി പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ രാത്രി എട്ടു മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാമ്പുകള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു.
135 അടിക്ക് മുകളിലാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുള്ളതിനാല്‍ ജലനിരപ്പ് താഴാനും സാധ്യതയുണ്ട്. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് തമിഴ്നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
.
